അഭിനയം നിര്‍ത്തി ഗള്‍ഫില്‍ പോയാലോ എന്ന് മമ്മൂട്ടി ആലോചിച്ചിരുന്നു: ജൂബിലി ജോയ്
Entertainment news
അഭിനയം നിര്‍ത്തി ഗള്‍ഫില്‍ പോയാലോ എന്ന് മമ്മൂട്ടി ആലോചിച്ചിരുന്നു: ജൂബിലി ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th August 2023, 8:12 am

മമ്മൂട്ടി അഭിനയം നിര്‍ത്താന്‍ ആലോചിച്ച സമയത്താണ് ന്യൂദല്‍ഹി സിനിമയെടുത്തതെന്ന് നിര്‍മാതാവ് ജൂബിലി ജോയ്. അന്നത്തെ മമ്മൂട്ടിയുടെ മാര്‍ക്കറ്റ് വെച്ച് ലൊക്കേഷന്‍ കണ്ടെങ്കിലും ആളുകള്‍ പടത്തിന് കയറുമെന്ന പ്രതീക്ഷയില്‍ കൂടിയാണ് സിനിമയുടെ ചിത്രീകരണം ദല്‍ഹിയില്‍ വെച്ച് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജൂബിലി ജോയ്.

‘ഒരേ ടൈപ്പ് സിനിമകളെടുത്ത് വളരെ മോശമായ ഒരു അവസ്ഥയിലായിരുന്നു അക്കാലത്ത് മമ്മൂട്ടി. അഭിനയം നിര്‍ത്തി ഗള്‍ഫില്‍ പോകുകയാണെന്ന് പോലും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സിനിമയുടെ പോസ്റ്ററുകളില്‍ ചാണകം തേച്ചത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മോശം കാലഘട്ടമായിരുന്നു അത്.

അദ്ദേഹത്തെ പോലൊരു നടന്‍ സിനിമ ഉപേക്ഷിക്കുന്നു എന്ന് കേട്ടപ്പോള്‍ വ്യക്തിപരമായി എനിക്കത് വിഷമമുണ്ടാക്കി. കാരണം അദ്ദേഹത്തെ വെച്ച് സിനിമയെടുത്ത് ഞാന്‍ കുറേ പണമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇതുപോലൊരു അവസ്ഥ വരുമ്പോള്‍ അദ്ദേഹത്തെ ഉപേക്ഷിക്കുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി. നഷ്ടമുണ്ടായാലും കുഴപ്പമില്ല അദ്ദേഹത്തെ വെച്ച് ഒരു സിനിമകൂടിയെടുക്കാമെന്ന് ഞങ്ങള്‍ കരുതി. മമ്മൂട്ടിക്ക് പക്ഷെ ഇക്കാര്യം അറിയില്ല. അങ്ങനെയാണ് ന്യൂദല്‍ഹി പ്ലാന്‍ ചെയ്തത്.

ആ കഥ വേണമെങ്കില്‍ ബാംഗ്ലൂരില്‍ വെച്ചോ, ചെന്നൈയില്‍ വെച്ചോ, കൊച്ചിയില്‍ വെച്ചോ എടുക്കാമായിരുന്നു. പക്ഷെ ഞങ്ങളത് ദല്‍ഹിയിലേക്ക് തന്നെ മാറ്റി. കാരണം മലയാളത്തില്‍ കുറച്ച് പാട്ട് സീനുകളല്ലാതെ ദല്‍ഹിയില്‍ വെച്ച് സിനിമ ചിത്രീകരിച്ചിരുന്നില്ല.

ദല്‍ഹിയിലെ മനോഹാരിത കണ്ടപ്പോഴാണ് അവിടെ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചത്. അന്നത്തെ മമ്മൂട്ടിയുടെ മാര്‍ക്കറ്റ് വെച്ച് നോക്കുമ്പോള്‍ ലൊക്കേഷന്‍ കണ്ടെങ്കിലും ആളുകള്‍ സിനിമക്ക് കയറട്ടെ എന്നും ഞങ്ങള്‍ മനസില്‍ കരുതിയിരുന്നു,’ ജൂബിലി ജോയ് പറഞ്ഞു.

content highlights; Mammootty thought of quitting acting and going to the Gulf: Jubilee Joy