എഡിറ്റര്‍
എഡിറ്റര്‍
നിത്യാനന്ദ ഷേണായിയുടെ ഭാഷ ഒരു തടസ്സമാകില്ല; കാസര്‍ഗോഡന്‍ ഭാഷ പഠിക്കാന്‍ മമ്മൂട്ടി കാണിച്ച താത്പര്യം അത്ഭുതപ്പെടുത്തിയെന്ന് മമ്മൂട്ടിയെ കാസര്‍ഗോഡന്‍ ഭാഷ പഠിപ്പിച്ച ഷാജികുമാര്‍
എഡിറ്റര്‍
Tuesday 11th April 2017 7:32pm

കോഴിക്കോട്: പുത്തന്‍ പണത്തില്‍ മമ്മൂട്ടിയെത്തുന്നത് കാസര്‍ഗോഡുകാരന്‍ നിത്യാനന്ദ ഷേണായിയായാണ് എത്തുന്നത്. നാളെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സൃഷ്ടിച്ച പ്രകമ്പനം ഇനിയും അടങ്ങിയിട്ടില്ല. ചിത്രത്തിലെ കാസര്‍ഗോഡന്‍ ഭാഷയാണ് ഏവരേയും ആകര്‍ഷിച്ചതും അതേസമയം അമ്പരപ്പിച്ചതും. എന്നാല്‍ കാസര്‍ഗോഡന്‍ ഭാഷയോട് മമ്മൂട്ടി കാണിച്ച താല്‍പര്യം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ചിത്രത്തിന്റെ സംഭാഷണം രചിച്ച പി.വി ഷാജികുമാര്‍ പറയുന്നത്.

‘കാസര്‍ഗോഡ് വാമൊഴി മുഖ്യധാരയില്‍ പലപ്പൊഴും പരിഹസിക്കപ്പെടുന്ന ഒന്നാണ്. കാസര്‍ഗോഡ് എന്ന പ്രദേശംതന്നെ കേരളത്തില്‍ നിന്ന് ഒഴിവാക്കപ്പെടണമെന്ന മട്ടില്‍ പലരും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ കാസര്‍ഗോഡന്‍ ഭാഷയോട് മമ്മൂക്ക കാട്ടിയ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി. ഓരോ ചെറിയ വാക്കും പ്രയോഗവുമൊക്കെ ശ്രദ്ധാപൂര്‍വ്വം കേട്ടും പഠിച്ചും അതിന്റെ അര്‍ഥമറിഞ്ഞുമൊക്കെയുള്ള ആത്മാര്‍ഥമായ ശ്രമമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന്. അതൊരു വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഭാഷയുടെ വകഭേദങ്ങള്‍ എന്നൊക്കെ പറയുന്നത് സംസ്‌കാരത്തിന്റെ ഭാഗം തന്നെയല്ലേ? ഏതെങ്കിലും വാക്കോ പ്രയോഗമോ കേള്‍ക്കുമ്പോള്‍ ഒരിക്കല്‍പ്പോലും അദ്ദേഹം അതിനെ പരിഹസിച്ചിട്ടില്ല. കാസര്‍ഗോഡന്‍ ഭാഷ പറയുന്നതില്‍ മമ്മൂക്ക വിജയിച്ചിട്ടുണ്ട്. സന്തോഷം.’ സൗത്ത് ലൈവിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാജികുമാര്‍ മനസ്സു തുറന്നത്.

പൂര്‍ണമായും കാസര്‍ഗോഡ് ഭാഷയില്‍ ഒരു മമ്മൂട്ടി കഥാപാത്രം ആദ്യമായി സംസാരിക്കുന്നത് ഈ സിനിമയിലായിരിക്കും. നിത്യാനന്ദ ഷേണായിയുടെ സംസാരം പ്രേക്ഷകര്‍ക്ക് വളരെ ഫ്രെഷ് ആയ ഒരു അനുഭവമായിരിക്കുമെന്നാണ് വിശ്വാസമെന്നും ഷാജികുമാര്‍ പറയുന്നു. പൊതുമലയാളത്തിന് അപരിചിതമായ വാക്കുകളൊക്കെയുണ്ട് ചിത്രത്തിലെന്നും അര്‍ഥമെന്താണെന്ന അന്വേഷണവും കൗതുകവുമൊക്കെ പ്രേക്ഷകര്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന പ്രയോഗങ്ങളായിരിക്കും അവയെന്നും അദ്ദേഹം ഉറപ്പു നല്‍കുന്നു.


Also Read: ജിയോ ഉപഭോക്താക്കാള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; ജിയോ പ്രഖ്യാപിക്കാനിരുന്ന പുതിയ പ്ലാനുകള്‍ ചോര്‍ന്നു; പ്രൈം അംഗത്വമില്ലാത്തവര്‍ക്കും ഓഫറുകളുടെ പെരുമഴക്കാലം


മമ്മൂക്കയെ കൂടാതെ അദ്ദേഹത്തിനൊപ്പമുള്ള നാലഞ്ച് കഥാപാത്രങ്ങള്‍ കാസര്‍ഗോഡ് ഭാഷയാണ് സംസാരിക്കുന്നത്. കാസര്‍ഗോഡ് കുമ്പള സ്വദേശിയായ, ഗോവയില്‍ സെറ്റില്‍ഡ് ആയ നിത്യാനന്ദ ഷേണായ് എന്ന ഒരു കള്ളക്കടത്തുകാരന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കാഞ്ഞങ്ങാട് ഉപയോഗത്തിലുള്ളതല്ല, കാസര്‍ഗോഡ് ഭാഷ തന്നെയാണ് മമ്മൂട്ടി സംസാരിക്കുന്നത്. എന്തായാലും നിത്യാനന്ദ ഷേണായിയുടെ ഭാഷ ഒരു തടസ്സമാകില്ലെന്നാണ് ഷാജികുമാര്‍ നല്‍കുന്ന ഉറപ്പ്.

Advertisement