ലോ കോളേജില്‍ നിന്ന് നേരെ പൈലി ചേട്ടായിയെ കൊന്നവനെ തീര്‍ത്തിട്ട് തിരിച്ചു അഞ്ഞൂറ്റി തറവാട്ടില്‍ എത്തിയ മൈക്കിള്‍; വൈറലായി ഭീഷ്മ സ്റ്റില്‍
Film News
ലോ കോളേജില്‍ നിന്ന് നേരെ പൈലി ചേട്ടായിയെ കൊന്നവനെ തീര്‍ത്തിട്ട് തിരിച്ചു അഞ്ഞൂറ്റി തറവാട്ടില്‍ എത്തിയ മൈക്കിള്‍; വൈറലായി ഭീഷ്മ സ്റ്റില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th March 2022, 3:44 pm

മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം ഉണ്ടാക്കിയ തരംഗം ഇപ്പോഴും കെട്ടിട്ടില്ല. റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഭീഷ്മ പര്‍വ്വത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിലെ പാട്ടിന്റെ വീഡിയോയും മേക്കിംഗ് വീഡിയോയുമെല്ലാം പുറത്ത് വിട്ടിരുന്നു. ഈ വീഡിയോകളെല്ലാം പുറത്ത് വന്നതിന് പിന്നാലെ യൂട്യൂബില്‍ ട്രെന്‍ഡിംഗാവുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

അങ്ങനെ പുറത്ത് വന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് സ്‌കോറായ ബി നൊട്ടോറിയസിന്റെ ലിറിക്കല്‍ വീഡിയോ മാര്‍ച്ച് 19 ന് റിലീസ് ചെയ്യുമെന്ന പോസ്റ്റ് കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ചിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ചെറുപ്പകാലം കാണിക്കുന്ന ഒരു സ്റ്റില്ലാണ് ഇതിനൊപ്പം പോസ്റ്റ് ചെയ്തിരുന്നത്.

കേന്ദ്ര കഥാപാത്രമായ മൈക്കിളിന്റെ കോളേജ് കാലഘട്ടത്തിലെ ലുക്കായിരുന്നു ഇത്. പ്രേക്ഷകര്‍ക്ക് വ്യക്തമാകാത്ത രീതിയില്‍ വളരെ കുറച്ച് നേരം മാത്രമായിരുന്നു ഈ രംഗം ചിത്രത്തിലുണ്ടായിരുന്നത്. ലോ കോളേജില്‍ നിന്ന് നേരെ പൈലി ചേട്ടായിയെ കൊന്നവനെ തീര്‍ത്തിട്ട് തിരിച്ചു അഞ്ഞൂറ്റി തറവാട്ടില്‍ എത്തിയ മൈക്കിളിനെ ഒരു മിന്നല്‍ വെളിച്ചത്തില്‍ മാത്രമാണ് തിയേറ്ററില്‍ കണ്ടത്.

ചേട്ടനായ മത്തായി മൈക്കിളിന്റെ ഫ്‌ളാഷ് ബാക്ക് പറയുന്ന രംഗത്തിലാണ് സെക്കന്റ് മാത്രം കാണിച്ച ഈ ഷോട്ട് വന്നത്. ഷോട്ടിന് പശ്ചാത്തലമായി വരുന്ന മത്തായിയുടെ ഡയലോഗാണ് പലരും ചിത്രം പങ്ക് വെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘പണ്ട് പൈലി ചേട്ടായിക്കിട്ട് കൊച്ചേരിക്കാര് പണിതപ്പോ ലോ കോളേജീന്ന് വന്ന മൈക്കിള്‍, ചേട്ടായീടെ ശവമെടുപ്പ് കഴിഞ്ഞു അലിയെയും കൂട്ടി ആരോടും പറയാതെ ഒറ്റ പോക്കായിരുന്നു കോച്ചേരി തറവാട്ടിലേക്ക്. നേരം വെളുക്കും മുമ്പ് പൈലി ചേട്ടായിയെ തട്ടിയ രണ്ട് കോച്ചേരിക്കാര് പിള്ളേരുടെ തല കൊച്ചീ കായലില്‍ പൊന്തി. പണീം കഴിഞ്ഞു ചോരയില്‍ കുളിച്ചു അപ്പന് മുന്‍പില്‍ വന്നു നില്‍ക്കുന്ന മൈക്കിളിനെ എനിക്ക് ഇപ്പളും നല്ല ഓര്‍മ്മയുണ്ടെടാ. ആ മൈക്കിളിനെ കണ്ടിരുന്നെങ്കിലെ നീയൊന്നും വായ തുറക്കില്ലായിരുന്നു,’ എന്ന മത്തായിയുടെ വരികളില്‍ മാത്രമായിരുന്നു മൈക്കിളിന്റെ ഫ്‌ളാഷ് ബാക്ക് ചിത്രത്തില്‍ കാണിച്ചിരുന്നത്.

ഇരുട്ടില്‍ ഒരു മിന്നല്‍ വെളിച്ചത്തില്‍ വന്ന അമല്‍ നീരദിന്റെ ഈ ഷോട്ട് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരുന്നു. മമ്മൂട്ടിയുടെ പോസ്റ്റിന് പിന്നാലെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മമ്മൂട്ടിയുടെ പോസ്റ്റിന് താഴെയും നിരവധി ആരാധകരാണ് കമന്റുമായെത്തിയത്. എന്തായാലും മാര്‍ച്ച് 19 ന് റിലീസ് ചെയ്യുന്ന ബി നൊട്ടോറിടയിസിന്റെ ലിറിക്കല്‍ വീഡിയോക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഭീഷ്മ പര്‍വ്വത്തിന്റെ ആസ്വാദനത്തില്‍ സുഷിന്‍ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് വലിയ പങ്കു വഹിച്ചിരുന്നു. മാര്‍ച്ച് മൂന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്.


Content Highlight: MAMMOOTTY STIL IN BHEESHMA BECAME VIRAL