പുതിയ ലുക്കില്‍ മമ്മൂട്ടി, പഴനിയില്‍ ഷൂട്ടിംഗ് പുരോഗമിച്ച് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം; ലൊക്കേഷന്‍ ചിത്രങ്ങള്‍
Entertainment news
പുതിയ ലുക്കില്‍ മമ്മൂട്ടി, പഴനിയില്‍ ഷൂട്ടിംഗ് പുരോഗമിച്ച് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം; ലൊക്കേഷന്‍ ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st December 2021, 2:44 pm

പഴനി: മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. തമിഴ്‌നാട്ടില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം ഇപ്പോള്‍ പഴനിയിലാണ് ചിത്രീകരിക്കുന്നത്. പുതിയ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. മുഖത്ത് കരി പുരണ്ട്, കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

ചിത്രീകരണത്തിനിടെ ആരാധകരും ചില അണിയറ പ്രവര്‍ത്തകരും എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നാല്‍പ്പത് ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളില്‍ സിനിമ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിലെ ഭാഗങ്ങള്‍ തീര്‍ത്ത ശേഷം മമ്മൂട്ടി സി.ബി.ഐ സീരിസിന്റെ അഞ്ചാം ഭാഗത്തില്‍ ജോയിന്‍ ചെയ്യും. എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്നുണ്ട്.

മമ്മൂട്ടി കമ്പനിയെന്ന ബാനറില്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ മുവി മൊണാസ്ട്രിയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ക്യാമറ.

പുഴു, ഭീഷ്മ പര്‍വ്വം, സി.ബി.ഐ സിരീസിലെ അഞ്ചാം ചിത്രം, നിസാം ബഷീറിന്റെ പുതിയ ചിത്രം, ‘മാമാങ്ക’ത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍.

അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം\

Mammootty Lijo movie ‘Nan Pakal Nerathu mayakkam’ location picture out