Administrator
Administrator
ലൗഡ് സ്പീക്കര്‍ – നമുക്ക് ഓര്‍മ്മകളിലേക്ക് മടങ്ങാം..
Administrator
Thursday 1st October 2009 9:56am

സിനിമ/ ടി.എം നവീന്‍

mammotyജയരാജിന്റെ സിനിമകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അതിലൊന്ന് വാവച്ചനെപ്പോലുള്ള ചില നടന്മാരാണ്. കരുണത്തിലെ വയസനായ ചാക്കോച്ചനെ അവതരിപ്പിച്ച വാവച്ചന്‍ ജയരാജിന്റെ എല്ലാ സിനിമകളിലും ഏതെങ്കിലും ഒരു ചെറിയ റോളില്‍ കാണാം. അതുപോലെത്തന്നെയാണ് അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും തനിക്കാവശ്യമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതും. ഫോര്‍ ദി പീപ്പിള്‍ പോലൊരു ഹിറ്റ് സിനിമയെടുത്തത് നിറയെ പുതുമുഖതാരങ്ങളെ വെച്ചാണെന്നോര്‍ക്കുക. ഹിറ്റ്‌സിനിമകളെടുത്ത് ഇന്റസ്ട്രിയില്‍ നിറഞ്ഞു നിന്ന ഒരു സംവിധായകനെ ഗുല്‍മോഹറിലൂടെ മികച്ച അഭിനേതാവായി ഒറ്റ രാത്രി കൊണ്ട് മാറ്റിയതും ജയരാജാണ്. അതേ ഗണത്തില്‍ത്തന്നെ പെടുത്താം ജയരാജിന്റെ പുതിയ ചിത്രമായ ലൗഡ്‌സ്പീക്കറിലെ മേനോന്‍ എന്ന കഥാപാത്രത്തെ. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മൈക്കിനൊപ്പം(മമ്മൂട്ടി) മുഴുവന്‍ സീനുകളിലും നിറഞ്ഞു നില്‍ക്കുന്ന മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഏഷ്യാനെറ്റിന്റെ സ്ഥാപക ഡയറക്ടര്‍ ശശികുമാറാണ്. ജയരാജിന് പിഴച്ചില്ല. മമ്മൂട്ടിക്കൊപ്പം തന്നെ പിടിച്ചു നിന്ന അഭിനയമായിരുന്നു ശശികുമാറിന്റേത്. ‘ലൗഡ് സ്പീക്കര്‍’ നമ്മുടെയെല്ലാം ഓര്‍മ്മകളിലേക്കൊരു മടങ്ങിപ്പോക്കാണ്. നാട്ടിലേക്ക് വീട്ടുകാരിലേക്ക് പുഴക്കരയിലേക്ക് പ്രണയത്തിലേക്ക് ചെറുപ്പത്തിലേക്ക്, ഓര്‍മ്മകളിലേക്ക്.. വര്‍ത്തമാകാലത്തിന്റെ ശ്വാസം മുട്ടിക്കുന്ന ഒറ്റമുറി ഫ്‌ളാറ്റ് സംസ്‌കാരത്തിന്റെ കോലാഹലങ്ങളില്‍ നിന്നും ശുദ്ധവായു ശ്വസിക്കാവുന്ന നാട്ടിന്‍പുറത്തിന്റെ നന്മകളിലേക്കുള്ള ഒരു മടങ്ങിപ്പോക്ക്.

കടത്തില്‍പ്പെട്ട തന്റെ ഭൂമി സ്വന്തമാക്കാനുള്ള പണത്തിനു വേണ്ടിയാണ് മൈക്ക് എന്നു വിളിക്കുന്ന ഫിലിപ്പോസ് വൃക്ക വില്‍ക്കാന്‍ തയ്യാറാവുന്നത്. 46 വര്‍ഷം അമേരിക്കയില്‍ താമസിച്ചതിനു ശേഷം വൃക്കരോഗം കാരണം തിരിച്ചെത്തിയ മേനോന്‍ എന്ന ശാസ്ത്രജ്ഞനാണ് ഏജന്റുകള്‍ വഴി മൈക്ക് വൃക്ക വിറ്റത്. ഓപറേഷന് പിന്നെയും സമയമുള്ളതിനാല്‍ അതുവരെ മേനോന്റെ ഫ്‌ളാറ്റില്‍ താമസിക്കാന്‍ മൈക്ക് നിര്‍ബന്ധിതനാവുന്നു. ഉറക്കെ സംസാരിക്കുന്നതു കൊണ്ടാണ് ഫിലിപ്പോസിന് മൈക്കെന്ന പേരു വീഴുന്നത്. തന്റെ നാടിന്റെയും അഛന്റെയും ഒരു കടുത്ത ആരാധകനാണ് അയാള്‍. പോവുന്നയിടത്തെല്ലാം നാടായ തോപ്രാംക്കുടിയെക്കുറിച്ചും അഛനായ വര്‍ക്കിയെക്കുറിച്ചുമുള്ള കഥകള്‍ പറയാനേ അയാള്‍ക്ക് നേരമുള്ളൂ. ഇയാള്‍ക്ക് കൂട്ടായി പണ്ട് അഛന്‍ വാങ്ങിയ ഒരു റേഡിയോയുമുണ്ട്. എന്നാല്‍ ഉറക്കെയുള്ള മൈക്കിന്റെ കഥ പറച്ചില്‍ ഫ്‌ളാറ്റിലെ പലര്‍ക്കും അലോസരമുണ്ടാക്കുന്നു.

തനി നാട്ടിന്‍പുറത്തുകാരനായ അയാള്‍ക്ക് ഫ്‌ളാറ്റിലെ അടച്ചു പൂട്ടിയ ജീവിതം ഇഷ്ടപ്പെടുന്നില്ല. തഴപ്പായില്‍ ഉറങ്ങിയും ഉള്ളിച്ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ചും ഫ്‌ളാറ്റിനു മുകളില്‍ ചെടികള്‍ നട്ടുമെല്ലാം അയാള്‍ അവിടെ ഒരു നാട്ടിന്‍പുറത്തുകാരന്റെ ജീവിതമാണ് സമാന്തരമായി നയിച്ചു വന്നത്. എന്നാല്‍ ഇത് പലര്‍ക്കും അലോസരമുണ്ടാക്കുന്നു. ശീലങ്ങളില്‍ നിന്നും മാറാന്‍ തയ്യാറാകാതെ ത്തന്നെ നിന്ന മൈക്ക് സാവധാനം നിഷ്‌ക്കളങ്കമായ മനസ്സുകൊണ്ട് ഫ്‌ളാറ്റിലെ എല്ലാവരുടെയും പ്രിയ്യപ്പെട്ടവനാകുന്നു. ആദ്യമൊക്കെ ഒരു ശല്യക്കാരന്‍ എന്നു തോന്നിയെങ്കിലും പതുക്കെ മേനോനും മൈക്ക് പ്രിയ്യപ്പെട്ടവനായി മാറുന്നു. മേനോനെ എല്ലായിപ്പോഴും വേട്ടയാടിയിരുന്ന ഭൂതകാലത്തിന്റെ ചില മുറിവുകളില്‍ നിന്നും മുക്തനാക്കുന്നതും മൈക്കാണ്. മേനോന്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന പലതും മൈക്ക് തിരിച്ചു കൊടുക്കുന്നു. പക്ഷേ മറ്റൊരു വഴിയിലൂടെ മൈക്കിന്റെ സ്വപ്നങ്ങളെല്ലാം കൈവിട്ടു പോവുന്നുണ്ടായിരുന്നു..

വാണിജ്യതന്ത്രവും സമാന്തര സിനിമയുടെ ചേരുവകളും സംയുക്തമായി ചേര്‍ത്ത് മാജിക് കാണിക്കുന്ന ജയരാജിന്റെ സിനിമാസൂത്രം നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. ‘ലൗഡ്‌സ്പീക്കറി’ലും അതു തന്നെയാണ് പ്രേക്ഷകന് കാണാനാവുക. ചിത്രം തുടങ്ങി ഒന്നരമണിക്കൂറോളം മമ്മൂട്ടി, ജഗതി, ഹരിശ്രീ അശോകന്‍, സുരാജ്, സലിംകുമാര്‍, ഉണ്ടപക്രു സംഘത്തിന്റെ ഹാസ്യവും മാഫിയ ശശി സംവിധാനം ചെയ്ത ഒരു നല്ല സ്റ്റണ്ടും അനില്‍പനച്ചൂരാന്റെ വരികളുള്ള പാട്ടുമെല്ലാമായി കുറേ കൊമേഴ്‌സ്യല്‍ സാധ്യതകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒന്നോ രണ്ടോ മിനിറ്റ് പ്രേക്ഷകന് ചിലപ്പോള്‍ ബോറടിച്ചേക്കാം. എന്നാല്‍ ചിത്രത്തിന്റെ ആകെത്തുകയെ അത് ബാധിക്കുന്നില്ല.

loudspeaker-in-mammootty-2അവസാനഭാഗങ്ങളില്‍ വളരെ ലളിതമായ ചില കാഴ്ചകളാണുള്ളത്. എന്നാല്‍ മമ്മൂട്ടിയുടെയും ശശികുമാറിന്റെയും അഭിനയവും ജയരാജിന്റെ സംവിധാന പാടവവും ഗുണശേഖരന്റെ ക്യാമറയും ചേര്‍ന്ന് മനോഹരമായ ഒരു ക്ലൈമാക്‌സാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ആവേശം നിറഞ്ഞ ഡയലോഗുകളും വൃത്തിയില്ലാത്ത ഹാസ്യവുമൊന്നുമില്ലാതെ അടുക്കും ചിട്ടയുമുള്ള തിരക്കഥയായിരുന്നു ജയരാജിന്റേത്. പുതുമുഖത്തിന്റെ അങ്കലാപ്പുകളില്ലാതെ അത്ഭുതപ്പെടുത്തുന്ന അഭിനയമായിരുന്നു ശശികുമാറിന്റേത്. മേനോന്‍ എന്ന കഥാപാത്രത്തിന് അദ്ദേഹത്തേക്കാള്‍ മികച്ച വേറൊരാളെ കിട്ടില്ലെന്നു വരെ പ്രേക്ഷകന് തോന്നിയേക്കാം. മൈക്കായി മമ്മൂട്ടിയും മികച്ചു നിന്നു. ഭൂതവും ആക്രിമുതലാളിയുമൊക്കെയായി പരാജയപ്പെട്ട് അവസാനം സാധാരണക്കാരനായി മാറിയുള്ള മമ്മൂട്ടിയുടെ അഭിനയം തന്നെ പ്രേക്ഷകന് ആശ്വാസം പകരും. പട്ടണത്തില്‍ ഭൂതത്തേക്കാള്‍ കുട്ടിപ്രേക്ഷകരെ കൈയിലെടുക്കാന്‍ സാധാരണക്കാരനായാല്‍ മതിയെന്നും ലൗഡ്‌സ്പീക്കര്‍ തെളിയിച്ചു.കുറേ കഥാപാത്രങ്ങളെ അതും ചലച്ചിത്ര രംഗത്തെ പ്രഗത്ഭരെ ഉപയോഗപ്പെടുത്തേണ്ട വിധം ഉപയോഗിച്ച് സിനിമാവിമര്‍ശകരുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുത്താനും ജയരാജിന് കഴിഞ്ഞു. പക്ഷേ ലഗാനിലെ ഗ്രാമീണ പെണ്‍കുട്ടിയായ ഗ്രേസി സിങ് ലൗഡ് സ്പീക്കറില്‍ നായകന്റെ അടുത്ത് അല്പനേരം നിന്നു പോകുന്ന ഒരു കഥാപാത്രമായിപ്പോയി. പക്ഷേ നഴ്‌സായുള്ള തന്റെ അഭിനയം മലയാളിത്തത്തോടെത്തന്നെ ഗ്രേസി പ്രതിഫലിപ്പിച്ചു.

ചിത്രത്തില്‍ അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ബിജിലാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഇതിനോടകം കഴിവു തെളിയിച്ച ഈ രണ്ട് കലാകാരന്മാരെയും ചിത്രത്തിലെ ഗാനങ്ങളുടെ പേരില്‍ വിമര്‍ശിക്കാന്‍ ഒരിടപോലും ലഭിക്കില്ല. ചില നിമിഷങ്ങളില്‍ മേനോന്റെ വര്‍ത്തമനാകാലത്തില്‍ നിന്നും ഓര്‍മ്മകളിലേക്കുള്ള യാത്രകള്‍ മികവുറ്റ രീതിയില്‍ എഡിറ്റ് ചെയ്തതിനാണ് വിജയ്ശങ്കറിനെ അഭിനന്ദിക്കേണ്ടത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ലാളിത്യമുള്ള ഒരു നാടന്‍ എന്നാല്‍ നഗരത്തിന്റെ ചില ചേരുവകളുമായി ഒരു ചിത്രമാണ് ജയരാജ് ഒരുക്കിയിരിക്കുന്നത്. സ്വസ്ഥമായ ചില കാഴ്ചകള്‍ മനസില്‍ നിറച്ച് പ്രേക്ഷകന് തിയ്യേറ്റര്‍ വിടാനാകും, ഉറപ്പ്.

Advertisement