എഡിറ്റര്‍
എഡിറ്റര്‍
മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പൊട്ടിത്തെറിച്ച് താരങ്ങള്‍; നിശബ്ദരായി മമ്മൂട്ടിയും മോഹന്‍ലാലും
എഡിറ്റര്‍
Thursday 29th June 2017 4:54pm

കൊച്ചി: മലയാളം സിനിമാ താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. മുകേഷും ഗണേഷ് കുമാറും മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യമായിരുന്നു താരങ്ങളെ ചൊടിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പൊട്ടിത്തെറിക്കാന്‍ മാത്രമല്ല, കൂവി വിളിക്കാനും താരങ്ങള്‍ മുതിര്‍ന്നു.

ചില താരങ്ങളുടെ പൊട്ടിത്തെറി പോലെ തന്നെ ശ്രദ്ധേയമായിരുന്നു യോഗത്തിനു ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പാലിച്ച നിശബ്ദതയും. മറ്റ് താരങ്ങള്‍ പൊട്ടിത്തെറിച്ചതോടെ യോഗം ബഹളമയമായറുകയായിരുന്നു. എന്നാല്‍ ബഹളം നിയന്ത്രിക്കാനോ പ്രതികരിക്കാനോ ഇരുവരും തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.

ദിലിപീനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപിനെ മാത്രമല്ല അമ്മയിലെ ഒരംഗങ്ങളെയും ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.


Also Read: ‘ഇന്ത്യയില്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പശുവിന്റെ മാസ്‌ക് ധരിക്കൂ’; വനിതാ ഫോട്ടോഗ്രാഫറുടെ ക്യാംപെയിന്‍ ലോകശ്രദ്ധ നേടുന്നു; ചിത്രങ്ങള്‍ കാണാം


വാര്‍ത്താ സമ്മേളനത്തില്‍ കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം താരങ്ങളെ പ്രകോപിപ്പിച്ചു. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ് നടന്‍ മുകേഷ് മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ചര്‍ച്ചയായോ, നടിയ്ക്കെതിരെ ചില താരങ്ങള്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം ചര്‍ച്ചയായോ തുടങ്ങിയ ചോദ്യങ്ങളാണ് അമ്മ ഭാരവാഹികളെ പ്രകോപിപ്പിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ചര്‍ച്ചയായില്ല എന്നാണ് അമ്മ അറിയിച്ചത്. ഈ വിഷയത്തില്‍ അംഗങ്ങള്‍ക്ക് എന്തെങ്കിലും അറിയിക്കാനുണ്ടോയെന്ന് താന്‍ ചോദിച്ചതാണെന്നും ആരും വിഷയം യോഗത്തില്‍ ഉന്നയിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാതിരുന്നതെന്നുമാണ് ഗണേഷ് കുമാര്‍ നല്‍കിയ വിശദീകരണം.

ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ സലിംകുമാറും ദിലീപും നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായോ എന്ന ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചാണ് മുകേഷ് സംസാരിച്ചത്. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.

Advertisement