സിനിമയില്‍ അഭിനയിക്കുന്നവരാണെന്ന് കരുതി; കളക്ടര്‍ നല്ല ബെസ്റ്റ് മലയാളിയാണ്: മമ്മൂട്ടി
Entertainment news
സിനിമയില്‍ അഭിനയിക്കുന്നവരാണെന്ന് കരുതി; കളക്ടര്‍ നല്ല ബെസ്റ്റ് മലയാളിയാണ്: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th January 2023, 4:40 pm

ഗായകന്‍ കെ.ജെ യേശുദാസിന്റെ എണ്‍പത്തി മൂന്നാം പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ ദാസേട്ടന്‍ അറ്റ് എണ്‍പത്തിമൂന്ന് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു.

മമ്മൂട്ടി അടക്കമുള്ള നിരവധി വ്യക്തികള്‍ പരിപാടിയില്‍ എത്തുകയും യേശുദാസിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ പരിപാടിക്കിടെ കളക്ടര്‍ രേണു രാജിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

കളക്ടര്‍ വളരെ മനോഹരമായാണ് മലയാളം സംസാരിച്ചതെന്നും മലയാളിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും വേദിയില്‍ വെച്ച് മമ്മൂട്ടി പറഞ്ഞു. കളക്ടര്‍ വെറും മലയാളിയല്ലെന്നും നല്ല ബെസ്റ്റ് മലയാളിയാണെന്നും അദ്ദേഹം പറഞ്ഞു.

‘കളക്ടര്‍ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാന്‍ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടര്‍. വളരെ മനോഹരമായാണ് സംസാരിച്ചത്. ഇങ്ങനെ ഒരാള്‍ കളക്ടറായി വന്നതില്‍ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്.

ഞാന്‍ ഇവിടെ ചോദിക്കാന്‍ നില്‍ക്കുകയായിരുന്നു, നമ്മള്‍ അറിയാത്ത സിനിമയില്‍ അഭിനയിക്കുന്ന ആരെങ്കിലും ആണോയെന്ന്. ഇവിടെ വന്ന് ഇരുന്നപ്പോള്‍ മനോജ് കെ. ജയന്‍ പറഞ്ഞപ്പോഴാണ് കളക്ടര്‍ ആണെന്ന് അറിയുന്നത്. ഞാന്‍ അതിന് സോറി പറയുകയാണ്. ഇത് വളരെ സത്യസന്ധമായ കാര്യമാണ്,” മമ്മൂട്ടി പറഞ്ഞു.

 

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ജനുവരി 19ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായിട്ടാണ് മമ്മൂട്ടി നന്‍പകലിലെത്തുന്നത്.

content highlight: mammootty about collector