സോനാരേ ഇനി സൂര്യയോടൊപ്പം; തമിഴിലേക്ക് ചുവട് വെക്കാനൊരുങ്ങി മമിത
Film News
സോനാരേ ഇനി സൂര്യയോടൊപ്പം; തമിഴിലേക്ക് ചുവട് വെക്കാനൊരുങ്ങി മമിത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th March 2022, 10:49 am

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തില്‍ മലയാളികള്‍ ഏറ്റവുമധികം ശ്രദ്ധിച്ച താരമാണ് മമിത ബൈജു. സോനാ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മമിത ഇനി തമിഴിലേക്ക് ചുവട് വെക്കാനൊരുങ്ങുകയാണ്.

20 വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിലാണ് മമിത അഭിനയിക്കുന്നത്. മമിത സിനിമയുടെ ഭാഗമായ വിവരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

‘മമിത ബൈജുവും സൂര്യ41ല്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. ചാമിംഗ് ആന്‍ഡ് ടാലന്റഡ് ആയ മമിതയെ ഒപ്പം കൂട്ടാന്‍ സാധിച്ചതില്‍ സന്തോഷം,’ എന്നാണ് മമിതയുടെ ചിത്രം പങ്കുവെച്ച് ടൂഡി എന്‍ര്‍ടെയ്ന്‍മെന്റ്‌സ് ട്വിറ്ററില്‍ കുറിച്ചത്.

കൃതി ഷെട്ടിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ജി.വി പ്രകാശ് ചിത്രത്തിന്റെ സംഗീതസവിധാനം നിര്‍വഹിക്കും. ടൂഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജ്യോതികയാണ് ചിത്രം നിര്‍മിക്കുന്നത്.

പിതാമഹന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സൂര്യ41. വെട്രിമാരന്റെ വടിവാസലിലാണ് സൂര്യ ഇനി അഭിനയിക്കാനിരിക്കുന്നത്. അവസാനമിറങ്ങിയ ചിത്രം എതിര്‍ക്കും തുനിന്തവന്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Content Highlight: Mamita baiju will be seen in an untitled film starring Surya directed by Bala