എഡിറ്റര്‍
എഡിറ്റര്‍
ജനങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ തയ്യാര്‍; ഭീഷണിക്ക് വഴങ്ങില്ലെന്ന് മമത
എഡിറ്റര്‍
Thursday 20th June 2013 12:30am

മമത ബാനര്‍ജി- Mamata Banarjee

കൊല്‍ക്കത്ത: ജനങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ തയാറാണെന്നും എന്നാല്‍ യാതൊരു വിധ ഭീഷണികള്‍ക്കും മുന്നില്‍ വഴങ്ങില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

സി.പി.ഐ.എമ്മാണ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നത്.  കേന്ദ്ര സര്‍ക്കാറും തന്റെ ജീവന് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് നടക്കാന്‍ പോകുന്നില്ലെന്നും മമത പറഞ്ഞു.

Ads By Google

സി.പി.ഐ.എം, കോണ്‍ഗ്രസ്, മാവോവാദികള്‍ എന്നിവരുമായി ചേര്‍ന്ന് മുന്‍നിരയിലുള്ള മാധ്യമ സ്ഥാപനം തന്നെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതായി പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൊലീസുകാരാണ് ഗൂഢാലോചന തന്നെ അറിയിച്ചതെന്നും പാര്‍ട്ടി റാലിയില്‍ സംസാരിക്കവേ മമത പറഞ്ഞു.

കാംദുനി ഗ്രാമത്തില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ നേരിട്ട പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ആരോപണം.

തിങ്കളാഴ്ച തനിക്കെതിരെ പ്രതിഷേധം നടന്നിട്ടില്ലെന്നും ചില സി.പി.ഐ.എം ഗുണ്ടകളും മാവോയിസ്റ്റുകളും യോഗം അലങ്കോലമാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.

അതേസമയം സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം വ്യാപകമായ പശ്ചാത്തലത്തില്‍ ബംഗാളിലെ സാംസ്‌കാരികലോകം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

സര്‍ക്കാറിനെതിരെ വെള്ളിയാഴ്ച കൊല്‍ക്കത്ത കോളേജ് സ്‌ക്വയറില്‍ പ്രതിഷേധറാലി സംഘടിപ്പിക്കാനാണ് പ്രമുഖ സാംസ്‌കാരികപ്രവര്‍ത്തകരുടെ തീരുമാനം.

പ്രശസ്ത എഴുത്തുകാരി മഹാശ്വേതാദേവി, വിഖ്യാത സംവിധായകന്‍ മൃണാള്‍സെന്‍, നടന്‍ സൗമിത്ര ചാറ്റര്‍ജി, അശോക് മുഖോപാധ്യായ, സബ്യസാചി ചക്രവര്‍ത്തി, സംവിധായിക അപര്‍ണസെന്‍, എഴുത്തുകാരായ ശങ്കോഘോഷ്, ശീര്‍ഷേന്ദു മുഖോപാധ്യായ, നബനീതാദേവ് സെന്‍, തരുണ്‍സന്യാല്‍, സുചിത്രാ ഭട്ടാചാര്യ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.

ബരാസത്തില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് ചൊവ്വാഴ്ച മമതാ ബാനര്‍ജി സന്ദര്‍ശിച്ചിരുന്നു. മമതയോട് പരാതിപ്പെടാന്‍ എത്തിയ നാട്ടുകാരോട് മമത ക്ഷോഭത്തോടെയാണ് പ്രതികരിച്ചത്.

നിങ്ങള്‍ സി.പി.എമ്മുകാരാണെന്നും വായടയ്ക്കൂവെന്നും വിളിച്ചുപറഞ്ഞ അവര്‍ എന്തിനാണ് തന്നെ ഈ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് സ്ഥലം എം.പി.യോട് രോഷത്തോടെ ചോദിക്കുകയും ചെയ്തു. ആറ് മിനിറ്റ് മാത്രമാണ് മമത കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ ചെലവഴിച്ചത്.

മമതയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തിയവരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ആക്ഷേപമുണ്ട്. മമതയോട് രോഷത്തോടെ പ്രതികരിച്ച പെണ്‍കുട്ടിയുടെ വീട്ടിലാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു ഈ കുട്ടി. മമതയെ അപമാനിച്ചതിന് പരസ്യമായി മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ ഗുരുതരപ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് ഭീഷണി.

Advertisement