ജാതി സെൻസസ്; 'ഇന്ത്യ'യുമായി സമവായത്തിലെത്താതെ തൃണമൂൽ കോൺഗ്രസ്‌
national news
ജാതി സെൻസസ്; 'ഇന്ത്യ'യുമായി സമവായത്തിലെത്താതെ തൃണമൂൽ കോൺഗ്രസ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th September 2023, 9:17 am

കൊൽക്കത്ത: രാജ്യമൊട്ടാകെ ജാതി സെൻസസ് നടപ്പിലാക്കണമെന്ന ആവശ്യവുമായി ഇന്ത്യ മുന്നണി മുന്നോട്ട് പോകുമ്പോൾ ഇതിനെതിരെയുള്ള നിലപാടിൽ തുടരുകയാണ് സഖ്യകക്ഷിയായ തൃണമൂൽ കോൺഗ്രസ്‌.
ജാതി സെൻസസിനെ പിന്തുണക്കാൻ മുന്നണിയിൽ നിന്ന് സമ്മർദമേറിയ സാഹചര്യത്തിൽ പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി കൂടിയാലോചിക്കാൻ ഒരുങ്ങുകയാണ് തൃണമൂൽ നേതാക്കൾ. നിലവിൽ സംസ്ഥാനത്തിന് വേണ്ടിയുള്ള നിക്ഷേപ ആവശ്യങ്ങൾക്കായി സ്പെയിനിലാണ് മമത.

സെപ്റ്റംബർ 13ന് ദൽഹിയിൽ നടന്ന ഇന്ത്യ മുന്നണി കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ, ബി.ജെ.പിയുടെ ഹിന്ദുത്വ സമീപനത്തിനെ എതിർക്കാൻ ജാതി സെൻസസ് മുന്നോട്ട് വെക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരുന്നു. ഈ യോഗത്തിൽ തൃണമൂൽ പങ്കെടുത്തിരുന്നില്ല. പാനലിൽ ഉണ്ടായിരുന്ന അഭിഷേക് ബാനർജി ഈ ദിവസം സ്കൂൾ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യുന്നതിന് ഇ.ഡിക്ക് മുമ്പിൽ ഹാജരായിരുന്നു.

ആഗസ്റ്റ് 31, സെപ്റ്റംബർ 1 ദിവസങ്ങളിൽ ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിൽ ജാതി സെൻസസിന് പാർട്ടികൾ അനുകൂലം വ്യക്തമാക്കിയിരുന്നു. എന്നാൽ മമത വിഷയത്തിൽ തന്റെ സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. സെപ്റ്റംബർ 13ന് കോർഡിനേഷൻ കമ്മിറ്റിയുടെ യോഗം നടന്ന ശേഷം മുന്നണി തൃണമൂലുമായി ജാതി സെൻസസ് വിഷയം സംസാരിക്കുമെന്ന് പറഞ്ഞിരുന്നു.

ജാതി സെൻസസ് ജനങ്ങൾക്കിടയിൽ വേർതിരിവ് സൃഷ്ടിക്കുമെന്ന് തൃണമൂൽ നേതാക്കൾ പറയുന്നു.
‘ഞങ്ങൾ ജാതി സെൻസസിന് എതിരാണെന്ന് ഞങ്ങളുടെ നേതാവ് മമത ബാനർജി ഇതിനകം വ്യക്തമാക്കിയതാണ്. അത്തരമൊരു സെൻസസ് ജനങ്ങളെ വിഭജിക്കുന്നതിന് കാരണമാകും. എന്നാൽ ഇന്ത്യ മുന്നണിയിൽ എല്ലാം ചർച്ച ചെയ്ത് പരിഹരിക്കാനാകുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്,’ തൃണമൂൽ കോൺഗ്രസ്‌ നേതാവ് സൗഗത റോയ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ജാതി സെൻസസ് ഹിന്ദി ഹൃദയഭൂമിയിലുള്ള പാർട്ടികൾക്കാണ് ഗുണം ചെയ്യുകയെന്നും തൃണമൂലിന് അത് ആഘാതങ്ങൾ സൃഷ്ടിക്കുമെന്നുമാണ് മമതയുടെ കണക്കുകൂട്ടൽ.
‘ബംഗാളിലെ രാഷ്ട്രീയം ജാതിയിൽ അധിഷ്ഠിതമല്ല. ഞങ്ങൾ ജാതി സെൻസസിനെ പിന്തുണച്ചാൽ അതിനർത്ഥം ജാതി-രാഷ്ട്രീയത്തെ ഞങ്ങൾ പിന്തുണക്കുന്നുവെന്നാണ്. അത് ബംഗാളിലെ ഞങ്ങളുടെ പ്രതിച്ഛായയെ ഗുരുതരമായി ബാധിക്കും. എന്നിരുന്നാലും, ബി.ജെ.പിക്കെതിരെ ഇന്ത്യ മുന്നണിയിൽ ഞങ്ങൾക്ക് തുടരണം,’ തൃണമൂൽ കോൺഗ്രസ്‌ നേതാവ് പറഞ്ഞു.

‘ഒ.ബി.സി രാഷ്ട്രീയം ഉൾപ്പെടെ ജാതി രാഷ്ട്രീയം ഞങ്ങൾ ബംഗാളിൽ നടത്തിയിട്ടില്ല. സി.പി.ഐ.എം നയിച്ച ഇടത് ഭരണത്തിനെതിരെയാണ് ഞങ്ങൾ പോരാടിയത്. എസ്.സി, എസ്.ടി, ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ലഭിച്ചു. ഇപ്പോൾ ബി.ജെ.പിയാണ് ഞങ്ങളുടെ പ്രധാന എതിരാളികൾ. എസ്.സി, എസ്.ടിയിലെ ഒരുവിഭാഗം വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയി. ബി.ജെ.പി ഒ.ബി.സി രാഷ്ട്രീയം കളിക്കുന്നവരാണ്. അതുകൊണ്ട് ജാതി സെൻസസിലൂടെ ബി.ജെ.പി നേട്ടം കൊയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,’ ഒരു മുതിർന്ന തൃണമൂൽ കോൺഗ്രസ്‌ നേതാവ് പറഞ്ഞു.

ബംഗാൾ ജനസംഖ്യയിൽ നല്ലൊരു ഭാഗവും ഒ.ബി.സി വിഭാഗമാണ്. ജാതിയുടെ അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടക്കാത്തതുകൊണ്ട് കണക്കുകളിൽ വ്യത്യാസമുണ്ട്.

എന്നാൽ തൃണമൂലിനെതിരെ സി.പി.ഐ.എം രംഗത്ത് വന്നു.
‘ഞങ്ങൾ ജാതി സെൻസസ് ആവശ്യപ്പെടുകയാണ്. ഇന്ത്യ മുന്നണിയും ഇതേ ആവശ്യം ഉന്നയിച്ച് പ്രസ്താവനയിറക്കി. ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും മാത്രമാണ് ഇതിനെ എതിർക്കുന്നത്,’ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രബർത്തി പറഞ്ഞു.

അതേസമയം, ഇന്ത്യ മുന്നണിയിലുള്ള പാർട്ടികൾ ജാതിയെയാണ് എപ്പോഴും രാഷ്ട്രീയ വിഷയമായി ഉന്നയിക്കുന്നതെന്നും സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളെ കുറിച്ച് സംസാരിക്കാറില്ലെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ജാതി സെൻസസ് ആവശ്യമാണെന്ന് തോന്നിയാൽ കേന്ദ്രം അത് നടപ്പിലാക്കുമെന്ന് ബംഗാൾ ബി.ജെ.പി നേതാവ് സാമിക് ഭട്ടാചാര്യ പറഞ്ഞു.

Content Highlight: Trinamool Congress out of sync with INDIA on caste census