രാഹുല്‍ വേണ്ട, പ്രതിപക്ഷത്തിന്റെ മുഖമായി മമത മതിയെന്ന് സര്‍വേ
national news
രാഹുല്‍ വേണ്ട, പ്രതിപക്ഷത്തിന്റെ മുഖമായി മമത മതിയെന്ന് സര്‍വേ
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 9:18 pm

ന്യൂദല്‍ഹി: രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ മുഖമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പകരം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി വരണമെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേ ഗ്രൂപ്പും കാര്‍വി ഇന്‍സെറ്റും നടത്തിയ സര്‍വെയിലാണ് മമതയുടെ പേര് ഉയര്‍ന്നു വന്നത്.

രാഹുല്‍ ഗാന്ധിയെ പിന്തള്ളിയാണ് മമതാ ബാനര്‍ജി മുന്നിലെത്തിയത്. 19 ശതമാനം പേരാണ് മമതയെ പിന്തുണച്ചത്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും 12 ശതമാനം വോട്ടും ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായികിനും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനും 11 ശതമാനം വോട്ടും ആന്ധപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് 9 ശതമാനം വോട്ടും മായാവതിക്ക് 8 ശതമാനവും ചന്ദ്രശേഖര്‍ റാവുവിന് 6 ശതമാനവും വോട്ടാണ് ലഭിച്ചത്.

സര്‍വെയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വലിയ പിന്തുണയാണ് ലഭിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് സര്‍വെ നടത്തിയത്.

19 സംസ്ഥാനങ്ങളിലെ 97 പാര്‍ലമെന്റ് മണ്ഡലങ്ങളിലും 194 നിയമസഭാ മണ്ഡലങ്ങളിലുമായി മൊത്തം 12,126 സര്‍വ്വെകളാണ് നടത്തിയത്. അതില്‍ 67 ശതമാനം ഗ്രാമീണരിവും 33 ശതമാനം നഗരവാസികളിലുമാണ് സര്‍വെ.