മോദിയുടെയും അമിത് ഷായുടെയും നിര്‍ദ്ദേശപ്രകാരമാണോ ഈ തീരുമാനം? തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനര്‍ജി
national news
മോദിയുടെയും അമിത് ഷായുടെയും നിര്‍ദ്ദേശപ്രകാരമാണോ ഈ തീരുമാനം? തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th February 2021, 7:04 pm

കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

അസമില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനും, തമിഴ്‌നാട്ടില്‍ ഒറ്റ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനും ഉത്തരവിട്ട കമ്മീഷന്‍ എന്തുകൊണ്ട് ബംഗാളില്‍ മാത്രം എട്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടുവെന്ന് മമത ചോദിച്ചു.

ബി.ജെ.പി നേതൃത്വത്തിന്റെ സൗകര്യത്തിന് അനുസരിച്ചാണോ ഈ തീയതി നിശ്ചയിച്ചതെന്നും മമത പറഞ്ഞു.

‘മോദിയുടെയും അമിത് ഷായുടെയും നിര്‍ദ്ദേശപ്രകാരമാണോ ഈ തീരുമാനം. അവരുടെ പ്രചരണത്തിന് സൗകര്യമൊരുക്കുകയാണോ? അസം, തമിഴ്‌നാട് തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞ ശേഷം ബംഗാളിലെത്താനായി ബി.ജെ.പിയ്ക്ക് സമയമൊരുക്കി നല്‍കുകയാണോ? ഞങ്ങള്‍ അവരെ തകര്‍ക്കും’, മമത പറഞ്ഞു.

എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ച സാഹചര്യത്തിലാണ് മമതയുടെ വിമര്‍ശനം. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയുള്ള തീയതികളിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു.

ബി.ജെ.പിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളെല്ലാം പ്രചരണ പ്രവര്‍ത്തനങ്ങളുമായി കൊല്‍ക്കത്തയിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mamata Banerjee questions EC decision to conduct Bengal polls in 8 phases