ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിയോടൊപ്പം; മമത പൊലീസ് വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി
national news
ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിയോടൊപ്പം; മമത പൊലീസ് വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി
ന്യൂസ് ഡെസ്‌ക്
Thursday, 19th November 2020, 11:23 pm

ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ബാബൂല്‍ സുപ്രിയോ. അധികാര ദുര്‍വിനിയോഗവും പൊലീസ് വകുപ്പിന്റെ ദുരുപയോഗവും കാരണമാണ് മമത ഇപ്പോഴും അധികാരത്തിലിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ബംഗാളിലെ ജനങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട്. വരുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 ഓളം സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ഞങ്ങള്‍ ജയിക്കും. പൊലീസ് വകുപ്പിനെ ദുരുപയോഗം ചെയ്തും അധികാരത്തെ ദുര്‍വിനിയോഗം നടത്തിയുമാണ് മമത അധികാരത്തിലിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.

സമാനമായി മമതയ്‌ക്കെതിരെ ഗുരുതരാരോപണവുമായി പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷും രംഗത്തെത്തിയിരുന്നു. പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആരോപണവുമായി ഘോഷ് രംഗത്തെത്തിയത്.

അതേസമയം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയും ഘോഷ് ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. അലിപര്‍ദാര്‍ ജില്ലയിലെ റോഹിങ്ക്യന്‍ കേന്ദ്രം സന്ദര്‍ശിച്ച തന്നെ അന്തേവാസികള്‍ മര്‍ദിച്ചതായും ആ വീഡിയോ കണ്ടാല്‍ അവര്‍ ബംഗാളികളല്ലെന്ന് മനസിലാവുമെന്നും ഘോഷ് പറഞ്ഞു.

രാജ്യത്തിന് പുറത്തു നിന്നുള്ള ഇവരാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി വോട്ടുചെയ്യുന്നതെന്നും ഘോഷ് ആരോപിച്ചു. മമത ബാനര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ കയ്യും കാലും തല്ലിയൊടുക്കുമെന്നും വേണ്ടിവന്നാല്‍ കൊന്നുകളയുമെന്നും ഘോഷ് പറഞ്ഞിരുന്നു.

നേരത്തെ പശ്ചിമബംഗാളില്‍ രാഷ്ട്രപതിഭരണം വേണമെന്ന് ആവര്‍ത്തിച്ചും ബി.ജെ.പി രംഗത്തെത്തിയിരുന്നു. മമത ഭരിക്കുമ്പോള്‍ നീതിയുക്തമായൊരു തെരഞ്ഞെടുപ്പ് നടക്കില്ലെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി വിജയവര്‍ഗിയ ആരോപിച്ചിരുന്നു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും എല്ലാ മാസവും സംസ്ഥാനത്തെത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. 2021 എപ്രില്‍-മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Union Minister Slams Mamtha Banerjee