Administrator
Administrator
സി.പി.ഐ.എമ്മിന്റെ മാപ്പ് ജനങ്ങള്‍ സ്വീകരിക്കില്ല: മമത
Administrator
Wednesday 18th May 2011 10:30pm

ഫേസ് ടു ഫേസ് / മമതാ ബാനര്‍ജി

പശ്ചിമബംഗാളില്‍ ഇടതുസര്‍ക്കാരിന്റെ 34 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചത് മമതാ ബാനര്‍ജി എന്ന സ്ത്രീയുടെ നിശ്ചയദാര്‍ഢ്യമാണ്. ഒരു രാഷ്ട്രീയ ഗുരുവിന്റെയും പിന്തുണയില്ലാതെ യൂത്ത് കോണ്‍ഗ്രസ് നേതാവായി തുടങ്ങിയ മമതാ ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതം ഇന്ന് ഉയരങ്ങളിലെത്തി നില്‍ക്കുകയാണ്.

ഇടതുസര്‍ക്കാരിനെതിരെ പോരാട്ടം തുടരുന്നതിനിടയില്‍ 1998ല്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് ആരംഭിച്ചു. കോണ്‍ഗ്രസില്‍ നിന്നും പിരിഞ്ഞുശേഷം സ്വന്തം നിലയില്‍ ശക്തമായൊരു പാര്‍ട്ടി രൂപീകരിക്കാന്‍ സാധിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മമത. ഇന്ന് മമത ഇടതന്‍മാരെ മാത്രമല്ല കോണ്‍ഗ്രസിനെ തന്നെ വിറപ്പിക്കുകയാണ്.

മമതയുടെ ധൈര്യവും, നിശ്ചയദാര്‍ഢ്യവും, രാഷ്ട്രീയ അഭിരുചിയും, ബംഗാളിലെ ഇടത് സര്‍ക്കാരിനെ തകര്‍ക്കാന്‍ അവര്‍ക്ക് മുതല്‍കൂട്ടായി. റെഡ്ഡിഫ് പ്രതിനിധി ഷീല ഭട്ട് നടത്തിയ അഭിമുഖത്തില്‍ നിന്ന്

ബംഗാളില്‍ സി.പി.ഐ.എം, സി.പി.ഐ കൂട്ടുകക്ഷി സര്‍ക്കാരിന്റെ നീണ്ട കാലത്തെ ഭരണത്തിന് അന്ത്യമായി. ഇപ്പോള്‍ എന്തൊക്കെ ചിന്തകളാണ് നിങ്ങളുടെ മനസിലുള്ളത്? ഒരും ബംഗാളി എന്ന നിലയില്‍ ഇതിന്റെ അര്‍ത്ഥമെന്താണ്?

ഇത് ഒരു പുതിയ യുഗത്തിന്റെ ആരംഭമാണെന്ന് ചിന്തിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. ആയിരക്കണക്കിന് ബംഗാളികളുടെ അടിച്ചമര്‍ത്തലിനും, കൊലപാതകത്തിനും, പീഡനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഭൂതകാലം ഭീതിജനകമായിരുന്നു. ഇതിനെതിരായുള്ള പോരാട്ടം ശക്തമായിരുന്നു. ബംഗാളിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടുകൂടിയാണ് ഭാവിയെ നോക്കിക്കാണുന്നത്.

സി.പി.ഐ.എമ്മിന്റെയും അവര്‍ നടത്തിയ ഭീകരതയുടേയും ഫലങ്ങള്‍ ഞങ്ങള്‍ ഒരുപാടനുഭവിച്ചതാണ്.

ബംഗാളിലെ ജനങ്ങളുടെ മുഴുവന്‍ ശബ്ദമായി ഉയര്‍ന്നുവരാനാകുമെന്ന് 20 കാരിയായിരുന്നപ്പോള്‍ മമതയ്ക്ക് തോന്നിയിരുന്നോ? നിങ്ങള്‍ക്ക് പൊതുരംഗത്ത് ശോഭിനാക്കാനാവുമെന്നും പാവപ്പെട്ട ജനങ്ങളുടെ നേതാവായി ഉയരാനാകുമെന്നും തിരിച്ചറിഞ്ഞത് എപ്പോഴായിരുന്നു.? ഈ മാറ്റത്തിലേക്ക് നിങ്ങളെ നയിച്ച എന്തെങ്കിലും ടേര്‍ണിംങ് പോയിന്റ് ജീവിതത്തിലുണ്ടായിരുന്നോ?

രാഷ്ട്രീയത്തില്‍ ഇത്രയും ഉയരത്തില്‍ എത്താന്‍ കഴിയുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല. കോളേജില്‍ പഠിക്കുന്ന കാലത്ത് ഏതൊരു വിദ്യാര്‍ത്ഥിയും കാണുന്ന രാഷ്ട്രീയ സ്വപ്‌നങ്ങളെ ഞാനും കണ്ടിരുന്നുള്ളൂ. ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ക്കുവേണ്ടി, ജനമായി നിലനില്‍ക്കാനാണ് ഞാനാഗ്രഹിച്ചിരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് സമയമുണ്ടാവില്ല എന്ന പേടികൊണ്ടാണ് നിയമപഠനത്തിനുശേഷം മറ്റൊരു ജോലിയിലും ഞാന്‍ ഏര്‍പ്പെടാതിരുന്നത്.

പോരാട്ടത്തിനു ശേഷമല്ലാതെ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ല

അക്കാലത്ത് ഒരു നഷ്ടബോധവും, ഒരു പേടിയുമുണ്ടായിരുന്നില്ല. നല്ലതിനുവേണ്ടി നിലകൊള്ളുക എന്ന പ്രതിജ്ഞ മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. 1976 മുതല്‍ 1983 വരെ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ചെയ്തിരുന്നത്. 1980 ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തി. 1983ല്‍ രാഷ്ട്രീയത്തിന്റെ വിശാലലോകത്തേക്ക് ഞാന്‍ പതുക്കെ പ്രവേശിക്കാന്‍ തുടങ്ങി.

1984ലേതായിരുന്നു എന്റെ ആദ്യത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. ജെയ്താപൂരില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ പാര്‍ട്ടിയുടെ അധികായകന്‍മാര്‍ക്കൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. അവസാനം എന്റെ പേര് നിര്‍ദേശിച്ചു. എനിക്ക് എന്ത് ചെയ്യാനാവും? ഞാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഒരു പോരാട്ടത്തിനുശേഷമല്ലാതെ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചതായിരുന്നു.

എന്റെ തിരഞ്ഞെടുപ്പ് ജയം സാധാരണക്കാരുടേതായിരുന്നു. 1990 ആഗസ്റ്റ് 12 രാജീവ് ഗാന്ധി ദല്‍ഹിയില്‍ വച്ച് എന്നോട് പറഞ്ഞു.’ കുറേക്കാലമായി ഞാന്‍ കാത്തിരിക്കുന്നു. ഇനി കാത്തിരിപ്പിന്റെ ആവശ്യമില്ല. വെസ്റ്റ് ബംഗാളിലെ യൂത്ത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുക’

അടുത്ത പേജില്‍ തുടരുന്നു

Advertisement