എഡിറ്റര്‍
എഡിറ്റര്‍
‘ബി.ജെ.പിയുടെ രാജ്യസ്‌നേഹ ക്ലാസ് ഞങ്ങള്‍ക്കുവേണ്ട’ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണമെന്ന കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്ന് പശ്ചിമബംഗാള്‍
എഡിറ്റര്‍
Monday 14th August 2017 7:37am

കൊല്‍ക്കത്ത: രാജ്യത്തെ സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണം എന്നതുസംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാറുമായി കൊമ്പുകോര്‍ത്ത് പശ്ചിമബംഗാള്‍. സ്വാതന്ത്ര്യദിന ആഘോഷം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച രീതിയില്‍ നടത്തണമെന്ന മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് പരിഗണിക്കേണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ബി.ജെ.പിയുടെ നേതൃത്വത്തിലുളള യു.പി സര്‍ക്കാര്‍ സ്വാതന്ത്ര്യദിനത്തില്‍ മദ്രസകളില്‍ വന്ദേമാതാരം ചൊല്ലണമെന്നകാര്യം നിര്‍ബന്ധമാക്കിയിരിക്കെയാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഈ നിലപാടെടുത്തിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്വിസ് മത്സരങ്ങളും പ്രസംഗങ്ങളും സംവാദങ്ങളും സംഘടിപ്പിക്കണം എന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എല്ലാ സ്‌കൂളുകള്‍ക്കും നല്‍കിയ നിര്‍ദേശം. ഈ ആഘോഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആഗസ്റ്റ് 31ന് മുമ്പായി സര്‍വ ശിക്ഷാ മിഷന്റെ ഓഫീസില്‍ സമര്‍പ്പിക്കാനും സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം നിര്‍ദേശങ്ങളെയാണ് മമതാ ബാനര്‍ജി തള്ളിക്കളഞ്ഞിരിക്കുന്നത്.


Must Read: ഗോരഖ്പൂര്‍ ദുരന്തം: ഓക്‌സിജന്‍ ഇല്ലാതായപ്പോള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് എടുത്ത് വാങ്ങിയ ഡോ:കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തു


കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച രീതിയിലുള്ള ആഘോഷങ്ങള്‍ക്കുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് സര്‍വ ശിക്ഷാ മിഷന്റെ ജില്ലാ പ്രോജക്ട് ഓഫീസര്‍ക്ക് ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാറിനില്ലെന്ന് പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി.

‘ ഞങ്ങള്‍ക്ക് ബി.ജെ.പിയുടെ ദേശസ്‌നേഹ പാഠങ്ങള്‍ ആവശ്യമില്ല. ഇതുവരെ ഏതുരീതിയിലാണോ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് ഇത്തവണയും ആ രീതിയില്‍ തന്നെ ആഘോഷിക്കും.’ അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രാലയം ഇത്തരമൊരു നിലപാട് എടുത്തതെന്നാണ് റിപ്പോര്‍ട്ട്.

‘സംസ്ഥാന സര്‍ക്കാറിന്റെ അധികാരത്തിനുമേല്‍ കടന്നുകയറാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഇതിനെ കാണുന്നത്. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് എതിരാണ്.’ ബംഗാളിലെ ഒരു മന്ത്രി വ്യക്തമാക്കി.

Advertisement