പരിക്കേറ്റ ഡോക്ടറെ മമത ആശുപത്രിയില്‍ സന്ദര്‍ശിക്കില്ല; തീരുമാനം പിന്‍വലിച്ചു
India
പരിക്കേറ്റ ഡോക്ടറെ മമത ആശുപത്രിയില്‍ സന്ദര്‍ശിക്കില്ല; തീരുമാനം പിന്‍വലിച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 15th June 2019, 3:53 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ അനുനയനീക്കവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡോക്ടറെ മമത ആശുപത്രിയില്‍ സന്ദര്‍ശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്നും മമത പിന്‍വലിഞ്ഞതായാണ് റിപ്പോര്‍ട്ട്.

സമരം അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന നിലപാട് എടുത്തിരുന്ന മമത എന്നാല്‍ ഡോക്ടറെ കാണ്ടേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സമരം അവസാനിപ്പിക്കാത്ത പക്ഷം ചികിത്സയില്‍ കഴിയുന്ന ഡോക്ടറെ ചെന്നു കാണേണ്ടതില്ലെന്നാണ് തീരുമാനം.

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്നാണ് ജൂണ്‍ 10 ന് ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറായ മുകോപാധ്യായെ മര്‍ദ്ദിച്ചത്. ഇതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്.

മുകോപാധ്യയയുടെ ആരോഗ്യനിലയെ കുറിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

റസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഡോക്ടര്‍മാര്‍ രാജി വയ്ക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

300 ലേറെ ഡോക്ടര്‍മാരാണ് ആറ് ദിവസത്തിനുള്ളില്‍ രാജിവെച്ചത്. അഭിമാന പ്രശ്‌നമായി കാണരുതെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കി പ്രശ്‌നം പരിഹരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. വര്‍ഷവര്‍ധന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.