'എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുന്നു'; മമത കിം ജോങ് ഉന്നിനെപ്പോലെയെന്ന് കേന്ദ്രമന്ത്രി
India
'എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുന്നു'; മമത കിം ജോങ് ഉന്നിനെപ്പോലെയെന്ന് കേന്ദ്രമന്ത്രി
ന്യൂസ് ഡെസ്‌ക്
Friday, 7th June 2019, 11:01 pm

ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരകൊറിയന്‍ സ്വേച്ഛാധി കിം ജോങ് ഉന്നിനെപ്പോലെയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മമത രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്നും എതിര്‍ത്ത് സംസാരിക്കുന്നവരെ മമത കൊലപ്പെടുത്തുമെന്നും ഗിരിരാജ് സിങ് ആരോപിച്ചു.

‘മമതയുടെ ഭരണം കണ്ടാലറിയാം അവര്‍ രാജ്യത്തിന്റെ ഭരണഘടനയില്‍ യാതൊരു തരത്തിലും വിശ്വസിക്കുന്നില്ലെന്ന്. പ്രധാമന്ത്രിയെ അവര്‍ പ്രധാനമന്ത്രിയായി പരിഗണിക്കുന്നില്ല. അവര്‍ക്ക് ഈ സംവിധാനത്തോട് ചേര്‍ന്നുപോകാന്‍ താല്‍പര്യമില്ല. ജനങ്ങള്‍ക്ക് വികസനമാണ് വേണ്ടത്. മമതയെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു’, ഗിരിരാജ് സിങ് പറഞ്ഞു.

വിമത ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുകയാണ് മമതാ ബാനര്‍ജിയുടെ രീതിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ‘എതിര്‍ത്ത് സംസാരിക്കുന്നവരെ കൊലപ്പെടുത്തുന്ന മമത ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന് തുല്യമാണ്. ആരെയും വിജയ യാത്രകള്‍ നടത്താന്‍ പോലും അവര്‍ അനുവദിക്കുന്നില്ല’, ഗിരിരാജ് സിങ് ആരോപിച്ചു.

മമതയുടെ പ്രവൃത്തികള്‍ക്ക് യോജിച്ച മറുപടി ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ മമതയുടെ നേരെ കസേരകള്‍ വലിച്ചെറിയുകയും അവരുടെ പരാജയം ആഘോഷിക്കുകയും ചെയ്യുമെന്നും ഗിരിരാജ് സിങ് ആരോപിച്ചു.

പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത നിതി ആയോഗിന്റെ യോഗം ബഹിഷ്‌കരിക്കുമെന്ന് മമത പറഞ്ഞതിന്റെ പിന്നാലെയാണ് വിവാദ പരാമര്‍ശങ്ങളുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. നിതി ആയോഗ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നില്ലാത്തതിനാല്‍ ഉപകാര പ്രദമല്ലാത്ത യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു മമത പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചത്.

പ്ലാനിംഗ് കമ്മീഷന്‍ എടുത്തുമാറ്റി പുതിയ പരിഷ്‌കാരങ്ങളോടെ നിതി ആയോഗ് കൊണ്ടുവന്നതില്‍ മമത നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നിതി ആയോഗ് പിരിച്ചു വിട്ട് ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കണം എന്ന ആവശ്യവും അവര്‍ ഉന്നയിച്ചിരുന്നു. നിതി ആയോഗിന്റെ കഴിഞ്ഞ വര്‍ഷത്തെ യോഗവും അവര്‍ ബഹിഷ്‌കരിച്ചിരുന്നു.