രാമക്ഷേത്രത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ പൂജാരിയല്ലല്ലോ രാഷ്ട്രീയക്കാരനല്ലേ ? തന്റെ പണിയില്‍ ശ്രദ്ധിക്കൂ; അമിത് ഷായോട് ഖാര്‍ഗെ
national news
രാമക്ഷേത്രത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ പൂജാരിയല്ലല്ലോ രാഷ്ട്രീയക്കാരനല്ലേ ? തന്റെ പണിയില്‍ ശ്രദ്ധിക്കൂ; അമിത് ഷായോട് ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th January 2023, 8:26 am

ന്യൂദല്‍ഹി: അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ജനുവരി ഒന്നിന് നടത്തുമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

ക്ഷേത്രം തുറക്കുന്നതിനെ കുറിച്ച് പ്രഖ്യാപനം നടത്താന്‍ അമിത് ഷാ അമ്പലത്തിലെ പൂജാരിയാണോ എന്ന് ചോദിച്ച ഖാര്‍ഗെ, ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കടമയെന്നും ക്ഷേത്രത്തെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് എന്തവകാശമാണുള്ളതെന്നും ഊന്നിപ്പറഞ്ഞു.

”ത്രിപുരയില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ഉദ്ഘാടനം 2024 ജനുവരി ഒന്നിന് നടത്തുമെന്നും അമിത് ഷാ അവിടെ പോയി പറയുന്നു.

എല്ലാവര്‍ക്കും ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷെ നിങ്ങളെന്തിനാണ് ഈ തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുന്നത് ?

നിങ്ങളാണോ ഈ രാമ ക്ഷേത്രത്തിലെ പൂജാരി. പൂജാരിമാരും പുരോഹിതരും സന്യാസിമാരും ഈ വിഷയത്തില്‍ സംസാരിക്കട്ടെ. ക്ഷേത്രം തുറക്കുന്നതിനെ കുറിച്ച് പറയാന്‍ നിങ്ങളാരാണ് ?

നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യത്ത് സുരക്ഷ ഉറപ്പാക്കുകയും നിയമ സംവിധാനങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും ജനങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്നും കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് വേണ്ട വില ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുകയുമാണ് നിങ്ങളുടെ ജോലി,” ഖാര്‍ഗെ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധിക്കൊപ്പം ഹരിയാനയിലെ പാനിപ്പത്തില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പ്രസ്തുത പരാമര്‍ശം.

Content Highlight: Mallikarjun Kharge hits out at Amit Shah for announcing Ram temple’s inauguration date