പൃഥ്വിരാജ് എന്ന് പറയുന്ന മഹാനെ നിങ്ങള്‍ ചിരിപ്പിക്കുന്നത് കണ്ടു, അത് വലിയൊരു അത്ഭുതമാണ്: മല്ലിക സുകുമാരന്‍
Movie Day
പൃഥ്വിരാജ് എന്ന് പറയുന്ന മഹാനെ നിങ്ങള്‍ ചിരിപ്പിക്കുന്നത് കണ്ടു, അത് വലിയൊരു അത്ഭുതമാണ്: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th April 2022, 4:08 pm

മക്കളായ ഇന്ദ്രജിത്തിനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നടി മല്ലിക സുകുമാരന്‍. അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും അഭിമുഖങ്ങള്‍ കണ്ടതിനെ കുറിച്ചാണ് മല്ലിക സംസാരിക്കുന്നത്.

അഭിമുഖത്തില്‍ പൃഥ്വിരാജിനെ കൊണ്ട് ചിരിപ്പിച്ചത് വലിയ കാര്യമാണെന്നാണ് മല്ലിക പറയുന്നത്. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

”ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അഭിമുഖങ്ങള്‍ ഞാന്‍ കണ്ടിരുന്നു. അതില്‍ പൃഥ്വിരാജ് എന്ന് പറയുന്ന മഹാനെ കൊണ്ട് ചിരിപ്പിക്കുന്നതും കണ്ടിരുന്നു. അത് വലിയ ഒരു അത്ഭുതമാണ്. അവന്‍ പെട്ടെന്ന് ചിരിക്കാറില്ല. അത് അവന്റെ അച്ഛന്റെ സ്വഭാവമാണ്.

മക്കള്‍ രണ്ട് പേരും വെറുതെ ക്യാമറയുടെ മുമ്പില്‍ ശ്വാസം പിടിച്ചിരിക്കുന്നതാണ്. ചിരിയും കളിയുമൊക്കെയുണ്ട്. വീട്ടില്‍ അത് ആവശ്യത്തിലേറേയുണ്ട്. പക്ഷേ വീട്ടില്‍ മൂന്നാമതൊരാള്‍ വന്നാല്‍ അധികം സംസാരിക്കില്ല. അമ്മ ഹോസ്പിറ്റാലിറ്റിയുടെ ആളാണെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ട് അതിഥികള്‍ വന്നാല്‍ എല്ലാം അമ്മയാണ്. ഇടയ്ക്ക് വന്ന് ഹലോ പറഞ്ഞാല്‍ മതി എന്ന പോളിസിയാണ് അവര്‍ക്ക്,” മല്ലിക സുകുമാരന്‍ പറഞ്ഞു.

”ഇന്ദ്രജിത്തും പൃഥ്വിരാജും സംസാരിക്കുന്നതില്‍ പിശുക്ക് കാണിക്കാറുണ്ടെങ്കിലും ആ കുറവ് നികത്താന്‍ ഞാനുണ്ട്. പക്ഷേ ഇന്ദ്രന്‍ കുറച്ച് കൂടി ആളുകളുമായി മിംഗിള്‍ ചെയ്യാറുണ്ട്. എന്നാല്‍ മറ്റേ അദ്ദേഹം ഒരു കൊച്ച് സുകുമാരനാണ്. ആളുകള്‍ വീട്ടില്‍ വന്നാല്‍ കുറച്ച് നേരം അവിടെ നിന്ന് പിന്നെ ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് മുങ്ങും. പിന്നീട് ഒരു അര മണിക്കൂര്‍ കഴിഞ്ഞാണ് വരുന്നത്. പൃഥ്വിരാജിന് ഇരുന്ന് സംസാരിക്കാന്‍ വലിയ ഒരു വിമിഷ്ടമാണ്,” മല്ലിക സുകുമാരന്‍ പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന ഗണ മനയാണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്‌സ് ബിജോയ്. ചിത്രം ഏപ്രില്‍ 28ന് റിലീസ് ചെയ്യും.

Content Highlight: Mallika Sukumaran about Prithviraj and Indrajith