യുവതികള്‍ ആചാരം തകര്‍ക്കാനെത്തിയവര്‍; പൊലീസുകാര്‍ക്ക് പ്രത്യേക ലക്ഷ്യം: മാളികപ്പുറം മേല്‍ശാന്തി
Sabarimala women entry
യുവതികള്‍ ആചാരം തകര്‍ക്കാനെത്തിയവര്‍; പൊലീസുകാര്‍ക്ക് പ്രത്യേക ലക്ഷ്യം: മാളികപ്പുറം മേല്‍ശാന്തി
ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 7:23 pm

പന്തളം: ശബരിമല ചവിട്ടിയ യുവതികള്‍ ആചാരം തകര്‍ക്കാനെത്തിയവരെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. സന്നിധാനത്തുള്ള ചില പൊലീസുകാര്‍ക്ക് പ്രത്യേക ലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നതായും അനീഷ് നമ്പൂതിരി പറഞ്ഞു. തന്ത്രിയുടെ തീരുമാനം ഉചിതവും യുക്തവുമാണെന്നും കലാപം ഒഴിവായത് ഐ.ജി ശ്രീജിത് സംയമനം പാലിച്ചതുകൊണ്ടാണെന്നും മാളികപ്പുറം മേല്‍ശാന്തി പറഞ്ഞു.

“സന്നിധാനത്ത് യുവതികള്‍ എത്തിയാല്‍ നട അടച്ചിട്ട് നാട്ടിലേക്കു പോകുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. കുടുംബത്തോട് സംസാരിച്ചശേഷമായിരുന്നു തീരുമാനം. ശബരിമല യുദ്ധക്കളമാക്കാതിരിക്കാനുളള വിവേകം പൊലീസിനുണ്ടാകുമെന്നും” അദ്ദേഹം പറഞ്ഞു.


അതേസമയം, ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും നേരത്തെ ദേവസ്വംബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ബോര്‍ഡിന് വേണ്ടി ഹാജരാകുമെന്നും പത്മകുമാര്‍ പറഞ്ഞു.

കേരള ഹൈക്കോടതിയിലും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വഴി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. എങ്ങനെയാണ് കോടതിയെ ബന്ധപ്പെടുകയെന്ന് സിങ്വിയുമായി ആലോചിക്കും. 25 പുനപരിശോധനാ ഹര്‍ജികള്‍ നിലവിലുണ്ട്. അതിലെല്ലം ദേവസ്വംബോര്‍ഡും കക്ഷിയാണെന്നും പത്മകുമാര്‍ പറഞ്ഞു.