ഇത്രയധികം മരണങ്ങൾ എങ്ങിനെ നടന്നുവെന്നറിയാതെ മാലേ​ഗാവ്; കൊവിഡിൽ റിപ്പോർട്ട് ചെയ്തത് 12 മരണം മാത്രം
national news
ഇത്രയധികം മരണങ്ങൾ എങ്ങിനെ നടന്നുവെന്നറിയാതെ മാലേ​ഗാവ്; കൊവിഡിൽ റിപ്പോർട്ട് ചെയ്തത് 12 മരണം മാത്രം
ന്യൂസ് ഡെസ്‌ക്
Monday, 4th May 2020, 12:19 pm

മാലേ​ഗാവ്: കൊവിഡ് മരണത്തിൽ സംശയങ്ങൾ ബാക്കിയാക്കി മഹാരാഷ്ട്രയിലെ മാലേ​ഗാവ്. സർക്കാര‍ിന്റെ ഔദ്യോ​ഗിക കണക്ക് പ്രകാരം ഇവിടെ ഏപ്രിൽ മാസത്തിൽ പന്ത്രണ്ട് കൊവിഡ് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം 580 പേരാണ് ഇവിടെ ഏപ്രിൽ മാസത്തിൽ മരിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 48 ശതമാനം വർധനയാണ് മരണനിരക്കിൽ ഉണ്ടായിരിക്കുന്നത്. 2019 ഏപ്രിലിൽ 277 പേർ മരിച്ചിടത്താണ് 580 പേർ ഈ വർഷം മരണപ്പെട്ടത്.

കൊവിഡാണോ മരണനിരക്ക് ഉയർത്തിയത് എന്ന ആശങ്കയിലാണ് സർക്കാരിപ്പോൾ. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി ഏപ്രിൽ പത്തിന് ശേഷം മരണപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുടെ സാമ്പിൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ മാലേ​ഗാവിൽ മരിച്ചവരിൽ ചിലർക്കെങ്കിലും കൊവിഡ് ഉണ്ടായേക്കാം എന്ന സംശയം ആരോ​ഗ്യ പ്രവർത്തക്കിടയിൽ ഉണ്ട്. നാസിക് ജില്ലയിലെ മാലേ​ഗാവിലെ ജനസംഖ്യ ആറ് ലക്ഷമാണ്. ഏപ്രിൽ എട്ടിനാണ് ഇവിടെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 229 ഹോട്ട്സ്പോട്ടുകൾ മാലേ​ഗാവിൽ ഉണ്ട്.

സാധാരണ ​ഗതിയിൽ ഏട്ടോ ഒമ്പതോ മൃതദേ​ഹങ്ങൾ മാത്രം എത്താറുള്ള മലേ​ഗാവിലെ ബഡാ കബർസ്ഥാനിൽ ഇപ്പോൾ പ്രതിദിനം 30 മൃതദേഹങ്ങൾ വരെ എത്താറുണ്ടെന്ന് അവിടുത്തെ ജീവനക്കാരനായ റമീസ് അഹമ്മദ് അൻസാരി പറഞ്ഞുവെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആളുകൾക്ക് കൊവി‍ഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിലും ആശുപത്രിയിലെത്തുന്നില്ലെന്ന് മാലേ​ഗാവ് സന്ദർശിച്ച രാജേഷ് ടോപെ നേരത്തെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.