'കരയല്ലേ പൊന്നീ'; ത്രില്ലടിപ്പിച്ച് മലയന്‍കുഞ്ഞ് ട്രെയ്‌ലര്‍
Entertainment news
'കരയല്ലേ പൊന്നീ'; ത്രില്ലടിപ്പിച്ച് മലയന്‍കുഞ്ഞ് ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th July 2022, 7:46 pm

ഫഹദ് ഫാസില്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായിയെത്തുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

ഉരുള്‍പൊട്ടലിന്റെ ഭീകര അന്തരീക്ഷമാണ് ചിത്രത്തിന്റെ ട്രെയ്‌ലറില്‍ നിന്നും വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസം ക്ലോസ്‌ട്രോഫോബിയുള്ളവര്‍ ചിത്രം കാണുമ്പോള്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു.
ത്രില്ലിങായി തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

ഫാസിലാണ് ചിത്രത്തിന്റെ നിര്‍മാണം. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.

എ.ആര്‍ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. 1992ല്‍ വന്ന യോദ്ധയാണ് ഇതിന് മുന്‍പ് റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. മലയന്‍കുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതവും റഹ്മാന്‍ ഇതിനോടകം സംഗീതം നിര്‍വഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. ജൂലൈ 22ന് സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.


ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പി. കെ. ശ്രീകുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈന്‍: ജയറാം രാമചന്ദ്രന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്, വാര്‍ത്താ പ്രചരണം: എം.ആര്‍. പ്രൊഫഷണല്‍.

Content Highlight : Malayankunj movie trailer released