'നാല് മലയാളി പിള്ളേര്‍ അങ്ങോട്ട് വരുന്നുണ്ട്, അവരെ വെറുതെ വിടരുത്'; മധ്യപ്രദേശ് യൂണിവേഴ്സിറ്റിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ഡൂള്‍ ന്യൂസിനോട്
national news
'നാല് മലയാളി പിള്ളേര്‍ അങ്ങോട്ട് വരുന്നുണ്ട്, അവരെ വെറുതെ വിടരുത്'; മധ്യപ്രദേശ് യൂണിവേഴ്സിറ്റിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ഡൂള്‍ ന്യൂസിനോട്
അഷ്‌റഫ് അഹമ്മദ് സി.കെ.
Saturday, 11th March 2023, 6:08 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ നാല് മലയാളി വിദ്യാര്‍ത്ഥികളെ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ നഷീല്‍ കെ.ടി, അഭിഷേക് ആര്‍, അദ്‌നാന്‍, ആദില്‍ റാഷിഫ് എന്നിവരെയാണ് പത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ മുളവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.

കോളേജിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ഫോട്ടോയെടുത്തെന്നാരോപിച്ചാണ് ഇവരെ ആക്രമിച്ചതെന്നും ഇതിന് മുമ്പും സമാനമായ ആക്രമണങ്ങള്‍ സൗത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായിട്ടുണ്ടെന്നും മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഭിഷേക് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇന്നലെ വൈകീട്ടാണ് മര്‍ദ്ദനമുണ്ടായത്. ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ക്യാമ്പസിനകത്തെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥികളെ ആദ്യം ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞ് നിര്‍ത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ക്യാമ്പസിന് പുറത്തേക്ക് പോകാനിരുന്ന ഇവരെ പത്തോളം വരുന്ന ജീവനക്കാര്‍ ലാത്തിയുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നും അഭിഷേക് പറഞ്ഞു. മര്‍ദ്ദനത്തില്‍ ചെവിക്കടിയേറ്റ വിദ്യാര്‍ത്ഥിയെ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അഭിഷേക് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ക്യാമ്പസിലെ എല്ലാവരും കയറുന്ന വാട്ടര്‍ ടാങ്കിന് മുകളിലാണ് ഞങ്ങളും കയറിയത്. പക്ഷെ തിരിച്ചിറങ്ങിയ ഞങ്ങളെ ഒരു സെക്യൂരിറ്റിക്കാരന്‍ തടഞ്ഞ് നിര്‍ത്തി ഫോട്ടോ എടുത്തതെന്തിനാണെന്ന് ചോദിച്ചു. ശേഷം അവിടെ നിന്നും പോയ ഞങ്ങളെ ഗെയ്റ്റില്‍ വെച്ച് തടയാന്‍ ഇതേ സെക്യൂരിറ്റി മറ്റാരാള്‍ക്ക് ഫോണ്‍ വിളിച്ച് പറഞ്ഞു.

നാല് കേരള സ്റ്റുഡന്റ്‌സ് വരുന്നുണ്ടെന്നും അവരെ വിടരുത് ബ്ലോക്ക് ചെയ്‌തേക്കെന്നുമാണ് അയാള്‍ വിളിച്ച് പറഞ്ഞത്. അതുകേട്ട് ഹോസ്റ്റലിലേക്ക് പോയ ഞങ്ങളെ പത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ വളയുകയും കയ്യിലുണ്ടായിരുന്ന മുളവടി കൊണ്ട് തലയ്ക്കും കാലിനും നിര്‍ത്താതെ അടിക്കുകയും ചെയ്തു.

അടി കൊണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ചെവിയില്‍ നിന്ന് ചോരയൊലിക്കാന്‍ തുടങ്ങി. എന്നിട്ടാണ് അവര്‍ അടി നിര്‍ത്തിയത്. പിന്നീട് ഞങ്ങള്‍ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കേരള വിദ്യാര്‍ത്ഥികളോട് പൊതുവെ ഇവര്‍ക്ക് വെറുപ്പാണ്്,’ അഭിഷേക് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇതിന് മുമ്പും സര്‍വകലാശാലയില്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സൗത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവര്‍ക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് എം.എ ഇകണോമിക് വിദ്യാര്‍ത്ഥിയായ സൈനബ ലുബ്‌ന പറഞ്ഞു.

ഇന്നലെ ഉണ്ടായ ആക്രമണം അതിന്റെ ഭാഗമാണെന്നും അധികാരികള്‍ പ്രശ്‌നത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പരിക്ക് പറ്റിയ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ ചെന്ന് കാണാനുള്ള അനുവാദം പോലും ഹോസ്റ്റല്‍ ജീവനക്കാര്‍ നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു. സംഘപരിവാര അനുകൂലികളായ ജീവനക്കാരും വിദ്യാര്‍ത്ഥികളും കേരളത്തിലെ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് സാധാരണയാണെന്നും അവര്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട ഞങ്ങളുടെ സുഹൃത്തുക്കളെ ആശുപത്രിയില്‍ ചെന്ന് കാണാന്‍ പോലും ഞങ്ങളെ അനുവദിച്ചിട്ടില്ല. പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ ആറ് മണിക്ക് ശേഷം ഹോസ്റ്റലിന് പുറത്തിറങ്ങാനും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കേരള സ്റ്റുഡന്‍സ് ആണെന്ന് അറിഞ്ഞാല്‍ പിന്നെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരും ഇടപെടില്ല. കൂടുതലും ബി.ജെ.പി സംഘപരിവാര്‍ അനുകൂലികളാണ് കോളേജില്‍ ജീവനക്കാരായുള്ളത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കെതിരെയുള്ള ഇത്തരം അക്രമങ്ങളും വ്യാപകമായി ഇവിടെ നടക്കുന്നുണ്ട്,’ ലുബ്‌ന ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇന്നലെ നടന്ന അക്രമത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായി വിദ്യാര്‍ത്ഥികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.

Content Highlight: Malayali students sharing their horrible experience in madyapradesh university

 

അഷ്‌റഫ് അഹമ്മദ് സി.കെ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. സോഷ്യോളജിയില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.