'ഫേസ്ബുക്കില്‍ ശാസ്ത്രമെഴുതി മലയാളികള്‍'; ലോകശാസ്ത്രദിനം വേറിട്ട രീതിയില്‍ ആഘോഷിച്ച് ഫേസ്ബുക്ക് കൂട്ടായ്മ
kERALA NEWS
'ഫേസ്ബുക്കില്‍ ശാസ്ത്രമെഴുതി മലയാളികള്‍'; ലോകശാസ്ത്രദിനം വേറിട്ട രീതിയില്‍ ആഘോഷിച്ച് ഫേസ്ബുക്ക് കൂട്ടായ്മ
ന്യൂസ് ഡെസ്‌ക്
Friday, 1st March 2019, 3:41 pm

കൊച്ചി: ലോക ശാസ്ത്രദിനമായ ഇന്ന് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ശാസ്ത്രമെഴുതുകയാണ്. “കേരളം ശാസ്ത്രം ആഘോഷിക്കുന്നു” എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കേരളത്തിന്റെ വിവിധ കോണിലുള്ളവര്‍ അവര്‍ക്കറിവുള്ള ശാസ്ത്രവിഷയങ്ങളെ കുറിച്ചുള്ള ശാസ്ത്ര എഴുത്തുകള്‍ പങ്കുവെക്കുന്നത്.

നവനീത് കൃഷ്ണനാണ് ഇത്തരമൊരു ആശയവുമായി ആദ്യം എത്തുന്നത്. പിന്നാലെ ഒട്ടേറെപ്പേര്‍ ഈ നിര്‍ദേശത്തെ പിന്തുണയ്ക്കുകയായിരുന്നു. നിരവധി പേരാണ് ശാസ്ത്ര എഴുത്തുമായി പേജില്‍ എത്തുന്നത്.

സയന്‍സ് കോണ്‍ഗ്രസിലും മറ്റും അന്ധവിശ്വാസങ്ങളെ ശാസ്ത്രമായി അവതരിപ്പിക്കുന്ന ഒരു സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും ചാണകത്തില്‍ നിന്ന് പ്ലൂട്ടോളിയം ഉണ്ടാക്കാന്‍ കഴിയും എന്ന തരത്തില്‍ അന്ധവിശ്വാസങ്ങളെ ശാസ്ത്രമാക്കാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍  കൂടിയാണ് ഇങ്ങനെയൊരു ശ്രമമെന്നും നവനീത് കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ പൊതുവെ ഇത്തരം കാര്യങ്ങള്‍ ആളുകള്‍ സോഷ്യല്‍മീഡിയകളില്‍ തന്നെ പങ്കുവെക്കുന്നത് കുറവാണ്. അതുകൊണ്ട് കൂടിയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്.


”നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും ഞങ്ങള്‍ക്കറിയേണ്ട”; അറിയേണ്ടത് ഇതാണ്; മോദിക്കെതിരെ ദിവ്യ സ്പന്ദന


ഇത് ശാസ്ത്രമെഴുത്താഘോഷത്തിന്റെ ആവേശത്തില്‍ പ്രേംശങ്കര്‍ തുടങ്ങിയ പേജാണ്. പലരും എഴുതുന്നതിനെ ഈ പേജില്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കാം എന്നാണ് പ്രേശങ്കര്‍ പറഞ്ഞിരുന്നത്. പലപ്പോഴും പിന്നീട് ഒരാവശ്യത്തിനു നോക്കിയാല്‍ പല എഴുത്തുകളും കാണണമെന്നില്ല. അതിനാല്‍ ഇത്തരം പേജുകള്‍ക്ക് വേണം എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്.

ഇങ്ങനെ പലരായിട്ടാണ് ഒരാശയത്തെ വലുതാക്കുന്നത്. ശാസ്ത്രമെഴുതാം എന്ന ആശയത്തെ ഓരോരുത്തരും അവരുടേതായ രീതിയില്‍ വിപുലപ്പെടുത്തിയാല്‍ എത്രയോ വലിയ ആശയക്കൂട്ടമായി അതു മാറും. ജനോത്സവങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്.

“സയന്‍സ്” എന്ന് പറയുന്നത് വലിയ സംഭവമായി കാണേണ്ട ഒന്നല്ല , എല്ലാവര്‍ക്കും അവരവരുടെ ചുറ്റുപാടുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ അറിയാം. നമുക്ക് അറിയില്ല എന്ന ധാരണ പലര്‍ക്കുമുണ്ട്. ആ ഒരു ധാരണ മാറ്റി ദേശീയ ശാസ്ത്രദിനത്തെ ഇങ്ങനെ ആഘോഷിക്കുക എന്ന ആലോചനകൂടിയാണ് ഇതിന് പിന്നില്‍. ഈ ദിനത്തിന്റെ പ്രസക്തി ആളുകളെ ഓര്‍മ്മിപ്പിക്കാന്‍ കൂടി വേണ്ടിയാണ് ഇത്തരമാരു ആശയം മുന്നോട്ട് വെച്ചത്.- നവനീത് പറയുന്നു.

ഇതിനോടകം നാല്‍പതോളം ശാസ്ത്ര ലേഖനങ്ങള്‍ #കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു എന്ന ഹാഷ്ടാഗില്‍ ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിശ്വപ്രഭ, വൈശാഖന്‍ തമ്പി, ഡോ. നെല്‍സണ്‍ ജോസഫ് ഉള്‍പ്പടെ നിരവധിയാളുകളുടെ ലേഖനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

കേരള യൂണിവേഴ്‌സിറ്റിയിലെ റിസേര്‍ച്ച് സ്‌കോളറായ പ്രേംശങ്കറാണ് “കേരളം ശാസ്ത്രം ആഘോഷിക്കുന്നു എന്ന ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. ഇത്തരമൊരു ആശയത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ കൂടി വേണ്ടിയാണ് പേജ് തുടങ്ങിയതെന്ന് പ്രേംശങ്കര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“”കേരളത്തില്‍ 10 ലക്ഷം ആളുകള്‍ ഫേസ്ബുക്കിലുണ്ട്. ഇവരില്‍ പലരുമെഴുതുന്ന കുറിപ്പുകള്‍ എല്ലാവരിലുമെത്തിയെന്ന് വരില്ല. ഇത്തരം എഴുത്തുകളെ ഒരുമിച്ച് ചേര്‍ക്കുകയും പിന്നീട് പുസ്തകമായി പുറത്തിറക്കുകയോ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആക്കുകയോ ആണ് ലക്ഷ്യം.

സയന്‍സിനെ സാധാരണക്കാരില്‍ എത്തിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സോഷ്യല്‍മീഡിയയാണ്. വ്യാജ വാര്‍ത്തകളും അന്ധവിശ്വാസങ്ങളും എല്ലാം പ്രചരിക്കുന്നത് സോഷ്യല്‍മീഡിയയിലൂടെയാണ്. അപ്പോള്‍ അതേ വഴി ഉപയോഗിച്ചു തന്നെ ഇതിനെയെല്ലാം ഖണ്ഡിക്കുന്ന കാമ്പയിന്‍ നടത്തണമെന്നാണ് ഉദ്ദേശിച്ചത്.”” പ്രേംശങ്കര്‍ പറഞ്ഞു.

കുട്ടിക്കാലത്ത് അനേകം ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ലേ നിങ്ങള്‍? പൂക്കളോട് കഥ പറഞ്ഞ്, പുല്‍ത്തുമ്പിലെ വെള്ളം കണ്ട്, മഴയത്ത് ഓടിക്കളിച്ച്, തോട്ടില്‍നിന്നും മീനിനെപ്പിടിച്ച് ഒക്കെയല്ലേ സ്‌കൂളിലേക്കു പോയത്. എത്രയോ ശാസ്ത്രകാര്യങ്ങളാണ് അവിടെ നിങ്ങള്‍ ആരുംപറയാതെ കണ്ടെത്തയത്. അതെക്കുറിച്ച് നമുക്കെഴുതാം.

മീന്‍ ജീവിക്കുന്നത് വെള്ളത്തിലാണെന്നും എലിയും മനുഷ്യരും ജീവിക്കുന്നത് കരയിലാണെന്നും കണ്ടെത്തിയത് ആരും പറയാതെയല്ലേ? ഓരോ കണ്ടെത്തലും ചില ചോദ്യങ്ങളിലേക്ക് നയിക്കും. മീനിനെന്താ കരയില്‍ ജീവിക്കാന്‍ പറ്റാത്തേ എന്നു ചോദിക്കാത്ത കുട്ടിയായിരുന്നിരിക്കില്ല നിങ്ങള്‍? ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തല്‍ ശാസ്ത്രമാണ്. ആ ചോദ്യവും നിങ്ങളുടെ നിരീക്ഷണവും ശാസ്ത്രത്തിന്റെ ഭാഗമാണ്.
നിങ്ങളുടെ ചോദ്യം എഴുതുമ്പോള്‍ ഉത്തരം പറയാന്‍ മറ്റുള്ളവര്‍ വരും. ചര്‍ച്ചകള്‍ നടക്കും. പഠനവും നടക്കും.- പ്രേംശങ്കര്‍ പറയുന്നു.