ഗുജറാത്തില്‍ കക്കൂസുണ്ടാക്കാന്‍ പണം മുടക്കുന്ന മലയാളി ഓട്ടോ ഡ്രൈവര്‍മാര്‍
Discourse
ഗുജറാത്തില്‍ കക്കൂസുണ്ടാക്കാന്‍ പണം മുടക്കുന്ന മലയാളി ഓട്ടോ ഡ്രൈവര്‍മാര്‍
ഫാറൂഖ്
Saturday, 20th February 2021, 11:56 am

ചെറിയൊരു കക്കൂസ് പണിയാന്‍ എന്തൊക്കെ വേണം? മിക്കവാറും മലയാളികള്‍ പെട്ടെന്ന് ഉത്തരം പറയും. നാലു ചുവരുള്ള ചെറിയൊരു കെട്ടിടം, ഒരു കുഴി അല്ലെങ്കില്‍ സെപ്റ്റിക് ടാങ്ക്, ഒരു പൈപ്പ്, അത്രയേ വേണ്ടൂ. പക്ഷെ ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങള്‍ മറന്നു. ഒരു തുണ്ട് ഭൂമി. ഭൂമി മാത്രം പോരാ, വിസര്‍ജനം നടത്തേണ്ടത് തുറസ്സായ സ്ഥലത്തല്ല, മറിച്ച് കക്കൂസിലായിരിക്കണമെന്ന സാമൂഹ്യ ബോധം, ചെറുതെങ്കിലും കക്കൂസ് നിര്‍മിക്കാനും പരിപാലിക്കാനുമുള്ള വരുമാനം, ഇത്രയും കൂടി ആവശ്യമുണ്ട്.

ഇത്രയും വായിച്ചപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിരിക്കും എന്തുകൊണ്ടാണ് കേരളത്തില്‍ എല്ലാ വീട്ടിലും കക്കൂസുള്ളതെന്നും മറ്റു പല സംസ്ഥാനങ്ങളിലും അതില്ലാത്തതെന്നും. തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാട് പരാതികളും വിമര്‍ശനങ്ങളും നടത്താനുണ്ടെങ്കിലും അന്‍പതുകളിലും അറുപതുകളിലുമായി നമ്മള്‍ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവും നടപ്പാക്കിയിട്ടുണ്ട്. ജന്മിത്വവും തൊട്ടുകൂടായ്മയും അവസാനിപ്പിച്ചിട്ടുണ്ട്. അതിനു വേണ്ടി അതിനും മുമ്പേ ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ നിലം ഉഴുതു വച്ചിട്ടുണ്ട്. മിക്കവാറും എല്ലാവര്‍ക്കും ഭൂമിയുണ്ട്, വിദ്യാഭ്യാസമുണ്ട്. കക്കൂസുമുണ്ട്.

അരുണ്‍ ജെയ്റ്റ്ലി ധനകാര്യമന്ത്രിയായിരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ നല്‍കിയ ഒരു ഉത്തരത്തില്‍ ഭൂമിയില്ലാത്തവരുടെ കണക്ക് പറയുന്നുണ്ട്. മുപ്പതു കോടി ഇന്ത്യക്കാര്‍. ഇതില്‍ മിക്കവാറും കൗ-ബെല്‍റ്റ് എന്നറിയപ്പെടുന്ന ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പെട്ടവരാണ്. ഇന്നും ജന്മിത്വവും തൊട്ടു കൂടായ്മയും കൊടി കുത്തി വാഴുന്ന പ്രദേശങ്ങള്‍. ഗുജറാത്തില്‍ എഴുപത്തൊന്നു ശതമാനം ദളിത് കുടുംബങ്ങള്‍ക്ക് ഭൂമിയില്ല, അതെ സമയം ജന്മികളുടെ കൈവശമുള്ളത് ശരാശരി അന്പതിനാല് ഏക്കര്‍!

കക്കൂസ് രഹിത ഇന്ത്യക്കാരുടെ എണ്ണവും ഭൂരഹിത ഇന്ത്യക്കാരുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസമില്ല, ആദ്യത്തേത് മുപ്പത് കോടി, രണ്ടാമത്തേത് മുപ്പത്തിനാല് കോടി. ചെറിയ വ്യത്യാസം വിദ്യാഭ്യാസവും സാമൂഹിക പരിഷ്‌കരണവുമായി ബന്ധപ്പെട്ടതായിരിക്കാം.

ഇപ്പറഞ്ഞ കക്കൂസ് രഹിതര്‍ക്ക് കക്കൂസുണ്ടാക്കാനാണ് നമ്മള്‍ ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ അടിക്കുമ്പോള്‍ അമ്പതു രൂപക്കടുത്ത് ടാക്‌സ് കൊടുക്കുന്നത് എന്നാണ് കണ്ണന്താനം ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ പറയുന്നത്. ഓരോ അരിമണിയിലും അത് കഴിക്കാനിരിക്കുന്ന ആളുടെ പേര് എഴുതിയിട്ടുണ്ടെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത് പോലെ ഓരോ ഓട്ടോറിക്ഷക്കാരനും പെട്രോളടിക്കുമ്പോള്‍ കൊടുക്കുന്ന നോട്ടിന്റെ മുകളില്‍ അത് കൊണ്ടുണ്ടാക്കാന്‍ പോകുന്ന കക്കൂസിന്റെ പേര് എഴുതിയിട്ടുണ്ടാകുമത്രേ. നല്ലത്.

2013-2014 കാലഘട്ടത്തില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ട ഒരു വാക്കായിരുന്നു ഗുജറാത്ത് മോഡല്‍. കഴിഞ്ഞ മുപ്പത് കൊല്ലത്തോളമായി സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. പാലും തേനും ഒഴുകുന്ന ഗുജറാത്ത്, അംബാനിയും അദാനിയും വാഴുന്ന ഗുജറാത്ത്, ആ ഗുജറാത്ത് പോലെ ആക്കണം കേരളം എന്നാണ് കേരളത്തിലെ ബി.ജെ.പി ക്കാര്‍ വോട്ടു ചോദിക്കുമ്പോള്‍ പറഞ്ഞിരുന്നത്. ഇന്ത്യയൊട്ടാകെ നടന്ന ആ പ്രചാരണം വന്‍ വിജയമായി, നരേന്ദ്രമോഡി 2014 ല്‍ അധികാരത്തിലേറി.

അക്കൊല്ലം തന്നെ ഗാന്ധി ജയന്തി ദിനത്തില്‍ നരേന്ദ മോദി സ്വച്ഛ-ഭാരത്-അഭിയാന്‍ പ്രഖ്യാപിച്ചു. കക്കൂസില്ലാത്തവര്‍ക്ക് കക്കൂസുണ്ടാക്കുക, അതായിരുന്നു മോദിയുടെ പ്രധാന പരിപാടി. ആ വര്‍ത്തയോടൊപ്പം വന്ന ചില കണക്കുകള്‍ കേട്ട മലയാളികള്‍ ഞെട്ടി. പാലും തേനും ഒഴുകുന്ന ഗുജറാത്തില്‍, അംബാനിയുടെ അദാനിയുടെയും ഗുജറാത്തില്‍, സംഘപരിവാര്‍ മൂന്നു പതിറ്റാണ്ടോളം ഭരിച്ച ഗുജറാത്തില്‍, പകുതിയോളം പേര്‍ക്ക് കക്കൂസില്ല. 2015 നവംബര്‍ 15 മുതല്‍ സ്വച്ച് ഭാരത് സെസ്സും തുടങ്ങി, അന്ന് തുടങ്ങിയതാണ് നമ്മുടെ ഓട്ടോറിക്ഷക്കാര്‍ കക്കൂസ് നിര്‍മാണത്തിന് പണം മുടക്കാന്‍, ഒരിക്കലും അവസാനിക്കാത്ത കക്കൂസ് നിര്‍മാണം.

സ്വച്ച് ഭാരത് അഭിയാന്‍ കണക്ക് പ്രകാരം മുപ്പത്തഞ്ചു ലക്ഷം കക്കൂസുകളാണ് ഇന്ത്യയിലെ പാവപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അംബാനിയുടെയും അദാനിയുടെയും ഗുജറാത്തില്‍ നിര്‍മിച്ചത്. മറ്റു സംസ്ഥാനങ്ങളുടെ കാര്യം വിവരിക്കുന്നില്ല, അതൊന്നും മോഡല്‍ സംസ്ഥാനങ്ങളല്ലല്ലോ. മിക്കതും ഇപ്പോള്‍ ഉപയോഗ ശൂന്യമായി, ഇനി വീണ്ടും ഉണ്ടാക്കണം, അതാണ് ഒരിക്കലും അവസാനിക്കാത്ത കക്കൂസ് നിര്‍മാണം എന്ന് പറഞ്ഞത്. താഴെ കൊടുത്ത ഗുജറാത്ത് സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തിലെ ബാനകസന്ത ജില്ലയില്‍ ഇപ്പോഴും അമ്പത്താറ് ശതമാനം പേര്‍ക്ക് കക്കൂസില്ല, ദാഹോദില്‍ 40 ശതമാനത്തിനും ചോട്ടാ ഉദയ്പൂരില്‍ മുപ്പത്തൊന്നു ശതമാനത്തിനും കക്കൂസില്ല. ബാക്കി ജില്ലകളിലും ഏറെക്കുറെ ഇതുപോലൊക്കെ തന്നെ.


ഇല്ലാത്ത കക്കൂസുകളുടെ കാര്യമല്ല, ഉണ്ടാക്കിയ കക്കൂസുകളുടെ കാര്യമാണ് നടുക്കുന്നത്, പണം മുടക്കിയ ഓട്ടോറിക്ഷക്കാരുടെ ഹൃദയം തകര്‍ക്കുന്ന കണക്ക്. ഗുജറാത്തിലെ വാല്‍സദ് ജില്ലയില്‍ 17,646 കക്കൂസുകള്‍ നിര്‍മിച്ചതില്‍ 17,423 എണ്ണം ഉപയോഗശൂന്യമാണ് എന്നാണ് സി.എ.ജി റിപ്പോര്‍ട്ട്, എന്ന് വച്ചാല്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് വെറും 223 എണ്ണം മാത്രം.

ഗുജറാത്തിലെ വാല്‍സദ് ജില്ലയില്‍ സ്വച്ച് ഭാരത് അഭിയാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കക്കൂസ്.  കടപ്പാട് – Indiaspend

മൂന്നു കൊല്ലം മുമ്പ് ഗുജറാത്തിലെ ഡാങ്ജില്ലയിലെ ഗൊഗ്ലി ഗ്രാമത്തില്‍ സ്വച്ച്ഭാരത് അഭിയാന്‍ പ്രകാരം നിര്‍മിച്ച കക്കൂസ്.  കടപ്പാട് – Indiaspend

വെള്ളമില്ലാത്തതിനാല്‍ ഉപയോഗശൂന്യമായ സ്വച്ഛഭാരത് അഭിയാന്‍ കക്കൂസ്, ഗുജറാത്ത് ഗ്രാമങ്ങളിലെസ്ഥിരം കാഴ്ച . കടപ്പാട് – Indiaspendഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളില്‍ സഞ്ചരിച്ചാല്‍ കാണുന്ന കാഴ്ചകളാണ് ചിത്രങ്ങളില്‍. നിരവധി കുടുംബങ്ങള്‍ക്ക് ഒന്നിച്ചുപയോഗിക്കാന്‍ വേണ്ടിയുണ്ടാക്കിയ പൊതു കക്കൂസുകളുടെ ശോചനീയാവസ്ഥ. മിക്കവാറും കക്കൂസുകളിലേക്ക് വാട്ടര്‍ കണക്ഷന്‍ ഇല്ല, പലതിനും ചുമരില്ല, മേല്‍ക്കൂര ഏതായാലും ഇല്ല, പിറ്റ് ടാങ്കോ കുഴിയോ ഇല്ല. ഇതൊക്കെയുള്ള അപൂര്‍വം കക്കൂസുകള്‍ ആരും വൃത്തിയാക്കാന്‍ ഇല്ലാത്തത് കാരണം ഉപയോഗശൂന്യമായിട്ടുമുണ്ട്. ഇതൊക്കെ ഉടനെ പുനര്‍നിര്‍മിക്കേണ്ടി വരും. നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷക്കാര്‍ ഇനിയും കുറെ ഓടണം.

കക്കൂസിന്റെ കാര്യം മാത്രം പറഞ്ഞു കൊണ്ടിരുന്നാല്‍ പോരല്ലോ. നമ്മുടെ കയ്യില്‍ നിന്ന് പെട്രോളിലും ഡീസലിലും ജി.എസ്.ടി യിലും പണം ഊറ്റിയെടുത്ത് നാറാണത്ത് ഭ്രാന്തന്‍ കളിക്കുന്നതിന് കക്കൂസ് മാത്രമല്ല ഉദാഹരണം. 20000 കോടി രൂപയാണ് ഗംഗാ ശുദ്ധീകരണത്തിന് 2015 ല്‍ മാത്രം നീക്കി വച്ചത്, തുടര്‍ന്ന് എല്ലാ കൊല്ലവും ആനുപാതികയായി വര്‍ധിപ്പിച്ചു. 2020 ല്‍ ഗംഗ ശുദ്ധിയാക്കല്‍ പ്രൊജക്റ്റ് പൂര്‍ത്തിയാവും എന്നാണ് പറഞ്ഞത്. ഇന്നും ഗംഗയിലെ മാലിന്യത്തിന് ഒരു കുറവുമില്ല. ഇനിയും ഇരുപത് കൊല്ലം കൂടി വേണ്ടി വരും എന്ന രീതിയിലാണ് പുതിയ വാര്‍ത്തകള്‍.

2014 ല്‍ തന്നെയാണ് ബുള്ളെറ്റ് ട്രെയിന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഒരു ലക്ഷം കോടിയാണ് ചിലവ്, മുംബയില്‍ നിന്ന് അഹമ്മദാബാദിലേക്കാണ് ബുള്ളറ്റ് ട്രെയിന്‍ പ്ലാന്‍ ചെയ്തിരുന്നത്. ഈ രണ്ടു പട്ടണങ്ങള്‍ തമ്മില്‍ ബുള്ളറ്റ് ട്രെയിന്‍ വച്ച് കണക്ട് ചെയ്തിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല. ഇഷ്ടം പോലെ വിമാനം പറക്കുന്ന റൂട്ട് ആണ്. ബുള്ളറ്റ് ട്രെയിനിന്റെ ടിക്കറ്റ് ചാര്‍ജ് വിമാനത്തേക്കാള്‍ കൂടുതലാണ്. എന്നാലും മോദിയുടെ ഒരു സന്തോഷമല്ലേ, നമ്മുടെയൊക്കെ പ്രധാനമന്ത്രിയല്ലേ, ഒരു ലക്ഷം കോടി പോയാലും നടക്കട്ടെ എന്ന് തീരുമാനിച്ചു. 2020 ല്‍ പൂര്‍ത്തിയാവാനിരുന്നതാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2028 ല്‍ പൂര്‍ത്തിയാവുമത്രെ. അതും ഗുജറാത്ത് ഭാഗം മാത്രം. മഹാരാഷ്ട്ര ഭാഗം ഉപേക്ഷിക്കാനാണാലോചന. അതിനാണ് നമ്മള്‍ പെട്രോളടിച്ചു ഒരു ലക്ഷം കോടി സംഭാവന നല്‍കുന്നത്.

ഇരുപതിനായിരം കോടിയാണ് പാര്‍ലമെന്റിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ട പണം, അതും ഓട്ടോറിക്ഷക്കാര്‍ കൊടുക്കണം. ഏകദേശം രണ്ടു ലക്ഷം കോടിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാങ്കുകളുടെ കിട്ടാക്കടം എഴുതി തള്ളിയത്. ബാങ്കുകളെ പറ്റിച്ചു മുങ്ങിയത് മേഹുല്‍ ചോക്സി, അനില്‍ അംബാനി, നീരവ് മോദി തുടങ്ങിയ നരേന്ദ്ര മോദിയുടെ ഗുജറാത്തി ഭായിമാര്‍. അവര്‍ ബാങ്കുകള്‍ക്കുണ്ടാക്കിയ നഷ്ടം നികത്തിയത് നമ്മുടെ ടാക്‌സിക്കാരും ബസ്സുകാരും. പ്രതിമ നിര്‍മാണം, യോഗ ദിനം, വിദേശ യാത്രകള്‍ തുടങ്ങിയവയുടെ ചിലവുകള്‍ ഓര്‍മിപ്പിക്കുന്നില്ല.

മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത ഹിന്ദു മധ്യവര്‍ഗത്തെ വിശേഷിപ്പിച്ചത് ‘മോദിയുടെ മുസ്‌ലിങ്ങള്‍’ എന്നാണ്. ഉത്തരേന്ത്യന്‍ പരിപ്രേക്ഷ്യത്തിലാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും പണം മുടക്കുന്നത് നമ്മള്‍ കൂടിയായതിനാല്‍ ഇവിടെ പറയാതിരിക്കാന്‍ കഴിയില്ല. ഉത്തരേന്ത്യന്‍ മുസ്‌ലിങ്ങള്‍ ഒരുപകാരവുമില്ലെങ്കിലും കോണ്‍ഗ്രസ്സുകാര്‍ക്ക് വോട്ട് ചെയ്യും, ബി.ജെ.പി വിരോധം കൊണ്ട്. ഉത്തരേന്ത്യന്‍ ഹിന്ദു മധ്യവര്‍ഗം ഒരുപകാരവുമില്ലെങ്കിലും ബി.ജെ.പി ക്കാര്‍ക്ക് വോട്ട് ചെയ്യും, മുസ്‌ലിം വിരോധം കൊണ്ട്, ഇതാണ് ശേഖര്‍ ഗുപ്തയുടെ വാദം.

ഉപകാരമില്ലെങ്കില്‍ സഹിക്കാമായിരുന്നു, മധ്യവര്‍ഗത്തിന് ഇത്രയും ഉപദ്രവം ചെയ്ത ഒരു പാര്‍ട്ടിയില്ല ബി.ജെ.പി പോലെ. തൊട്ടതിനും പിടിച്ചതിനുമൊക്കെ ടാക്‌സ് ആണ്, ഫിക്‌സഡ് ഡെപ്പോസിറ്റ് പലിശ കൊണ്ട് ജീവിക്കുന്ന വയോധികര്‍ മുതല്‍, ഓട്ടോയും ടാക്സിയും ഓടിച്ചു ജീവിക്കുന്ന കുട്ടികള്‍ക്ക് വരെ ഇത്രയും ഉപദ്രവം ചെയ്ത ഒരു ഭരണമില്ല.

സാമ്പത്തിക വളര്‍ച്ച (ഇപ്പോഴത് തളര്‍ച്ചയാണ്) സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായതിനാല്‍ മറ്റു മേഖലകളില്‍ നിന്ന് ടാക്‌സ് കിട്ടാനുള്ള സാധ്യത കുറഞ്ഞത് കൊണ്ടാണ് പെട്രോള്‍ അടിക്കുന്നവരുടെ കൊങ്ങയ്ക്ക് തന്നെ വീണ്ടും വീണ്ടും പിടിക്കുന്നത്. കാറില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഇടത്തരക്കാരൊക്കെ ഇപ്പോള്‍ ബൈക്കിലായി, ബൈക്കില്‍ പോയിരുന്നവര്‍ നടത്തമോ ബസ്സോ ആക്കി. ഓട്ടോയും ടാക്‌സിയും ഓടിക്കുന്നത് നഷ്ടത്തിലായി. ഏതെങ്കിലും തരത്തിലുള്ള ഡെലിവറി ബിസിനസ്സിന്റെ ഭാഗമായിട്ടുള്ള സംരംഭരകരൊക്കെ പൂട്ടിക്കെട്ടുന്നു.

ഇനിയും തെരഞ്ഞെടുപ്പ് വരും, അപ്പോഴേക്കും രാമക്ഷേത്രം പൂര്‍ത്തിയാവും, ലവ് ജിഹാദും പശു കൊലപാതകങ്ങളും ചര്‍ച്ചയാവും, മുസാഫാര്‍ നഗര്‍ രീതിയിലുള്ള ഒന്ന് രണ്ട് കലാപങ്ങള്‍ നടത്തും, ജയ്ശ്രീറാം വിളിക്കാന്‍ തയ്യാറുണ്ടോ എന്ന് അമിത്ഷാ ഇപ്പോള്‍ ബംഗാളില്‍ മമതയെ വെല്ലുവിളിക്കുന്ന രീതി ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കും, അത് ടെലിവിഷനുകളില്‍ വലിയ ചര്‍ച്ചയാകും, ഉത്തരേന്ത്യക്കാര്‍ ആവേശത്തില്‍ ബി.ജെ. പി ക്ക് വീണ്ടും വോട്ട് ചെയ്യും.

ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു വോട്ട് വാങ്ങിക്കേണ്ട ഗതികേടൊന്നും ബി.ജെ.പി ക്ക് ഇല്ല, ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല. ഓട്ടോറിക്ഷക്കാര്‍ അത് മനസ്സിലാക്കിയാല്‍ നന്ന്.

ഫാറൂഖ് എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malayali auto drivers paying to build toilets in Gujarat – farook Writes

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ