Administrator
Administrator
‘ജീവനില്‍ കൊതിയുള്ളത് കൊണ്ട് ഞങ്ങള്‍ കേരളത്തിലേക്ക് തിരിച്ചു’
Administrator
Wednesday 21st December 2011 3:31pm
protest in tamilnadu

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള നിലപാടില്‍ പ്രതിഷേധിച്ച് തേനി-കുമളി ഹൈവേയില്‍ ബസ് തടയുന്നവര്‍


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ പ്രസിസന്ധി നേരിടുന്നത് തമിഴ് നാട്ടിലെ മലയാളി വിദ്യാര്‍ത്ഥികളാണ്. തമിഴ്‌നാട്ടിലെ ഒരു കോളജിലും മലയാളി വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് അവിടെയുള്ള ഒരു കൂട്ടം സംഘം. ഭീഷണിയും ആക്രമണങ്ങളും ഭയന്ന് തമിഴ്‌നാട്ടിലെ മിക്ക കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് തിരിച്ചു വരുകയാണ്.

പഠനം പാതി വഴിയിലുപേക്ഷിച്ച് മടങ്ങുമ്പോള്‍ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് ഇവര്‍ക്കു മുന്നില്‍ മങ്ങുന്നത്. ജീവനില്‍ കൊതിയുള്ളതുകൊണ്ട് നാട്ടില്‍ തിരിച്ചെത്തിയ ഇവരുടെ മുന്നില്‍ ഇപ്പോള്‍ മറ്റുവഴികളൊന്നുമില്ല. അക്രമം പേടിച്ച് കേരളത്തിലേക്ക് തിരിച്ച നന്ദ പോളിടെക്‌നിക് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ വിദ്യാര്‍ത്ഥി കോഴിക്കോട് സ്വദേശി ഷമീറുമായി ഡൂള്‍ന്യൂസ് പ്രതിനിധി ആര്യ ആര്‍ രാജന്‍ നടത്തിയ ടെലിഫോണ്‍ അഭിമുഖത്തില്‍ നിന്ന്…

പഠനം നിര്‍ത്തി നാട്ടിലേക്ക് വരാനുള്ള സാഹചര്യമെന്താണ്?. തമിഴ്‌നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായോ?.

അതെ, അവര്‍ ഞങ്ങളെ കോളജില്‍ പഠിക്കാന്‍ അനുവദിക്കുന്നില്ല. ഇനി അവിടെ നിന്നാല്‍ കൊല്ലുമെന്നാണ് ഭീഷണി. ക്ലാസ് വിട്ട് പുറത്തിറങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ ഞങ്ങളെ കയ്യേറ്റം ചെയ്യാനായി ഒരുങ്ങി. തിരിച്ചു പോയ്‌ക്കോളാം എന്നു പറഞ്ഞതുകൊണ്ടു മാത്രമാണ് അവര്‍ ഞങ്ങളെ വെറുതെ വിട്ടത്. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു കുട്ടിയെ അവര്‍ കനാലിലേക്ക് പിടിച്ചുതള്ളി. ചിലരെ മര്‍ദ്ദിക്കുകയും ചെയ്തു. അവിടെ നിന്നാല്‍ അവര്‍ ഞങ്ങളെ കൊല്ലുമെന്നുറപ്പാണ്്. അതാണ് നാട്ടിലേക്ക് തിരിച്ചത്.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് വല്ല വിവരവുമുണ്ടോ?

അവരെല്ലാം അവിടുത്തെ ലോക്കല്‍ ഗുണ്ടകളാണെന്നാണ് തോന്നുന്നത്. അവര്‍ നാലഞ്ച് സംഘങ്ങളായി തിരിഞ്ഞ് മലയാളി വിദ്യാര്‍ത്ഥികളെ തിരിഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോളേജിലെ പലരും ഹോസ്റ്റലിനു പുറത്താണ് താമസിക്കുന്നത്. അവിടെ കയറിവന്ന് രണ്ടു ദിവസത്തിനുള്ളില്‍ അവിടുന്ന് പോകണമെന്നു പറഞ്ഞു.

മലയാളി വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയാല്‍ അവരെ തിരഞ്ഞു പിടിച്ച് ഭീഷണിപ്പെടുത്താന്‍ അവിടെ ആള്‍ക്കാരുണ്ട്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി പുറത്തുപോയപ്പോള്‍ ഞങ്ങളില്‍ പലരെയും അവര്‍ ഉപദ്രവിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് മറ്റു വഴികളൊന്നുമില്ല. ജീവനില്‍ കൊതിയുളളതുകൊണ്ട് അവര്‍ പറയുന്നത് അനുസരിക്കുകയേ നിവൃത്തിയുള്ളൂ

താമസം കോളജ് ഹോസ്റ്റലിലേക്ക് മാറ്റാന്‍ കഴിയില്ലേ ?

ഹോസ്റ്റിലില്‍ ഇപ്പോള്‍ തന്നെ നിരവധി കുട്ടികള്‍ താമസിക്കുന്നുണ്ട്. ഏഴുകുട്ടികള്‍ വരെ ഒരു മുറിയിലുണ്ട്. സ്ഥലപരിമിതി ഉള്ളതുകൊണ്ട് പലരും ക്ലാസുകളില്‍ തന്നെയാണ് കിടക്കാറ്. അതുമാത്രമല്ല,ഹോസ്റ്റലില്‍ താമസിച്ചാല്‍ അവിടെയും വന്ന് അവര്‍ ഉപദ്രവിക്കുമെന്ന് ഉറപ്പാണ്. തമിഴ്‌നാടിന്റെ അതിര്‍ത്തി കടക്കണം എന്നതാണ് അവരുടെ ആവശ്യം. അതുകൊണ്ടുതന്നെ ഹോസ്റ്റലില്‍ നില്‍ക്കാനും നിവൃത്തിയില്ല.

വിഷയത്തില്‍ കോളേജ് അതികൃതരുടെ നിലപാടെന്താണ് ?

ഈ പ്രശ്‌നം ഉണ്ടായ ഉടന്‍ തന്നെ അവര്‍ മീറ്റിംഗ് വിളിച്ചു. ഞങ്ങളുടെ പ്രശ്‌നങ്ങളെല്ലാം അവരോട് പറഞ്ഞു. പക്ഷേ അവരുടെ ഭാഗത്തുനിന്നും ഞങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഒന്നും ഉണ്ടായില്ല. ഞങ്ങള്‍ക്ക് 80 ശതമാനം ഹാജര്‍ വേണം. ലീവ് കൂടിയാല്‍ ഞങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതാന്‍ സാധിക്കില്ല. കോളേജില്‍ ഇപ്പോഴും റെഗുലര്‍ ക്ലാസ് നടന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്തുമസിന് സാധാരണ 10 ദിവസത്തെ ലീവ് ഉണ്ടായിരുന്നു.

എന്നാല്‍ ഇത്തവണ രണ്ടുദിവസം മാത്രമേ ലീവ് അനുവദിച്ചിട്ടുളളൂ. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ക്ലാസ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ സുരകഷിതത്വത്തിനു വേണ്ടി കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ല. ഞങ്ങള്‍ മറ്റെന്തോ കാര്യത്തിനായി ലീവ് ചോദിക്കുന്നുവെന്ന രീതിയിലാണ് അവരുടെ പെരുമാറ്റം.

കോളേജിലേക്ക് തുടര്‍ന്ന് ചെല്ലാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ ?

മുല്ലപ്പെരിയാര്‍ വിഷയം പറഞ്ഞുകൊണ്ടാണ് അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിയത്. ഈ പ്രശ്‌നം പരിഹരിക്കാതെ ഇനി തിരിച്ചുചെല്ലാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇനി എന്തുചെയ്യുമെന്ന് അറിയില്ല. തിരുപ്പൂര്‍ കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ കോളേജുകളിലെ വിദ്യാര്‍ത്ഥികളെ അവര്‍ സ്‌കൂള്‍ ബസ്സുകളില്‍ കേരള ബോര്‍ഡര്‍ വരെ എത്തിച്ചുകൊടുത്തിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് അത്തരത്തിലുള്ള സൗകര്യങ്ങളൊന്നും ചെയ്തുതന്നിട്ടില്ല.

ഏതാണ്ട് 10000 ത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴ്‌നാട്ടിലെ പല കോളേജുകളിലുമായി പഠിക്കുന്നുണ്ട്. ഒരോ കോളേജിലെയും പകുതിയിലധികം വിദ്യാര്‍ത്ഥികളും മലയാളികളാണ്. ആയുധവുമായി വന്ന്, തമിഴ്‌നാട് വിട്ടില്ലെങ്കില്‍ കൊന്നുകളയും എന്നു പറയുന്നവര്‍ക്കിടയില്‍ നില്‍ക്കാന്‍ കഴിയില്ല. ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ് തിരിച്ചുവന്നത് . കോളേജ് അധികൃതര്‍ അവിടെ ഹോസ്റ്റല്‍ സൗകര്യം ചെയ്തുതന്നാലും ഞങ്ങളുടെ സുരക്ഷിതത്വം അവര്‍ക്കും ഉറപ്പുവരുത്താന്‍ കഴിയില്ല. ആയുധവുമായി അക്രമികള്‍ കോളേജിലും കയറിവരാനിടയുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ തിരിച്ചുവന്നത്.

ഇനി എന്തു ചെയ്യാനാണ് നിങ്ങളുടെ തീരുമാനം?

എന്ത് ചെയ്യുമെന്ന് ഒരു ധാരണയുമില്ല. ഒരു തീരുമാനവുമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Advertisement