ചെറുകഥാ കൃത്തും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന അഷ്റഫ് ആഡൂര്‍ അന്തരിച്ചു
kERALA NEWS
ചെറുകഥാ കൃത്തും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന അഷ്റഫ് ആഡൂര്‍ അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Sunday, 31st March 2019, 12:11 pm

കണ്ണൂര്‍: ചെറുകഥാ കൃത്തും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന അഷ്റഫ് ആഡൂര്‍ അന്തരിച്ചു.ഏറെനാളായി പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെ ഏഴുമണിയോടെ കണ്ണൂരിലെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ പഞ്ചായത്തില്‍ ആഡൂര്‍ എന്ന പ്രദേശത്തായിരുന്നു അഷ്റഫ് ആഡൂരിന്റെ ജനനം. പിതാവ് മുഹമ്മദ്, മാതാവ് സൈനബ. ഭാര്യ ഹാജിറ സി.എം, മക്കള്‍ ആദില്‍, അദ്നാന്‍.

Also Read:  എന്ത് ചോദ്യമാണ് ഇത്? തോല്‍വി ഭയന്നിട്ടാണോ മോദി അന്ന് രണ്ട് സീറ്റുകളില്‍ മത്സരിച്ചത്; രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് കെ.സി വേണുഗോപാല്‍

ആഡൂര്‍ പാലം ബസ്സ്റ്റോപ്പിനടുത്ത് സൃഹൃദ്സംഘം പണിതുനല്‍കിയ വീട്ടിലാണ്(“കഥവീട്) അഷ്റഫ് ആഡൂര്‍ കഴിഞ്ഞിരുന്നത്. സൈകതം ബുക്‌സ് പുനഃപ്രസിദ്ധീകരിച്ച “അഷ്‌റഫ് ആഡൂരിന്റെ തെരഞ്ഞെടുത്ത കഥകള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയും മറ്റുമായിരുന്നു അഷ്‌റഫിന്റെ ചികിത്സാ ചിലവിനുള്ള പണം സൗഹൃദസംഘം കൂട്ടായ്മ കണ്ടെത്തിയത്.

മരണം മണക്കുന്ന വീട്, കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികള്‍, പെരുമഴയിലൂടൊരാള്‍, മരിച്ചവന്റെ വേരുകള്‍ തുടങ്ങിയവയാണ് അഷ്റഫ് ആഡൂരിന്റെ പ്രധാന കഥാ സമാഹാരങ്ങള്‍.

ഇരട്ടക്ലൈമാക്സുള്ള ജീവിതം ന്നെ കഥ “കഥാപാത്രം” എന്ന പേരിലും കരഞ്ഞുപെയ്യുന്ന മഴ എന്ന കഥ ” പെയ്ത്ത്” എന്ന പേരിലും താടി എന്ന കഥ അതേപേരിലും ഹൃസ്വസിനിമയായി. ദേശീയ സംസ്ഥാന തലത്തില്‍ അംഗീകാരം നേടിയ ആദിമധ്യാന്തം എന്ന സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.

ബോംബെ ജ്വാല അവാര്‍ഡ്, അങ്കടം ടിവി കൊച്ചുബാവ അവാര്‍ഡ്, പാഠ സുവര്‍ണ മുദ്ര പുരസ്‌കാരം, എ.കെ.ജി സ്മാരക പുരസ്‌കാരം തുടങ്ങി 30 ലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.