മജ്‌നി തിരുവങ്ങൂര്‍
പിടിച്ചൊരുച്ച നേരം,
മുനത്തിനിരുമുടി-
ക്കെട്ടുമേന്തി-
പാലക്കാടിന്റെ വെന്ത-
മണ്ണിലേക്കൊരു യാത്രികന്‍
വന്നിറങ്ങി…
കണ്ണുകളിലൊരായിരം
ചോദ്യചിഹ്നങ്ങളുമായ്…!
സ്മരണകള്‍ മുടിയേറ്റു-
നടത്തുന്ന
കരിമ്പനകള്‍ തന്‍ നിഴലി-
ലൂടെ,
അയാള്‍ തേടിയിറങ്ങി…
കണ്ണില്‍ പുകചുരുളു-
മായലഞ്ഞൊരു പ്രവാച-
കനെ..
വൃത്തങ്ങള്‍ തന്‍ നിറവില്‍
ലോക തത്വമൊളിച്ചുവെച്ച്
നാവിലറിവിന്റെ കിളി-
പ്പേച്ചുമായ് ചെതലിയുടെ
വാരികളിലേക്ക് ഊര്‍ന്നി-
റങ്ങി പോയൊരു ബ്രഹ്മജ്ഞാനിയെ…,
തകര്‍ന്നടിഞ്ഞ പള്ളികള്‍ തന്‍
മിനാരങ്ങളില്‍ കാലൂന്നിനിന്ന്,
ലോകത്തെ നോക്കി വേദനിച്ച
കിനാവിന്റെ വില്ലീസു പടുതയില്‍
മുഖമൊളിപ്പിച്ച് ഭൂതകാലമയാളെ-
നിഷേധിച്ചു…,
നിഴലുകളില്‍ നിഴലുകള്‍
വീഴുമിടവഴികളിലൂടൊളിച്ചു-
കളിക്കുമുത്തരങ്ങളെ പരതി-
അയാളിടറിനടന്നു..!
ദൂരെയെവിടെയോനിന്ന്
താലിചരടറ്റൊരുപെണ്ണി-
ന്റെ നിലവിളിയയാളെ-
പൊതിയുന്നു….!
കണ്‍മുന്നില്‍ പോതിയുടെ
പുളിമാത്രം കാലത്തിനുത്തരമെന്നപോല്‍ ,
ദിക്കുകളെ കൈക്കുള്ളിലൊതുക്കി-
നിവര്‍ന്നു…!
അപ്പോള്‍ ഖബറുകളുടെ
താഴ്‌വാരങ്ങളിലൊരായിരം
ജമന്തിപൂക്കള്‍ വിരിഞ്ഞു…
ആ പൂക്കളൊക്കയും
അയാള്‍ക്കുള്ളതായിരുന്നു…
ഇപ്പോള്‍ –
ചക്രവാളത്തില്‍ ചെതലിമലമാത്രം-
എല്ലാറ്റിനുമുത്തരമെന്നപോല്‍ –
ഘനീഭവിച്ചുകിടന്നു..
അതിന്‍ ഹൃദയത്തിലൊടുങ്ങാത്ത
കാട്ടുതീ പുകഞ്ഞു…