വരുന്നത് സിനിമാ വാരം; രണ്ട് ത്രില്ലറുകളുമായി ചാക്കോച്ചന്‍, കൂടെ നയന്‍താരയും മഞ്ജുവാര്യരും ധനുഷും; ഈ ആഴ്ച്ച റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍
Malayalam Cinema
വരുന്നത് സിനിമാ വാരം; രണ്ട് ത്രില്ലറുകളുമായി ചാക്കോച്ചന്‍, കൂടെ നയന്‍താരയും മഞ്ജുവാര്യരും ധനുഷും; ഈ ആഴ്ച്ച റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th April 2021, 3:26 pm

കൊച്ചി: സിനിമയെ സംബന്ധിച്ചിടത്തോളം ഫെസ്റ്റിവല്‍ സീസണാണ് ഇനി വരാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിഷു – പെരുന്നാള്‍ സീസണ്‍ നഷ്ടമായെങ്കിലും ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സീസണിനായി നിരവധി സിനിമകളാണ് വരുന്നത്.

മലയാളത്തില്‍ നിന്നും ഈ വാരം നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രങ്ങളില്‍ ഭൂരിപക്ഷവും ത്രില്ലര്‍ ചിത്രങ്ങളാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇതില്‍ കുഞ്ചാക്കോ ബോബന്റെ രണ്ട് ചിത്രങ്ങളാണ് അടുത്ത് അടുത്ത ദിവസങ്ങൡ റിലീസ് ചെയ്യുന്നത്.

ഫഹദ് ഫാസില്‍ – ദിലീഷ് പോത്തന്‍ – ശ്യാം പുഷ്‌ക്കരന്‍ ടീമിന്റെ ജോജി, മഞ്ജു വാര്യര്‍ – സണ്ണി വെയ്ന്‍ ടീമിന്റെ ചതുര്‍മുഖം, മാര്‍ട്ടിന്‍ പ്രകാട്ട് – കുഞ്ചാക്കോ ബോബന്‍ ടീമിന്റെ നായാട്ട്, നയന്‍താര – കുഞ്ചാക്കോ ബോബന്‍ ഒന്നിക്കുന്ന നിഴല്‍, ധനുഷ്- മാരി സെല്‍വരാജ് ചിത്രം കര്‍ണന്‍ തുടങ്ങിയവയാണ് റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങള്‍.

ജോജി – ഏപ്രില്‍ 7

ഫഹദ് ഫാസിലാണ് ജോജിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. ‘ദൃശ്യം 2’നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ജോജി.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് ജോജി. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ എരുമേലി ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എഡിറ്റിംഗ് കിരണ്‍ ദാസ്. കോ ഡയറക്ടേഴ്‌സ് റോയ്, സഹീദ് അറഫാത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്.

നായാട്ട് – ഏപ്രില്‍ 8

ചാര്‍ളിക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നായാട്ട്. ഏപ്രില്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പൊലീസ് കഥാപാത്രങ്ങളായാണ് മൂവരും എത്തുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളായിരുന്നു ലൊക്കേഷനുകള്‍.

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. നായാട്ട് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

ചതുര്‍മുഖം – ഏപ്രില്‍ 8

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ത്രില്ലര്‍ എന്ന ടാഗിലാണ് ചതുര്‍മുഖം എത്തുന്നത്. മഞ്ജുവാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ സണ്ണിവെയ്‌നാണ് നായകനാവുന്നത്.

രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

അഞ്ചര കോടിമുതല്‍ മുടക്കില്‍ വിഷ്വല്‍ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളും ഒരുക്കിയിട്ടുണ്ട്.

സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിര്‍വഹിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്. അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവര്‍ കോ-പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ ബിനീഷ് ചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കല നിമേഷ് എം താനൂര്‍, എഡിറ്റിംഗ് മനോജ്, മേക്കപ്പ് രാജേഷ് നെന്മാറ, കോസ്റ്റ്യൂം സമീറ സനീഷ്.

വി.എഫ്.എക്സ് പ്രോമിസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, സ്റ്റില്‍സ് രാഹുല്‍ എം സത്യന്‍, ഡിസൈന്‍സ് ഗിരീഷ് വി സി.

നിഴല്‍ – ഏപ്രില്‍ 9

നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളില്‍ എത്തുന്ന നിഴല്‍ പ്രശസ്ത എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഛായാഗ്രഹണം ദീപക്.ഡി.മേനോന്‍. സംഗീതം സൂരജ്.എസ്.കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊഡുത്താസ്, പി.ആര്‍.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

കര്‍ണന്‍ – ഏപ്രില്‍ 9

ധനുഷ് നായകനാവുന്ന കര്‍ണന്‍ ഏപ്രില്‍ 9 നാണ് റിലീസ് ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. പരിയേറും പെരുമാള്‍ സംവിധാനം ചെയ്ത മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. രജിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് കര്‍ണന്‍. നടന്‍ ലാലും യോഗി ബാബുവും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തും.

മാരി സെല്‍വരാജിന്റെ ആദ്യ ചിത്രമായ പരിയേറും പെരുമാളിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ധനുഷിനോടൊപ്പം മൂന്നാം തവണയാണ് സന്തോഷ് ഒരുമിക്കുന്നത്. കൊടി, വട ചെന്നൈ എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും നേരത്തെ ഒരുമിച്ചത്.

തമിഴ്‌നാട്ടിലെ ജാതി പ്രശ്‌നത്തിന്റെ നേര്‍ക്കാഴ്ചകള്‍ പങ്കുവെച്ച ചിത്രമായിരുന്നു മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരേ പോലെ ചിത്രം നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Malayalam New Movies Joji, Nizhal, Nayattu, Karnan, Chathurmukham Releasing Date and preReview