ഒന്നാം സ്ഥാനത്ത് മമ്മൂട്ടി, തൊട്ടുപിന്നാലെ പ്രണവ്; അവസാനത്തേക്ക് പിന്തള്ളപ്പെട്ട് മോഹന്‍ലാല്‍
Entertainment
ഒന്നാം സ്ഥാനത്ത് മമ്മൂട്ടി, തൊട്ടുപിന്നാലെ പ്രണവ്; അവസാനത്തേക്ക് പിന്തള്ളപ്പെട്ട് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th October 2022, 4:58 pm

കൊവിഡിന് ശേഷം മലയാള സിനിമയും തിയേറ്ററുകളും മികച്ച തിരിച്ചുവരവ് നടത്തിയ വര്‍ഷമാണ് 2022. തുടര്‍ച്ചയായി തിയേറ്ററുകളില്‍ വിജയം നേടാന്‍ സിനിമകള്‍ക്കായി.

മാസ് ആക്ഷന്‍ സിനിമകള്‍ മുതല്‍ വ്യത്യസ്ത പ്രമേയങ്ങളും ട്രീറ്റ്‌മെന്റുകളുമായി എത്തിയ സിനിമകള്‍ വരെ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തു.

 

2022ല്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ മുന്നിട്ടു നില്‍ക്കുന്നത് മമ്മൂട്ടി തന്നെയാണ്. 88.10 കോടി രൂപയാണ് അമല്‍ നീരദ് ചിത്രം തിയേറ്ററില്‍ നിന്നും നേടിയത്.

തൊട്ടുപിന്നിലുള്ളത് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയമാണ്. 55.25 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. 50 കോടിയുമായി ജനഗണമയിലൂടെ പൃഥ്വിരാജാണ് മൂന്നാം സ്ഥാനത്ത്.

തല്ലുമാല(47.3 കോടി,) കടുവ(46.5 കോടി), സി.ബി.ഐ: ദ ബ്രെയ്ന്‍(36.5 കോടി), റോഷാക്ക്(34.2 കോടി), ന്നാ താന്‍ കേസ് കൊട്(34.1 കോടി), പാപ്പന്‍ (30 കോടി), ആറാട്ട്(24 കോടി) എന്നീ ചിത്രങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളിലെത്തുന്നത്.

ആദ്യ പത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളുള്ളത് ഒന്നാം സ്ഥാനക്കാരനായ മമ്മൂട്ടിക്കാണ്. റോഷാക്കും ദ ബ്രെയ്‌നും ഭീഷ്മ പര്‍വ്വവും 30+ കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതോടെ, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 30+ കോടിയില്‍ ഹാട്രിക് അടിക്കുന്ന ആദ്യ മലയാള നടനായും മമ്മൂട്ടി മാറിയിരുന്നു.

 

 

2022ലെ നിലവിലെ ആദ്യ പത്തില്‍ കൂടുതല്‍ കളക്ഷന് സാധ്യതയുള്ള ചിത്രവും മമ്മൂട്ടിയുടെ റോഷാക്കാണ്. മികച്ച രീതിയിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം തുടരുന്നത്. അതുകൊണ്ട് തന്നെ ചിത്രം കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനത്തിലേക്ക് ഉയരും.

അതേസമയം 2022ല്‍ ഇനിയും നിരവധി ചിത്രങ്ങള്‍ റിലീസിനായി ഒരുങ്ങുന്നുണ്ട്. വര്‍ഷം അവസാനിക്കുന്നതോടെ ഈ ആദ്യ പത്ത് സിനിമകളുടെ ലിസ്റ്റ് മാറിമറിയാന്‍ സാധ്യതയുണ്ട്.

Content Highlight: Malayalam movies 2022 Collection records