Administrator
Administrator
വീഴ്ച
Administrator
Sunday 15th May 2011 2:46pm

ചെറുകഥ / എ പി സജിഷ

കര്‍ന്നു കിടക്കുകയാണ് ഞാനിപ്പോള്‍. തീരാനോവുകളുടെ ഒരു കദനഭാരവും ചുമന്ന് വെറും നിലത്ത്. എന്റെ നൊമ്പരങ്ങള്‍ അറിയാന്‍ ആരുമില്ല. വിലാപങ്ങളും കേള്‍ക്കുന്നില്ല. എന്തിന്, കൈയെത്തും ദൂരത്തായിട്ടും എന്റെയരികിലുള്ള ഗ്ലാസുയര്‍ത്താന്‍ പോലും എനിക്ക് കഴിയുന്നില്ല.

പക്ഷെ, മനസില്‍ നിന്ന് കുടിയിറക്കിയ ചില കിനാവുകള്‍ വീണ്ടും വീണ്ടും ഓര്‍മകളില്‍ നിറയുകയാണ്. അതുകെണ്ടു തന്നെ ഞാന്‍ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറയാന്‍ നോക്കുന്നതും എന്റെ സ്വപ്‌നങ്ങള്‍ വെന്ത് ചാരമായെന്ന്.

പക്ഷേ, എന്റെ ശബ്ദം ഉയരുന്നില്ല. പറയുന്ന വാക്കുകള്‍ വഴുതിപ്പോകുന്നു. എന്റെ കൂടെയാരുമില്ല. ഇങ്ങനെ വീഴ്ചകളും വഴുതി വീണ സംസാരവും പതിവായപ്പോള്‍ പപ്പ എന്നെ വെറുത്തു തുടങ്ങി. ഇപ്പോള്‍ മമ്മിക്കുമുണ്ട് നീരസം.

കാഫ്കയുടെ *ഗ്രിഗറിയെപ്പോലെ രാവിലെയാകുമ്പോഴേക്കും എന്റെ രൂപം മാറും എന്നു തോന്നുന്നു. അല്ലെങ്കിലും ഒരു രൂപാന്തരം വന്നാല്‍ ആര്‍ക്കാണ് നഷ്ടം. എന്റെ കാഫ്കയെയും ചാള്‍സ് ഡിക്കന്‍സിനെയുമൊക്കെ പപ്പ തന്നെയാണ് എന്നില്‍ നിന്നകറ്റിയത്.

പപ്പ ഒരുപാട് സ്‌നേഹിക്കുന്ന സ്‌റ്റെതസ്‌കോപ്പ് കഴുത്തില്‍ തൂങ്ങിക്കിടന്ന് ദിവസവും എന്നെ പേടിപ്പിച്ചു. എത്രയോ ഹൃദയമിടിപ്പുകളേറ്റു വാങ്ങി പിന്നെയും പിന്നെയും അതെന്നെ പേടിപ്പിക്കുന്നു. എന്നിട്ടും സ്‌റ്റെതസ്‌കോപ്പുമായിരിക്കുന്ന എന്നെ കാണുമ്പോള്‍ പപ്പയും മമ്മിയും സന്തോഷിച്ചു. അവരാണ് ആദ്യം എന്റെയിഷ്ടങ്ങള്‍ ദൂരെയെറിഞ്ഞത്. ഒരു ദിവസം ആ സ്‌റ്റെതസ്‌കോപ്പ് ഞാന്‍ വലിച്ചെറിയും.

ഞാന്‍ നീറിപ്പൊള്ളുമ്പോള്‍ അവള്‍ പതുക്കെ കുളിര്‍മഴയാകും

എനിക്ക് വയ്യേ…ഇങ്ങനെ നീറി നീറി ജീവിക്കാന്‍…ആ ഗ്ലാസൊന്നുയര്‍ത്താന്‍ എനിക്ക് കഴിഞ്ഞാല്‍ മതിയായിരുന്നു. ഇല്ലെങ്കില്‍ അതില്‍ ബാക്കിയുള്ള സ്‌കോച്ച് വിസ്‌കി ആരെങ്കിലും ഒന്നു വായിലൊഴിച്ചു തന്നാല്‍ മതിയായിരുന്നു. ഇപ്പോള്‍ തന്നെ എത്ര പെഗായി എന്ന് ഓര്‍മയില്ല. കഴിച്ചു കഴിച്ചു ഞാന്‍ വീണുപോയി.

എന്നാലും ഒരു കാര്യം പറയട്ടെ. എന്നെ ചോദ്യം ചെയ്യാന്‍ ഈ ഭൂമിയിലാരും വേണ്ട. അത് പപ്പയാണെങ്കിലും മമ്മിയാണെങ്കിലും, ആശുപത്രി മാനേജര്‍ രാകേഷ് മേനോനാണെങ്കിലും ശരി. ചോദ്യങ്ങള്‍ ഈ പെണ്ണിനോട് വേണ്ട. പിന്നെ ഇനി മുതല്‍ രേവതിക്കും ഞാന്‍ വിലക്കേര്‍പ്പെടുത്തുകയാണ്. ആദ്യമായി എനിക്ക് വോഡ്ക പകര്‍ന്നു നല്‍കിയ ആ കൈകളും എന്നെ നോക്കിയിരുന്ന കണ്ണുകളുമൊക്കെ ഇപ്പോഴും എന്നെ മോഹിപ്പിക്കുന്നുണ്ടെങ്കിലും.

എനിക്കിഷ്ടവും അത് മാത്രമായിരുന്നു. അവളുടെ മടിയില്‍ തലവെച്ച്, ഒരു രാത്രി മുഴുവന്‍ ലഹരിയില്‍ മുങ്ങി അവളും ഞാനും മാത്രമുള്ള ഒരു ലോകം. വേദനയുടെ തീനാമ്പുകള്‍ സമ്മാനിച്ച പ്രൊഫഷണല്‍ ജീവിതത്തിന്റെ ആദ്യനാളുകളുമൊക്കെ അപ്പോഴാണ് ഓര്‍മകളായി പിറക്കുന്നത്.

ആരുമറിയാതെ പപ്പയും മമ്മിയും കുഴിച്ചു മൂടിയ എന്റെ സാഹിത്യ പ്രപഞ്ചവും അവള്‍ക്ക് മുന്നില്‍ ഞാനിറക്കും. അത് കേള്‍ക്കാനും എനിക്ക് സ്വന്തം അവള്‍ മാത്രമായി. അങ്ങനെ വേദനയുടെ തീക്കുണ്ഡത്തില്‍ ഞാന്‍ നീറിപ്പൊള്ളുമ്പോള്‍ അവള്‍ പതുക്കെ കുളിര്‍മഴയാകും.

എന്റെ തലമുടിയിലൂടെ ഊര്‍ന്നിറങ്ങുന്ന അവളുടെ വിരല്‍ സ്പര്‍ശം മാത്രമായിരിക്കും പിന്നെ ഞാനറിയുന്നത്. പിന്നെ അവള്‍ വീണ്ടും ഒന്നോ രണ്ടോ പെഗ് കൂടി ഒഴിച്ചുതരും. എന്നെ ഒന്നു കൂടെ അവളിലേക്ക് ചേര്‍ത്തുവെക്കും. രേവതിയുടെ സാമിപ്യമുണ്ടെങ്കില്‍ എന്റെ സ്‌റ്റെതസ്‌കോപ്പ് പോലും ഞാന്‍ മറക്കും.

അടുത്ത പേജില്‍ തുടരുന്നു

Advertisement