എഡിറ്റര്‍
എഡിറ്റര്‍
ദേശീയ അവാര്‍ഡ്: പ്രാദേശിക ജൂറി ചില മലയാള സിനിമകളെ തഴഞ്ഞെന്ന് ആക്ഷേപം
എഡിറ്റര്‍
Friday 9th March 2012 11:01am

ദേശീയ അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞെങ്കിലും പതിവ് പോലെ ഇത്തവണയും വിവാദങ്ങളൊഴിയുന്നില്ല. ഇത്തവണത്തെ ദേശീയ അവാര്‍ഡ് ജൂറിയുടെ മുമ്പിലെത്തിക്കാതെ ചില മലയാള സിനിമകളെ തഴഞ്ഞെന്ന ആക്ഷേപം ശക്തമാകുകയാണ്. പ്രണയം, ആദിമധ്യാന്തം, ഇന്ത്യന്‍ റുപ്പി തുടങ്ങി കഴിഞ്ഞവര്‍ഷത്തെ മികച്ച ചില ചിത്രങ്ങള്‍ ജൂറിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും ചാപ്പാക്കുരിശ്, ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങി അതേ രീതിയില്‍ പ്രശംസ നേടിയ ചില ചിത്രങ്ങള്‍ അവാര്‍ഡ് നിര്‍ണയ സമിതിയുടെ മുന്നിലെത്താതെ പോയി.

അവാര്‍ഡ് കിട്ടാതെ പോയവരോ, അല്ലെങ്കില്‍ തഴയപ്പെട്ട സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചവരോ ചോദിക്കുന്ന ചോദ്യമല്ല ഇത്. ഈ സിനിമകള്‍ ആസ്വദിച്ച പ്രേക്ഷകന്റെ ചോദ്യമാണിത്.

ഊമക്കുയില്‍ പറയുന്നു എന്ന സിനിമയെ ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെടാതിരുന്നതിന് കാരണം പ്രാദേശിക ജൂറിയുടെ കൈകടത്തലാണെന്ന് പറഞ്ഞ് ആ ചിത്രത്തിന്റെ സംവിധായകന്‍ സിദ്ദീഖ് ചേന്ദ്രമംഗല്ലൂര്‍ രംഗത്തെത്തി കഴിഞ്ഞു. ഇതിനെതിരെ സാംസ്‌കാരിക വകുപ്പിനും ദേശീയ ജൂറിക്കും പരാതി നല്‍കുമെന്ന് സിദ്ദീഖ് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. മലയാള സിനിമകള്‍ തഴയപ്പെട്ടതില്‍ പ്രാദേശിക ജൂറിയുടെ കൈകടത്തലാണെന്ന് മറ്റിടങ്ങളില്‍ നിന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

ഇന്ത്യന്‍ ഭാഷകളില്‍ ഇറങ്ങുന്ന സിനിമകള്‍ മുഴുവന്‍ സമയം കിട്ടില്ലെന്ന് പറഞ്ഞ് ഓരോ മേഖലയില്‍നിന്നുള്ള ചിത്രങ്ങള്‍ കാണാന്‍ പ്രത്യേകം ജൂറികളെ ചുമതലപ്പെടുത്തിയിരുന്നു. ഈ രീതി ശരിയല്ലെന്ന് ആക്ഷേപം ഉയര്‍ന്നതോടെ കേരള ചലചിത്ര അക്കാദമിയുടെ മുന്‍ അധ്യക്ഷന്‍കൂടിയായ ഷാജി എന്‍. കരുണിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഒരു സമിതിയെ നിയോഗിച്ചു. പകരം സംവിധാനം എന്താവണം എന്ന് നിര്‍ദേശിക്കുകയായിരുന്നു സമിതിയുടെ ജോലി. സമിതി നിശ്ചയിച്ചത് മേഖലാ ജൂറികളെ നിയോഗിക്കാനാണ്. കേരളം ഉള്‍പ്പെടെ  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചേര്‍ത്ത് ഒരു ജൂറി ഉള്‍പ്പെടെ രാജ്യത്ത് അഞ്ച് മേഖലാ ജൂറികള്‍ കഴിഞ്ഞവര്‍ഷം നിലവില്‍വരികയും ചെയ്തു.

ഇത്തവണ മലയാളത്തില്‍നിന്ന് വ്യക്തിഗത അവാര്‍ഡിന് മത്സരിക്കാന്‍ പോയത് പ്രണയത്തിലെ പ്രകടനത്തിന് മോഹന്‍ലാലായിരുന്നു. അത് പരിഗണിക്കപ്പെട്ടില്ല. കലാസംവിധാനം, ഗാനരചന, ആലാപനം, മേക്ക്അപ് തുടങ്ങിയ മേഖലകളില്‍ മല്‍സരിക്കാമായിരുന്ന വീരപുത്രന്‍ പോലുള്ള ചിത്രങ്ങള്‍ ദേശീയ ജൂറിക്ക് മുന്നില്‍ എത്തിയതേയില്ല.   മറ്റ് ഭാഷകളുടെ പ്രതിനിധികള്‍ മേഖലാ ജൂറികളിലിരുന്ന് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഭാഷയിലെ പരമാവധി ചിത്രങ്ങള്‍ ദേശീയ ജൂറിക്ക് മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ മലയാളത്തില്‍ നടക്കുന്നത് വെട്ടിനിരത്തലാണെന്നാണ് പരാതി.

Malayalam news

Kerala news in English

Advertisement