Administrator
Administrator
ദോശത്തട്ടില്‍ സാന്‍ഡ് വിച്ച് ഉണ്ടാക്കുമ്പോള്‍…
Administrator
Thursday 20th October 2011 4:17pm

sandwich

സിനിമ: സാന്റ് വിച്ച്

സംവിധാനം: എം.എസ് മനു

നിര്‍മ്മാണം: എം.സി അരുണ്‍, സജീവ് മാധവന്‍

അഭിനേതാക്കള്‍: കുഞ്ചാക്കോ ബോബന്‍, റിച്ചാ പനായി

സംഗീത സംവിധാനം: ജയന്‍ പിഷാരടി

ഫസ്റ്റ് ഷോ /ആര്യ മുഹമ്മദ്

മലയാള സിനിമയ്ക്കു കഥയില്ലെന്നു പറയുന്ന ഒരു കൂട്ടരുണ്ട്. അത്തരം കൂട്ടരെ കണ്ടുമുട്ടിയാല്‍ തട്ടിക്കൊണ്ടു പോയെങ്കിലും നിര്‍ബന്ധമായും കണിച്ചിരിക്കേണ്ട ഒരു പടം അടുത്ത കാലത്തു ഇറങ്ങിയിട്ടുണ്ട്. പേരു പറയില്ല വേണമെങ്കില്‍ തിന്നു കാണിച്ചു തരാം എന്നൊക്കെ ബഡായി പറയുമ്പോഴേ ഊഹിക്കാന്‍ പറ്റണം-നവാഗതനായ എം.എസ് മനു സംവിധാനം ചെയ്ത് അടുത്തിടെ റിലീസ് ചെയ്ത ‘സാന്‍ഡ് വിച്ച്’ എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

കഥ ലളിതമാണ്. ഒരിടത്തൊരു ഐ ടി പ്രൊഫഷണല്‍. പേര്-സായി കൃഷ്ണ(കുഞ്ചാക്കോ ബോബന്‍).സായിക്ക് തേനേ, മോനേ..നീ രണ്ടു വീശാനെപ്പോഴിങ്ങെത്തും എന്ന മട്ടില്‍ ചോദിക്കുന്ന ബാങ്കു മാനേജറായ ഒരച്ഛന്‍ രാമചന്ദ്രന്‍-(ലാലു അലക്‌സ്). ടി വി സീരിയലില്‍ നിന്നു ഇറങ്ങി വന്നതു പോലൊരു അമ്മ(ശാരി). അച്ഛന്റെ ബഡാ ദോസ്തായ ഭദ്രന്റെ മോളായ ശ്രുതി(റിച്ച പാനായി)യാണെങ്കില്‍ സായി ഇപ്പോള്‍ കെട്ടും എന്നു പറഞ്ഞു പുര നിറഞ്ഞു നില്‍ക്കുന്ന പെണ്ണ്. അതും പോരാഞ്ഞ് കളിക്കൂട്ടുകാരി, സഹപ്രവര്‍ത്തക. സംഗതി ഇങ്ങനെ അഴകുഴമ്പന്‍ മട്ടില്‍ നില്‍ക്കുമ്പോഴാണ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന സായിയുടെ വണ്ടിയുടെ നിയന്ത്രണം വിട്ട് ഒരു വാനിലിടിക്കുന്നതും അതിലുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അനന്തന്‍ മരിക്കുന്നതും. (പത്തു മിനുട്ട് താമസിച്ചു തീയറ്റിലെത്തിയവര്‍ ക്ഷമിക്കുക. അങ്ങനെയൊരു സംഭവം തുടക്കത്തലുണ്ടായുണ്ട്. ആ അത്യാഹിതത്തിന്റെ ഫലമാണ് പിന്നീടുള്ള കാട്ടിക്കൂട്ടലുകളെല്ലാം.. ) പ്രതികാരദാഹിയായ അനന്തന്റെ അനിയന്‍ മുരുകന്‍ (വിജയകുമാര്‍) സായിയെ വേട്ടയാടാന്‍ തുടങ്ങുന്നിടത്ത് സിനിമയ്ക്ക് ട്വിസ്റ്റ് തുടങ്ങുന്നു.

അനന്തന്‍ തട്ടിപ്പോയതില്‍ സന്തോഷവാനാണ് അധോലോക നായകനായ ആണ്ടിപ്പെട്ടി നായ്ക്കരും(സാക്ഷാല്‍ സുരാജ് വെഞ്ഞാറമൂട്) കൂട്ടാളികളും. ചക്ക വീണ് അനന്തന്‍ മുയലു ചത്തതിന് പാരിതോഷികമായി അതു ചെയ്ത സായി കൃഷ്ണയുടെ സംരക്ഷണം ഏറ്റെടുക്കുകയാണ് നായ്ക്കരും സംഘവും. വെറൊരു മോഹം കൂടി ആണ്ടിപ്പെട്ടി നായ്ക്കര്‍ക്കുണ്ട്. തന്റെ മകളായ കണ്മണി(അനന്യ)യെക്കൊണ്ട് വീര പുരുഷനായ സായിയെ കെട്ടിക്കുക. കണ്‍മണിക്കും ശ്രുതിക്കുമിടയില്‍ പെടുന്ന സാന്‍ഡ് വിച്ച് ചെക്കനായി സായി എന്ന കുഞ്ചാക്കോയുടെ ജീവിതവും അതുണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് ഈ സിനിമയുടെ തിരക്കഥ. ഒപ്പം വളരെ തന്ത്രപരമായി എങ്ങനെ രണ്ടു ഗുണ്ടാസംഘങ്ങളെ ഒതുക്കാമെന്നും സായിയുടെ ബുദധി അഥവാ തിരക്കഥാകൃത്തിന്റെ സൂത്രം നമുക്ക് പറഞ്ഞു തരുന്നു.

താര വായന

കുഞ്ചാക്കോ ബോബന്‍: ഈ സിനിമയില്‍ ആരെങ്കിലും സീരിയസായി അഭിനയിച്ചിട്ടുണ്ടെങ്കില്‍ അത് കുഞ്ചാക്കോയാണ്. ആ തൊലിക്കട്ടി സമ്മതിക്കണം. സുരാജും ഇന്ദ്രന്‍സും മറ്റു താരങ്ങളുമെല്ലാം നടത്തുന്ന തറ കോമഡിക്കു നടുവില്‍ നട്ടെല്ലു വളയാതെ നിന്നു അഭനയിച്ചതിനു കൊടുക്കണം സ്‌പെഷ്യല്‍ അവാര്‍ഡ്.

റിച്ച പാനായി- റിച്ച പാനായി എന്നതു ഈ ചിത്രത്തിന്റെ കാര്യത്തില്‍ റിച്ച ‘പാഴായി” എന്നു തിരുത്തി വായിക്കാനപേക്ഷ. ഒരു ഭാവമാറ്റവുമില്ലാതെ പഠിപ്പിച്ചതു അതു പോലെ കേട്ടു പറയുന്ന സ്‌കൂള്‍ കുട്ടിയുടെ മട്ടില്‍ ഡയലോഗുകള്‍ ചൊല്ലിപ്പറഞ്ഞതിന് റിച്ചാ, ബഹുത് അച്ചാ….

വിജയകുമാര്‍-സാല്‍ട്ട് ആന്റ് പെപ്പര്‍ എന്നപടം ബാബുരാജ് എന്ന നടനു കൊടുത്ത കരിയര്‍ മൈലേജ് അറിഞ്ഞു തന്നെയാകണം സംവിധായകന്‍ എം.എസ് മനു മലയാള സിനിമനയിലെ മറ്റൊരു സ്്ഥിരം ഗുണ്ട വിജയകുമാറിനെ ഇക്കുറി കോമഡി ലൈനില്‍ അപ്പിയര്‍ ചെയ്യിച്ചത്. അപ്പച്ചന്‍ കാണിക്കുന്നത് കണ്ട് കൊച്ചുണ്ടാപ്രി കാണിച്ചാല്‍ ചുളുങ്ങിപ്പോവും എന്നു പറഞ്ഞതു പോലെ തന്നെയായി. വിജയകുമാര്‍ എന്ന നടന്് എന്തെങ്കിലും വിലയുണ്ടെങ്കില്‍ അതു കളഞ്ഞു കുളിക്കുന്ന റോളാണ് സാന്‍ഡ് വിച്ചിലെ മുരുകന്റേത്.

സുരാജ് വെഞ്ഞാറമൂട്-മലയാള സിനിമയുടെ അനാവശ്യ നടന്‍ പട്ടികയിലേക്ക് സുരാജ് നടന്നു കയറുന്ന കാലം വിദൂരമല്ലെന്ന് ആണ്ടിപ്പെട്ടി നായ്ക്കര്‍ തെളിയിക്കുന്നു.

അനന്യ- അനന്യേ, ഇത്തരം പടങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകരെ അന്യരാക്കരുത്.

ചുരുക്കത്തില്‍ ‘സാള്‍ട്ട് ആന്റ്  പെപ്പര്‍’ എന്ന സിനിമ മലയാള സിനിമയ്ക്കു നല്‍കിയ നവോന്മേഷത്തില്‍ പൊട്ടിമുളച്ച തകരയാണ് ‘സാന്‍ഡ് വിച്ച്’. മലയാളി പ്രേക്ഷകരുടെ സാമാന്യ ബോധത്തേയും യുക്തിയേയും വലിയ വായില്‍ വെല്ലു വിളിക്കുന്ന ഒന്ന്.

പാചകത്തില്‍ സാള്‍ട്ടും പെപ്പറും ശരിയായില്ലെങ്കില്‍ എല്ലാം കുളമായി എന്നാണല്ലോ. അപ്പോള്‍ പിന്നെ മലയാളി സാന്‍ഡ് വിച്ച് ഉണ്ടാക്കിയാലുണ്ടാകുന്ന പുകില്‍ പറയണോ.. തിരക്കഥയെഴുതിയ രതീഷ് സുകുമാരന്‍ ദയവായി സാന്‍ഡ് വിച്ച് ഉണ്ടാക്കാതെ മറ്റേതെങ്കിലും ഐറ്റം പരീക്ഷിക്കാന്‍ അപേക്ഷ.

(സിനിമയുടെ റേറ്റിംഗ്- ബിലോ ആവറേജ്)

Advertisement