മാമാങ്കത്തിന്റെ അവസാന ഘട്ട ചിത്രീകരണം നടക്കുന്നത് 20 ഏക്കറില്‍ സെറ്റിട്ട്; 10 കോടി ചെലവ്, രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍
Mollywood
മാമാങ്കത്തിന്റെ അവസാന ഘട്ട ചിത്രീകരണം നടക്കുന്നത് 20 ഏക്കറില്‍ സെറ്റിട്ട്; 10 കോടി ചെലവ്, രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th May 2019, 11:40 pm

മമ്മൂട്ടി നായകനാകുന്ന മാമാങ്കത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നു. മൂന്ന് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ അവസാന ഘട്ട ചിത്രീകരണം നടക്കുന്നത് 20 ഏക്കറില്‍ സെറ്റിട്ടാണ്.

ചിത്രത്തിലെ യുദ്ധ രംഗമാണ് ഭീമന്‍ സെറ്റില്‍ ചിത്രീകരിക്കുന്നത്. അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തില്‍ രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെട്ടൂരില്‍ ഇരുപത് ഏക്കര്‍ സ്ഥലത്താണ് നൂറുകണക്കിനു ജോലിക്കാര്‍ ചേര്‍ന്ന് പടുകൂറ്റന്‍ മാമാങ്ക ചന്തയും നിലപാട് തറയും പടനിലവും ഉള്‍പ്പെട്ട സെറ്റ് പടുത്തുയര്‍ത്തിയത്. പത്തുകോടിയാണ് ഇതിനു മാത്രമായി ചെലവ്.

ലൂസിഫര്‍ സിനിമയുടെ സെറ്റ് ഒരുക്കിയ ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസാണ് മാമാങ്കത്തിന്റേയും സെറ്റ് ഒരുക്കുന്നത്. കണ്ണൂര്‍, അതിരപ്പിള്ളി, വാഗമണ്‍, വരിക്കാശ്ശേരിമന, കളമശ്ശേരി എന്നിവിടങ്ങളിലെ ചിത്രീകരണം കഴിഞ്ഞാണ് നെട്ടൂരില്‍ അവസാന ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുന്നത്.

മാമാങ്ക പടയ്ക്കുവേണ്ടി ആയുധങ്ങള്‍ നിര്‍മിക്കാന്‍ ആയുധ നിര്‍മാണശാലയും ഇതിനൊപ്പം പ്രവര്‍ത്തിക്കുന്നു. 40 ദിവസത്തോളം ചിത്രീകരണമുണ്ടാകും. രാത്രികാല രംഗങ്ങളാണ് പൂര്‍ണമായും ചിത്രീകരിക്കുക.

17ാം നൂറ്റാണ്ടിലെ മാമാങ്ക കാലത്തെ കഥ പറയുന്ന ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചന്ദ്രോത് പണിക്കര്‍ എന്ന വേഷമാണ് ഉണ്ണി മുകുന്ദന്‍ കൈകാര്യം ചെയ്യുന്നത്. കനിഹ, അനു സിത്താര എന്നിവരാണ് നായികമാര്‍.

തരുന്‍ രാജ് അറോറ, പ്രാചി തെഹ്ലന്‍, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.