Administrator
Administrator
തിലകന്‍ മമ്മൂട്ടിയെക്കാള്‍ നല്ല കമ്യൂണിസ്റ്റാണ്
Administrator
Thursday 12th August 2010 1:36pm

മമ്മൂട്ടി ഒരു ചാനലിന്റെ തലപ്പത്തേക്ക് വന്നപ്പോഴാണ അതില്‍ രാഷ്ട്രീയം കലര്‍ന്നത്. അദ്ദേഹത്തിനൊരു ഇടതുപക്ഷ ചുവ കാണുകയായിരുന്നു. അദ്ദേഹമൊരു കമ്യൂണിസ്റ്റുകാരനാണോയെന്ന് കൃത്യമായി പറയാന്‍ എനിക്ക് അറിയില്ല. നിലനില്‍പ്പിന് വേണ്ടിയുള്ള കമ്യൂണിസമാണിത്. കറകളഞ്ഞ കമ്യൂണിസ്റ്റാണ് തിലകന്‍. ഇന്നും ദൈവമേ എന്ന് വിളിക്കാത്തയാളാണദ്ദേഹം. സിനിമയുടെ പൂജക്ക് പോലും അദ്ദേഹം വരാറില്ല. അലി അക്ബര്‍ സംസാരിക്കുന്നു.ഫേസ് ടു ഫേസ്/അലി അക്ബര്‍


(2010 ഓഗസ്റ്റ് 10 ന് അലി അക്ബറുമായി ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖം)

മലയാള സിനിമയില്‍ നടക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍  നമ്മോട് വിളിച്ചു പറയാന്‍ ശ്രമിച്ച നടനാണ് തിലകന്‍. ആ ധൈര്യത്തിന് തിലകന്‍ നല്‍കേണ്ടി വന്നത് തന്റെ അഭിനയജീവിതത്തിന്റെ ഒരു വലിയ ഭാഗം തന്നെയാണ്. സിനിമയില്‍ നിന്നും അദ്ദേഹത്തെ തൂത്തെറിയാന്‍ ചിലര്‍ ശ്രമിച്ചു. സീരിയല്‍ അഭിനയമെന്ന അവസാനത്തെ അത്താണിയും  നിഷേധിക്കാന്‍ അവര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആ ശ്രമത്തില്‍ അവര്‍ ഒരളവോളം വിജയുക്കുകയും ചെയ്തു. പക്ഷേ അത്തരം ശ്രമങ്ങള്‍ മലയാളി പ്രേക്ഷകന് നഷ്ടപ്പെടുത്തിയത് തിലകനിലെ അഭിനയപ്പെരുന്തച്ചനെയായിരുന്നു.  പകരം വെയ്ക്കാനാവാത്ത അതുല്യനടനെയായിരുന്നു.

Ads By Google

അങ്ങനെ മലയാളിക്ക് പൂര്‍ണ്ണമായി നഷ്ടമാകുമെന്ന് കരുതിയ ആ അതുല്യപ്രതിഭയെവച്ച് സിനിമ പിടിക്കാനുളള ശ്രമമാണ്  അലി അക്ബര്‍ എന്ന സംവിധായകന്‍ . സിനിമാ സംഘടനകളുടെയോ താരസംഘടനയുടെയോ വാലാകാതെ നട്ടെല്ലോടെ ‘അച്ഛന്‍’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. പരമ്പരാഗതമായ എല്ലാ സിനിമാ ശീലങ്ങളില്‍ നിന്നും വേറിട്ട ഒരിടപെടല്‍. എന്നാല്‍ അലി അക്ബറിന്റെ സ്വന്തം വീടുപോലും സിനിമാ മാഫിയകളാല്‍ ആക്രമിക്കപ്പെട്ടു. എന്ത് ആക്രമണങ്ങള്‍ നേരിടേണ്ടിവന്നാലും ചങ്കില്‍ ജീവനുണ്ടെങ്കില്‍ തിലകനെ വെളളിത്തിരയില്‍ മലയാളി കാണും. നെഞ്ചുറപ്പോടെ അലി അക്ബര്‍ പറയുന്നു.

ആക്രമണം റിപ്പോര്‍ട്ട് ചെയ്യാന്‍ കോഴിക്കോട്ടെ ചേവരമ്പലത്തെ വീട്ടിലെത്തിയ ഞങ്ങളോട് അലി അക്ബര്‍  മനസ്സുതുറന്നു. സിനിമയെക്കുറിച്ചും സിനിമാ രംഗത്തെ മാഫിയയെകളെക്കുറിച്ചും അലി അക്ബര്‍  കെ മുഹമ്മദ് ഷഹീദുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ നിന്ന്….…

സിനിമയെക്കുറിച്ച് പറഞ്ഞ് തുടങ്ങാം.  അതാണ് നല്ലത്. 2002ന് ശേഷം ചെറിയ ഗ്രൂപ്പ് സംവിധായകരുടെ സിനിമകള്‍ കാര്യമായി ഇറങ്ങിയിട്ടില്ല. അത് സ്വാഭാവികമായും ചെറിയ ഗ്രൂപ്പുകളെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. അങ്ങിനെയാണ് പ്രശ്‌നം തുടങ്ങുന്നത്. ജോഷി, മമ്മൂട്ടി, തുടങ്ങിയവര്‍ ഇരിക്കുന്ന ഒരു ഗ്രൂപ്പില്‍ ഒരു ചെറിയ ആള്‍ എഴുന്നേറ്റ് നിന്ന് അഭിപ്രായം പറഞ്ഞാല്‍ അവരുടെ ജോലി പോകുമോ എന്നുള്ള പേടിയാണ്.

മമ്മൂട്ടിയും മോഹന്‍ലാലുമിരിക്കുന്ന ഒരു യോഗത്തില്‍ ഇന്ദ്രന്‍സ് സംസാരിക്കുമെന്ന് തോന്നുന്നുണ്ടോ?. സംസാരിച്ചാല്‍ എന്തായിരിക്കും സ്ഥിതി?

കേരളത്തില്‍ സിനിമാ മേഖലയില്‍ ആയിരത്തിലധികം തൊഴിലാളികളുണ്ടെന്നാണ് പറയുന്നത്. അതില്‍ 100 തൊഴിലാളികള്‍ക്കെങ്കിലും ജോലിയുണ്ടോയെന്ന് സംശയമാണ്. തൊള്ളായിരത്തിലധികം പേര്‍ വെറുതെയിരിക്കുകയാണ്. ഞങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാത്തതിനെക്കുറിച്ച് ചോദിക്കാന്‍ പോലും അവര്‍ക്ക് ഭയമാണ്. വലിയ ഗ്രൂപ്പിനെ അവര്‍ എന്തുമാത്രം ഭയപ്പെടുന്നുണ്ടെന്ന് അപ്പോള്‍ മനസിലാകും. ഹിറ്റ്‌ലറെയൊക്കെ ഭയപ്പെടുന്നത് പോലെയാണ് സംഘടനയെ തൊഴിലാളികള്‍ ഭയപ്പെടുന്നത്. ഇവിടെ ചെറിയവന് സിനിമയെടുക്കാന്‍ പാടില്ല.

വിനയന്റെ കയ്യില്‍ നിന്നും യൂനിയനെ പിടിച്ചെടുക്കാനുള്ള പരിപാടിയായിരുന്നു ബി ഉണ്ണികൃഷ്ണനെ പോലുള്ള ചിലര്‍ക്ക്. ഒരു കാലത്ത് സിബി മലയിലിനെ മാക്ടയുടെ തലപ്പത്ത് എത്തിക്കാന്‍ ശ്രമിച്ച ആളാണ് ഞാന്‍. അന്ന് 24 മണിക്കൂറിനകം ഈ വലിയ ഗ്രൂപ്പ് സിബി മലയിലിന്റെ കയ്യും കാലും വെട്ടുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വീടിന് കാവലിരുന്നത് ഞങ്ങളൊക്കെയാണ്. അങ്ങിനെ കൊണ്ട് വന്ന സംഘടനയാണിത്. സിബി മലയിലും വിനയനും കൂടിയായിരുന്നു അന്ന് മാക്ടയുടെ തലപ്പത്ത്. വലിയ സംവിധായകരുടെയും താരങ്ങളുടെയും ഒരു ഗ്രൂപ്പ് സിനിമയെ എന്നും പിടിച്ചടക്കാന്‍ ശ്രമിച്ചിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

Advertisement