Administrator
Administrator
ജയന്‍; മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മായ്ക്കാന്‍ കഴിയാത്ത ഓര്‍മ്മ
Administrator
Tuesday 16th November 2010 9:12am

മലയാളസിനിമയില്‍ കോളിളക്കം സൃഷ്ടിച്ച ജയന്‍ കടന്നുപോയിട്ട് 30 വര്‍ഷം തികയുന്നു.1980 നവംബര്‍ 16 ന് ‘കോളിളക്കം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലായിരുന്നു ജയന്റെ അന്ത്യം.

1939 ജൂലായില്‍ കൊല്ലം തേവള്ളി പൊന്നയ്യന്‍ വീട്ടില്‍ മാധവന്‍ പിള്ള ഭാരതിയമ്മ ദമ്പതികളുടെ മകനായ കൃഷ്ണന്‍ നായര്‍, സിനിമയില്‍ വന്നപ്പോള്‍ ജയന്‍ എന്ന പേര്‍ സ്വീകരിച്ചു. പിന്നീടു ള്ളതെല്ലാം ഒരു സിനിമാ ക്കഥ പോലെ, ജയന്‍ മലയാള സിനിമയുടെ ചരിത്ര ത്തിന്റെ ഭാഗമായി മാറുകയായിരുന്നു…!

മലയാള സിനിമയില്‍ തന്റേതായ ഒരു ശൈലികൊണ്ടുവന്ന ജയന്‍ അക്കാലത്തെ സിനിമാ പ്രേക്ഷകര്‍ക്ക്, പ്രധാനമായും യുവജനങ്ങള്‍ക്ക് ഹരമായി തീര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ഗാംഭീര്യമുള്ള ശബ്ദവും, ഒരു പ്രത്യേകരീതിയിലുള്ള സംഭാഷണശൈലിയും, വ്യത്യസ്ഥത പുലര്‍ത്തുന്ന ആംഗ്യങ്ങളും, വശ്യതയാര്‍ന്ന ചിരിയും സാഹസിക രംഗങ്ങളും ഇതിന് ആക്കം കൂട്ടി. സിനിമയില്‍ സംഘട്ടനരംഗങ്ങള്‍ക്ക് പ്രാധാന്യം കൈവന്നത് ജയന്റെകാലത്തായിരുന്നു.

ജേസിയുടെ ‘ശാപ മോക്ഷം’ (1974)എന്ന സിനിമയിലൂടെ യാണ് ജയന്‍ സിനിമയില്‍ സജീവമാകുന്നത്. അതിനു മുന്‍പ് ‘പോസ്റ്റു മാനെ കാണാനില്ല’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.

ഹരിഹരന്‍ സംവിധാനം ചെയ്ത ‘ശര പഞ്ജരം’ (1979)എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് ജയന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഒരു ജയന്‍ തരംഗം കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.തുടര്‍ന്ന് പഞ്ചമി, മൂര്‍ഖന്‍, ബെന്‍സ് വാസു, അവനോ അതോ അവളോ, വേനലില്‍ ഒരു മഴ, ഏതോ ഒരു സ്വപ്നം തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ജയന്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു.

നിത്യ ഹരിത നായക നായിരുന്ന പ്രേം നസീറിനോടൊപ്പം പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തതോടെ ജയന്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയാ യിരുന്നു. നായാട്ട്, ഇത്തിക്കര പക്കി, കരി പുരണ്ട ജീവിതങ്ങള്‍, പാലാട്ട് കുഞ്ഞി ക്കണ്ണന്‍, തച്ചോളി അമ്പു, മാമാങ്കം, ഇരുമ്പഴികള്‍, ചന്ദ്രഹാസം എന്നിവ അതില്‍ ചിലതു മാത്രം. ശക്തി, ദീപം, മനുഷ്യ മ്യഗം, കാന്ത വലയം, പുതിയ വെളിച്ചം, തടവറ, ഇടിമുഴക്കം, കരിമ്പന, അന്തപ്പുരം, മീന്‍, അങ്ങാടി എന്നീ സിനിമകള്‍ ജയനെ താരമാക്കി മാറ്റി. പ്രമുഖരായ എല്ലാ സംവിധായകരുടേയും ചിത്രങ്ങളില്‍ ജയന്‍ സഹകരിച്ചു.

മലയാള സിനിമയ്ക്ക് മാത്രമല്ല മലയാളികള്‍ക്ക് മൊത്തം ഞെട്ടലുണ്ടാക്കിയതായിരുന്നു ജയന്റെ മരണം. പല സിനിമകളുടേയും പ്രവര്‍ത്തനം നിലച്ച മട്ടിലായിരുന്നു.

ജയന്‍ മരിച്ചശേഷം ജയന്റെ രൂപസാദൃശ്യ മുള്ള പലരും അഭിനയരംഗത്തേക്കു വന്നെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടില്ല. ‘കാഹളം’ എന്ന സിനിമയില്‍, ജയന്റെ വേഷ വിധാനങ്ങളോടെ ഒരു രംഗത്തു പ്രത്യക്ഷപ്പെട്ടിരുന്ന തിരുവനന്തപുരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ, ജയന്റെ ആരാധകര്‍ സഹര്‍ഷം സ്വീകരിച്ചു. പിന്നീട് ‘ഭീമന്‍’ എന്ന സിനിമയിലെ നായകന്‍ ആയി അഭിനയിച്ചു പ്രശസ്തനായ രഘു ആയിരുന്നു ആ പോലീസ് ഓഫീസര്‍. സൂര്യന്‍ എന്ന സിനിമയില്‍ ജയന്റെ സഹോദരന്‍ നായകനായി വന്നു. പക്ഷെ അദ്ദേഹവും പിന്നീട് രംഗം വിടുകയായിരുന്നു. ചുരുക്കത്തില്‍ ജയനു പകരമാവാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നതു തന്നെ.

ജയന്റെ മരണ ശേഷം പുറത്തിറങ്ങിയ ജയന്‍ സിനിമകളെല്ലാം വന്‍ ഹിറ്റുകള്‍ ആയി. ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട ജയന്‍ മരിച്ചിട്ടില്ല എന്നും, പ്ലാസ്റ്റിക് സര്‍ജറിക്കായി അമേരിക്കയിലേക്ക് കൊണ്ടു പോയിരിക്കയാണെന്നും വാര്‍ത്ത പരന്നിരുന്നു.ജയന്‍ മരിച്ചിട്ടില്ല, ജയന്‍ അമേരിക്കയില്‍, ജയന്‍ തിരിച്ചു വരും തുടങ്ങിയ പേരുകളില്‍ ജയന്റെ ആരാധകരെ ലക്ഷ്യം വെച്ച് പല പുസ്തകങ്ങളും അക്കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതൊക്കെ ചൂടപ്പം പോലെ വിറ്റുപോയി.

ജയന്റെ ശവ ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയും അപകട രംഗങ്ങളും, പൂര്‍ത്തിയാക്കാത്ത സിനിമകളിലെ രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് പിന്നീട് റിലീസ് ചെയ്ത പല സിനിമകളും പണം വാരിയത് .

തമിഴ് സിനിമയിലും ജയന്‍ അഭിനയിച്ചിരുന്നു (പൂട്ടാത്ത പൂട്ടുകള്‍). പിന്നീട് ‘ഗര്‍ജ്ജനം’ എന്ന സിനിമയില്‍ അഭിനയിച്ചു എങ്കിലും ഇത് പൂര്‍ത്തിയാക്കാനായില്ല. ഇതിലെ ഒരു ഗാന രംഗവും, സംഘട്ടന രംഗവും ഈസിനിമ പുറത്തിറ ങ്ങിയപ്പോള്‍ ഉള്‍ക്കൊള്ളിച്ചു. രജനീകാന്ത് ആയിരുന്നു ഈ സിനിമയിലെ നായകന്‍.

ഇപ്പോള്‍ ജയന്‍ ജീവിച്ചിരുന്നെങ്കില്‍ എഴുപത്തിയൊന്ന് വയസ്സുണ്ടാകുമായിരുന്നു. ജയന്‍ പോയിട്ട് മൂന്നുപതിറ്റാണ്ടുകള്‍ കഴിഞ്ഞു. ഇപ്പോളും മലയാളി യുവത്വം അദ്ദേത്തിന്റെ വേഷവിധാനങ്ങളും ഡയലോഗുകളും സംഭാഷണശൈലിയും അനുകരിക്കുന്നത് നിര്‍ത്തിയിട്ടില്ല. ജയന്‍ മരിച്ചിട്ടും ഇന്നും ജീവിക്കുന്നുണ്ടെന്നര്‍ത്ഥം. ഒരുപക്ഷേ മലയാള സിനിമയില്‍ ജയനുമാത്രമേ ഈ അംഗീകരം നേടാന്‍ കഴിഞ്ഞിട്ടുണ്ടാവൂ.

Advertisement