Administrator
Administrator
നൊബേല്‍ വാങ്ങിക്കാതെ പോയ സ്‌റ്റെയിന്‍മാന്‍
Administrator
Friday 7th October 2011 3:47pm

ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണതാണ് ഭൂഗുരുത്വാകര്‍ഷണം എന്ന വലിയ കണ്ടെത്തലിലെത്തിയത്. അത് പിന്നീട് ന്യൂട്ടനെ ലോകപ്രശസ്തനാക്കി. സ്‌റ്റെയിന്‍് മാന്റെ പാന്‍ക്രിയാസിന് ക്യാന്‍സര്‍ പിടിപെട്ടതാണ് പ്രതിരോധ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കാവുന്ന ഡെന്‍ട്രിക് സെല്ലുകളെ കണ്ടെത്തിയതിന് പിന്നില്‍. അത് അദ്ദേഹത്തെ നൊബേല്‍ പുരസ്‌കാര ജേതാവാക്കുകയും ചെയ്തു.

സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി ഒരു ജീവന്‍ മരണ പരീക്ഷണം. അതാണ് സ്‌റ്റെയിന്‍സ്മാന്‍ നടത്തിയത്. അതുകൊണ്ടുതന്നെ കോശങ്ങളിലും, മൃഗങ്ങളിലും പരീക്ഷിച്ച് ബോധ്യപ്പെട്ടശേഷം മനുഷ്യനില്‍ എന്ന പരമ്പരാഗത രീതി പിന്‍തുടരാനുള്ള സമയമൊന്നും അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നില്ല. ഒരോ നിമിഷം വൈകുന്തോറും രോഗം തന്നെ കാര്‍ന്നുതിന്നുകയാണെന്ന തിരിച്ചറിവ് അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പരീക്ഷണ വസ്തു സ്വന്തം ശരീരം തന്നെയായിരുന്നു.

റോക്ക് ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് രോഗം പിടിപ്പെട്ടത്. ആ യൂണിവേഴ്‌സിറ്റിയിലെ പരീക്ഷണശാല തന്റെ ജീവിതത്തിന്റെ പരീക്ഷണശാലയാക്കാന്‍ സ്‌റ്റെയിന്‍സ് തീരുമാനിച്ചു. അത്യാധുനിക സൗകര്യങ്ങളെല്ലാം അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. ആസമയത്ത് റോക്ക് ഫെല്ലര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ പരസ്യമായ രഹസ്യമായിരുന്നു സ്‌റ്റെയിന്‍സ്മാന്റെ പരീക്ഷണങ്ങള്‍.

ശരീരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ട്യൂമറില്‍ നിന്നും ഒരു ഭാഗം അദ്ദേഹം മുറിച്ചെടുത്തു. സര്‍ജന്റെ കണ്ണുകളില്‍ നിന്നും രക്ഷപ്പെട്ട് ഒളിഞ്ഞുകിടക്കുന്ന ട്യൂമര്‍ കോശങ്ങളെ തിരിച്ചറിയാന്‍ പ്രതിരോധ കോശങ്ങളെ പരിശീലിപ്പിക്കുകയാണ് പിന്നീട് ചെയ്തത്. ആ പരീക്ഷണങ്ങള്‍ക്കിടെയാണ് ഡെന്‍ട്രല്‍ കോശങ്ങളെ അദ്ദേഹം കണ്ടെത്തിയത്.

1973ല്‍ തന്റെ സഹായി സാന്‍വില്‍ കോനിനൊപ്പം സ്‌റ്റെയിന്‍മാന്‍ പ്രതിരോധ വ്യവസ്ഥയില്‍ താന്‍ കണ്ടെത്തിയ പുതിയകോശങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള തന്റെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ആ കോശങ്ങളെ അദ്ദേഹം ഡെന്‍ട്രിക് സെല്‍ എന്നു വിളിച്ചു. പല പുതിയ കണ്ടെത്തലകള്‍ക്കും ലഭിച്ചതുപോലെ വളരെ യാഥാസ്ഥിതികമായ ഒരു വരവേല്‍പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. തന്റെ കണ്ടെത്തലുകള്‍ക്ക് ശാസ്ത്രലോകത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി ഒരു ദശാബ്ദക്കാലം ഇമ്മ്യുണോളജിസ്റ്റുകള്‍ക്ക് മുമ്പില്‍ അദ്ദേഹത്തിന് പൊരുതേണ്ടിവന്നു.

സസ്തനികളുടെ പ്രതിരോധ വ്യവസ്ഥയുടെ കാവല്‍ കോശങ്ങളാണ് ഡെന്‍ട്രിക് കോശങ്ങള്‍. തങ്ങള്‍ക്കിഷ്ടമല്ലാത്ത എന്തെങ്കിലും കാണുമ്പോള്‍ ഡെന്‍ട്രിക് സെല്‍ അതിനോട് യുദ്ധം ചെയ്യും. നുഴഞ്ഞുകയറ്റക്കാരെ തടയാന്‍ വേണ്ടി അവ ഒരു ആന്റിജന്‍ ഉല്പാദിപ്പിക്കും. ഈ ആന്റിജന്‍ പ്രതിരോധ വ്യവസ്ഥയുടെ സംരക്ഷകരായ ബി സെല്‍സിനും ടി സെല്‍സിനും കൈമാറും. ഇവ നുഴഞ്ഞുകയറിയ വസ്തുവിന്റെ സ്വഭാവം അനുസരിച്ച അതിനെ നശിപ്പിക്കാനുള്ള ആയുധങ്ങള്‍ തയ്യാറാക്കും. ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാന്‍ തന്റെ ഡെന്‍ട്രിക് കോശങ്ങളെ യോഗ്യരാക്കി അതുവഴി ബിസെല്ലുകളെയും ടി സെല്ലുകളെയും ഊര്‍ജസ്വലരാക്കാനാണ് സ്‌റ്റെയിന്‍മാന്‍ ശ്രമിച്ചത്.

നിര്‍ഭാഗ്യമെന്നു പറയട്ടെ ഡെന്‍ട്രല്‍ കോശങ്ങളെ ഉപയോഗിച്ച് തന്റെ ശരീരത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന ക്യാന്‍സറിനെ നശിപ്പിക്കുന്നതിനുള്ള സ്‌റ്റെയിന്‍മാന്റെ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു. പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ അദ്ദേഹം മരണത്തിനു കീഴടങ്ങി.

കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡെന്‍ട്രിക് കോശങ്ങളെക്കുറിച്ചുള്ള പഠനം പല പരീക്ഷണശാലകളിലേക്കും വ്യാപിച്ചു. ഇതിനെ ഉപയോഗിച്ച് ക്യാന്‍സറിനും, എച്ച.ഐ.വിക്കും ഭീതിപ്പെടുത്തുന്ന മറ്റു രോഗങ്ങള്‍ക്കുമെതിരെ എങ്ങനെ പൊരുതാം എല്ലാവരുടേയും പരിശ്രമം. സ്‌റ്റെയിന്‍മാന്‍ തോറ്റിടത്ത് മറ്റാരെങ്കിലും വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അപ്പോഴും വിജയിക്കുന്നത് സ്‌റ്റെയിന്‍മാന്‍ തന്നെയായിരിക്കും.

Advertisement