Administrator
Administrator
നിലയ്ക്കാത്ത മുരളീരവം
Administrator
Saturday 6th August 2011 5:24pm

നമുക്ക് മുന്നിലൂടെ കാലം കടന്നുപോകുകയാണ് എന്ന്് തോന്നുന്നത് പ്രായകൂടുമ്പോഴോ, ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുമ്പോഴോ അല്ല. മുമ്പേ നടന്നുപോയവരുടെ ഓര്‍മ്മകള്‍ മനസില്‍ പൊങ്ങിവരുന്ന വേളകളിലാണ് കാലത്തിന്റെ പോക്ക് നമ്മള്‍ തിരിച്ചറിയുന്നത്. ആ ഓര്‍മ്മകളില്‍ കണ്ണീരിന്റെ ഉപ്പുണ്ടാവാം, സ്‌നേഹത്തിന്റെ മധുരവും. അതുപോലൊരു ഓര്‍മ്മയാണ് മലയാളികള്‍ക്ക് മുരളി ബാക്കിവച്ചത്.

മുരളിയെന്നു പറയുമ്പോള്‍ നെറ്റിയിലൊരു ചന്ദക്കുറിയും, പണ്ടെങ്ങോ മുറിഞ്ഞതിന്റെ ഒരു പാടും, പരുക്കന്‍ ഭാവങ്ങളുമാണ് ഓര്‍മ്മകളില്‍ ആദ്യമെത്തുക. മുഖം മനസിന്റെ കണ്ണാടിയായിരിക്കാം. പക്ഷെ ഈ അതുല്യ നടന്റെ കാര്യത്തില്‍ ഇത് തെറ്റാണ്. എല്ലാവരോടും സ്‌നേഹത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന മുരളിയെ ഈ പരുക്കന്‍ ഭാവം മറയ്ക്കുകയാണ് ചെയ്തത്.

കൊല്ലം ജില്ലയിലെ കുടവട്ടൂരാണ് മുരളിയുടെ നാട്. സിനിമയും അവാര്‍ഡും, സ്ഥാനമാനങ്ങളും പേരിനു മോടികൂട്ടുന്നതിന് മുമ്പ് കുടവട്ടൂര്‍ മരളി എന്നറിയപ്പെട്ട ഒരു നാടന്‍ കലാകാരന്‍. നാടകത്തെയും പുസ്തകത്തെയും നാടിനെയും സ്‌നേഹിച്ച് ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്ന മുരളി. ആ മുരളി പച്ചയായ അഭിനയം കൊണ്ട് മലയാള സിനിമയുടെ കാരണവന്‍മാരില്‍ ഒരാളായി മാറിയത് പെട്ടെന്നായിരുന്നു.

നടനവൈഭവവും പ്രകടനത്തിലെ കരുത്തും ലാളിത്യവും കൊണ്ട് മുരളി വില്ലന്‍, നായക സങ്കല്പങ്ങളെ തിരുത്തിയെഴുതി. ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പക്ഷെ ആ ചിത്രം പുറത്തിറങ്ങിയില്ല. ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്‌നിയിലൂടെയാണ് മുരളി വെള്ളിത്തിരയിലെത്തുന്നത്. പഞ്ചാഗ്നി സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് മൂന്ന് പതിറ്റാണ്ടുകള്‍ സിനിമയെ സേവിച്ച ഈ നടന്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 250ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടു. നിയെത്ര ധന്യ, ചമ്പക്കുളം തച്ചന്‍, വെങ്കലം, വളയം, കാരുണ്യം, ധനം, കാണാക്കിനാവ്, ഗര്‍ഷോം, താലോലം, നെയ്ത്തുകാരന്‍ തുടങ്ങി മുരളി അനശ്വരമാക്കിയ ചിത്രങ്ങള്‍ ഒട്ടനവധിയാണ്.

അമരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആദ്യമായി മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. പിന്നീട് ആധാരത്തില്‍ മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ്. കാണാക്കിനാവ്, ഗര്‍ഷോം, താലോലം എന്നീ സിനിമകളിലും മുരളിയുടെ അഭിനയം അവാര്‍ഡ് ചൂടി. നെയ്ത്തുകാരനിലൂടെ അത്യപൂര്‍വ്വ അഭിനയ ശൈലി പുറത്തെടുത്ത മുരളി ആ കഥാപാത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കര്‍ഹനായി. പ്രിയനന്ദനന്റെ പുലിജന്മത്തിലും മുരളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അപാരമായ ശബ്ദനിയന്ത്രണത്തിലൂടെയും മുരളി തന്റെ കഥാപാത്രങ്ങള്‍ക്കു മിഴിവു പകര്‍ന്നു.

നാടകത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം കൊണ്ടാണ് സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും സി.എന്‍ ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തില്‍ മുരളി അഭിനയിച്ചത്. ലങ്കാലക്ഷ്മിയിലെ രാവണനെ അനശ്വരമാക്കിയ മുരളി പ്രേക്ഷകരെ ശരിക്കും വിസ്മയിപ്പിച്ചുകളഞ്ഞു. നാടകത്തോടുള്ള ഈ സ്‌നേഹം മുരളി ശരിക്കും കാട്ടിത്തന്നത് സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി ഇരിക്കുമ്പോഴാണ്. 2008ല്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ വളരെ വ്യത്യസ്തമായി നാടകോല്‍സവം സംഘടിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പതിവില്‍ നിന്ന് വ്യത്യസ്തമായി ലാറ്റിന്‍ അമേരിക്കന്‍ നാടകങ്ങളായിരുന്നു അന്നത്തെ പ്രത്യേകത. നാടകങ്ങള്‍ തിരഞ്ഞെടുത്തതും മുരളി തന്നെ.

എഴുത്തുകാരന്‍ എന്ന നിലയ്ക്കും ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ ‘അഭിനേതാവും ആശാന്‍ കവിതയും’ എന്ന പുസ്തകത്തിന് സംഗീത നാടക അകാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ച മുരളി സജീവരാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ആ രംഗത്ത് ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

മുരളി സിനിമയെയും നാടകത്തെയും സാഹിത്യത്തെയും ഉപേക്ഷിച്ച് പോയി. എന്നാല്‍ ഇവയൊന്നും മുരളിയെ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ല.

Advertisement