മലപ്പുറം പോക്‌സോ കേസ്; പൊലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
Kerala News
മലപ്പുറം പോക്‌സോ കേസ്; പൊലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st August 2021, 5:56 pm

തിരുവനന്തപുരം: മലപ്പുറം പോക്‌സോ കേസില്‍ യുവാവിനെ പ്രതി ചേര്‍ത്ത സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.

പ്രായപൂര്‍ത്തിയാവാത്ത യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കുറ്റം ചുമത്തിയാണ് 18കാരനായ തിരൂരങ്ങാടി സ്വദേശി ശ്രീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ യുവാവ് ഡി.എന്‍.എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഡി.എന്‍.എ പരിശോധനയില്‍ യുവാവ് കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയതോടെ കോടതി ജാമ്യം അനുവദിച്ചു. വിഷയം നവമാധ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

യുവാവിനെ തെറ്റായി പ്രതി ചേര്‍ത്തതില്‍ അന്വേഷണം വേണമെന്നും രണ്ടാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നുമാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ തിരൂരങ്ങാടി സ്വദേശി ശ്രീനാഥ് 36 ദിവസം ജയിലില്‍ കിടന്നിരുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായതിന് പിന്നാലെ ശ്രീനാഥിനെ സ്വന്തം ജാമ്യത്തില്‍ പോക്സോ കോടതി വിട്ടയച്ചു.

ജയിലില്‍ നിന്നും പുറത്തുവന്ന ശ്രീനാഥ് പൊലീസ് കസ്റ്റഡിയില്‍ വെച്ച് തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു

പൊലീസ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയ ശ്രീനാഥ് പൊലീസ് മുഖത്തടിച്ചതിനെ തുടര്‍ന്ന് തന്റെ കേള്‍വി ശക്തിക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്നും ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Malappuram POCSO Case, Human Rights Commission files case against police