മലപ്പുറത്ത് വീട്ടമ്മയുടെ മരണം ചെള്ള് പനിമൂലമെന്ന് സ്ഥിരീകരണം
helth
മലപ്പുറത്ത് വീട്ടമ്മയുടെ മരണം ചെള്ള് പനിമൂലമെന്ന് സ്ഥിരീകരണം
ന്യൂസ് ഡെസ്‌ക്
Saturday, 25th May 2019, 10:53 pm

ചേലമ്പ്ര: മലപ്പുറം ചേലമ്പ്രയില്‍ വീട്ടമ്മ മരിച്ചത് ചെള്ള് പനി മൂലമെന്ന് സ്ഥിരീകരണം. ചെലമ്പ്ര സ്വദേശിനിയായ ഉഷയാണ് കഴിഞ്ഞ ദിവസം പനി മൂലം മരിച്ചത്.

കഴിഞ്ഞ 17ാം തിയ്യതിയാണ് ഉഷ പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തുടര്‍ന്ന് ഉഷയുടെ രക്തസാമ്പിള്‍ വിദ്ഗധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

2017 ലെ കണക്ക് പ്രകാരം 276 പേര്‍ക്കാണ് രോഗം പിടിപെട്ടത്. നാല് പേര്‍ ചെള്ള് പനി കാരണം മരണമടഞ്ഞിരുന്നു. ഒറെന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്.

ഒരിനം ടൈഫസ് പനിയാണിത്. എലികള്‍ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാല്‍ ഈ രോഗം പിടിപെടും.

കടിയേറ്റ ഭാഗത്ത് കറുപ്പുനിറം കാണും. കടിയേറ്റശേഷം പത്ത് പന്ത്രണ്ടു ദിവസങ്ങള്‍ കൊണ്ട് രോഗലക്ഷണങ്ങള്‍ പ്രകടമാകും. പനി, കടുത്ത തലവേദന, ശരീരത്തില്‍ പാടുകള്‍ കാണപ്പെടുക, വിറയല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങളില്‍ പ്രധാനം. തുടക്കത്തില്‍ത്തന്നെ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാവുകയും ചിലപ്പോള്‍ മരണം സംഭവിക്കുകയും ചെയ്യും

DoolNews Video