എഡിറ്റര്‍
എഡിറ്റര്‍
മലാല ഇനി കോടീശ്വരി : ആത്മകഥയുടെ പ്രസാധന അവകാശം 16 കോടി!
എഡിറ്റര്‍
Thursday 28th March 2013 1:16pm

ബെര്‍മിങ്ഹാം: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന് താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ പാക്കിസ്ഥാനി പെണ്‍കുട്ടി മലാല യൂസുഫ് സായുടെ ജീവിതകഥ പുസ്തകമാകുന്നു.

16 കോടി രൂപയ്ക്കാണ് ‘ഞാന്‍ മലാല’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പകര്‍പ്പവകാശം വിറ്റുപോയത്.

Ads By Google

ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ബ്രിട്ടനിലെ വെയ്ഡന്‍ഫെല്‍ഡ് ആന്റ് നിക്കോള്‍സന്‍, കോമണ്‍വെല്‍ത്ത്, ലിറ്റില്‍, ബ്രൗണ്‍ തുടങ്ങിയ പ്രസാധകരുമായി മാലാല ഒപ്പിട്ടു കഴിഞ്ഞു.ഈ വര്‍ഷം തന്നെ പുസ്തകം വിപണിയിലെത്തും.

ഞാന്‍ എന്റെ കഥ പറയുകയാണ്. പഠനം നിഷേധിക്കപ്പെടുന്ന ആറു കോടി കുട്ടികളുടെ കഥ കൂടിയാണിത്. എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിക്കാനുളള അവസരം നല്‍കണം എന്ന പ്രചാരണപരിപാടിയുടെ ഭാഗമാണ് ഞാന്‍.

അറിവ് നേടാന്‍ ഓരോ കുട്ടിക്കും അവകാശമുണ്ട്. അതിനുള്ള അവരുടെ അവകാശം നേടിക്കൊടുക്കാനുള്ള ശ്രമമാണ് ഇനി എന്റേത്. വിദ്യാഭ്യാസമെന്ന അവകാശം എല്ലാ കുട്ടികള്‍ക്കും ഉറപ്പുവരുത്താന്‍ പൊരുതുന്നവര്‍ക്കൊപ്പമാണ് ഞാന്‍. -മലാല പറയുന്നു.

‘അര്‍ധരാത്രിയില്‍ ജനിച്ച ഒരു രാജ്യത്തുനിന്നാണു ഞാന്‍ വരുന്നത്. പകലിന്റെ പകുതി കഴിഞ്ഞാണ് എന്റെ ശിരസില്‍ താലിബാന്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയത്്….’ഞാന്‍ മലാലയിലെ ചില വാചകങ്ങള്‍ ഇങ്ങനെയാണ്.

വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ 2012 ഒക്ടോബര്‍ 9നാണ് താലിബാന്‍ സംഘം മലാലയ്ക്കു നേരെ വെടിയുതിര്‍ത്തത്. ഇടതു കണ്ണിന്‍ മുകളില്‍ തറച്ച വെടിയുണ്ടയില്‍ നിന്ന് തലനാരിഴയ്ക്കാണ് മലാല രക്ഷപ്പെട്ടത്.

വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലാല ഫെബ്രുവരിയിലാണ് ആശുപത്രി വിട്ടത്. മലാല സ്‌കൂളില്‍ പോയി തുടങ്ങി.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്‍ നിലപാടിനെതിരെ 2009ല്‍ ബിബിസിയില്‍ ബ്ലോഗെഴുതിയാണ് മലാല വിദ്യാഭ്യാസ അവകാശ പോരാട്ടം തുടങ്ങിയത്. വ്യാജപ്പേരില്‍ എഴുതിയത് മലാലയാണെന്ന് തിരിച്ചറിഞ്ഞ ആ പെണ്‍കുട്ടിയെ കൊല്ലാന്‍ താലിബാന്‍ പദ്ധതിയിടുകയായിരുന്നു.

യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുള്‍പ്പെടെ ലോക നേതാക്കളുടെ അഭിനന്ദനമേറ്റുവാങ്ങിയ മലാലയെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

Advertisement