എഡിറ്റര്‍
എഡിറ്റര്‍
മലാലയെ ആക്രമിച്ചവരെ കുറിച്ച് സൂചന ലഭിച്ചതായി പാക്കിസ്ഥാന്‍; പിടികൂടുന്നവര്‍ക്ക് ഒബാമയുടെ പാരിതോഷികം
എഡിറ്റര്‍
Thursday 11th October 2012 11:09am

പെഷവാര്‍ : പാക്കിസ്ഥാനിലെ വിദ്യാഭ്യാസ സന്നദ്ധ പ്രവര്‍ത്തക മലാല യൂസഫ്‌സായിയെ വെടിവച്ച താലിബാന്‍കാരെ തിരിച്ചറിഞ്ഞതായി പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് അറിയിച്ചു.

അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നില്ല. വൈകാതെ തന്നെ ഇവര്‍ പിടയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

മലാലയെ തുടര്‍ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് അയക്കില്ലെന്നും റഹ്മാന്‍ മാലിക് പറഞ്ഞു.

അതേസമയം മലാലയെ ആക്രമിച്ച താലിബാന്‍ തീവ്രവാദികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ് പ്രസിഡന്റ് ബാരക് ഒബാമ പാരിതോഷികം പ്രഖ്യാപിച്ചു.

ഒരു ലക്ഷം യു.എസ് ഡോളറാണ് പാരിതോഷികം. പാക് പ്രവിശ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയ്ക്ക് പുറമേയാണിത്. കൂടാതെ, യു.എസില്‍ വിദഗ്ധ ചികിത്സയ്ക്കുള്ള സഹായവും വൈറ്റ് ഹൗസ് വക്താവ് ജെയ് കാര്‍ണി വാഗ്ദാനം ചെയ്തിട്ടുണ്ട്.

മലാലയെ ആക്രമിച്ച നടപടി നിന്ദ്യവഹവും വെറുപ്പുളവാക്കുന്നതുമാണെന്ന് ഒബാമ പരാമര്‍ശിച്ചതായും വൈറ്റ് ഹൗസ് വെളിപ്പെടുത്തി. കുട്ടികള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപരിഷ്‌കൃതമാണ്. യു.എസ് ജനതയുടെ മനസ്സ് എപ്പോഴും മലാലയ്‌ക്കൊപ്പമുണ്ടെന്നും ഒബാമ പറഞ്ഞു.

സ്വാത്തിലെ താലിബാന്‍ ഭരണത്തിന്റെ ഭീകരതകളെക്കുറിച്ച് പുറംലോകത്തെയറിയിച്ച മലാലയ്ക്കും ഒപ്പമുണ്ടായിരുന്ന രണ്ടു കുട്ടികള്‍ക്കും ചൊവ്വാഴ്ചയാണ് വെടിയേറ്റത്.

സ്വാത് താഴ്‌വരയിലെ മിംഗോറയിലെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മലാലയ്ക്ക് നേരേ ആക്രമണമുണ്ടായത്.

കുട്ടിയെ രാത്രി സൈനിക ഹെലികോപ്റ്ററില്‍ പെഷവാറിലെ ആസ്പത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. മലാലയ്‌ക്കൊപ്പം വെടിയേറ്റ കുട്ടികളില്‍ ഒരാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. മറ്റൊരു കുട്ടി അപകടനില തരണം ചെയ്തു.

സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും മലാല ഡയറി എഴുതിയിരുന്നു. ഇത് 2009ല്‍ ബി.ബി.സി. പ്രസിദ്ധീകരിച്ചതോടെയാണ് മലാല അന്താരാഷ്ട്ര ശ്രദ്ധനേടിയത്.

Advertisement