വാലിബന്‍ വരാര്‍; പിറന്നാള്‍ ദിനത്തില്‍ കാത്തിരുന്ന അപ്‌ഡേഷന്‍; വാലിബന്‍ വീഡിയോ
Film News
വാലിബന്‍ വരാര്‍; പിറന്നാള്‍ ദിനത്തില്‍ കാത്തിരുന്ന അപ്‌ഡേഷന്‍; വാലിബന്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st May 2023, 3:35 pm

മോഹന്‍ലാല്‍ 63ാം പിറന്നാള്‍ ആഘോഷിക്കുന്ന ദിനത്തില്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരുന്നത് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്‌ഡേഷന് വേണ്ടിയാണ്. താരങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രങ്ങളുടെ അപ്‌ഡേഷനുകള്‍ പുറത്ത് വിടുന്നത് ഇപ്പോള്‍ സാധാരണമാണ്.

പ്രതീക്ഷകള്‍ വാനോളമുയരുന്ന മോഹന്‍ലാലിന്റെ പുതിയ ലൈനപ്പിലുള്ള ചിത്രങ്ങളില്‍ ഏറ്റവും ആവേശം പകരുന്നത് മലൈക്കോട്ടൈ വാലിബന്റെ അപ്‌ഡേഷന്‍ തന്നെയായിരിക്കും. അവസാനം കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് അപ്‌ഡേഷന്‍ എത്തിയിരിക്കുകയാണ്. വാലിബന്റെ ഗ്ലിംപ്സാണ് പുറത്ത് വിട്ടിരിക്കുന്നത്.

പഴയ ജയന്‍ ചിത്രങ്ങളുടെ ബാക്ക് ഗ്രൗണ്ട് മൂസിക്കിനെ ഓര്‍മിപ്പിക്കും വിധമുള്ള സംഗീതമാണ് വീഡിയോയില്‍ പശ്ചാത്തലമായി കേള്‍ക്കുന്നത്. വടംവലിക്കുപയോഗിക്കുന്ന ഭീമന്‍ കയര്‍ വലിക്കുന്നതില്‍ നിന്നുമാണ് വീഡിയോ തുടങ്ങുന്നത്. ആഴ്ന്നുകിടക്കുന്ന പൂഴി പറപ്പിച്ച് വായുവിലേക്ക് ഉയര്‍ന്ന് പൊങ്ങുന്ന കയറിന്റെ ഒരറ്റത്ത് പിന്നീട് കാണുന്നത് മോഹന്‍ലാലിനെയാണ്.

നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ പോസിലാണ് മോഹന്‍ലാല്‍ വീഡിയോയില്‍ നില്‍ക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവിന് ഷിബു ബേബി ജോണിനൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രം ഇന്ന് രാവിലെ പുറത്ത് വന്നപ്പോള്‍ തന്നെ ആരാധകര്‍ ഇന്ന് എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചിരുന്നു.

കുടുമി കെട്ടി, കയ്യില്‍ പച്ച കുത്തിയ മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. ഷിബു ബേബി ജോണും ഒപ്പമുണ്ട്. ”തലങ്ങള്‍ മാറിവന്ന ഒരു ആത്മബന്ധം. മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍ എത്തിനില്‍ക്കുന്നു. ഹാപ്പി ബര്‍ത്ത് ഡെ ലാലു” എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഷിബു ബേബി ജോണ്‍ കുറിച്ചത്.

ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജിന്റെ എമ്പുരാന്‍ എന്നിവയും പ്രേക്ഷകര്‍ പ്രതീക്ഷ വെക്കുന്ന ചിത്രങ്ങളാണ്. ഇതുകൂടാതെ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബാറോസും ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: malaikottai valiban glimpse video