മലബാറിലെ മുസ്‌ലിങ്ങളെ 'പോത്തിറച്ചി'യില്‍ നിന്ന് വിലക്കിയവര്‍
Discourse
മലബാറിലെ മുസ്‌ലിങ്ങളെ 'പോത്തിറച്ചി'യില്‍ നിന്ന് വിലക്കിയവര്‍
താഹ മാടായി
Tuesday, 27th October 2020, 7:39 pm

മലയാളികളുടെ വംശ ചരിത്രത്തില്‍ നിര്‍ദ്ദയമായ ഒരു ഉന്മൂലനം നടന്നത് ഞങ്ങളുടെ നാട്ടിലാണ്. കാലം ഏറെ കടന്നു പോയിട്ടും ചരിത്രം, കടലിന്റെ അടിത്തട്ടില്‍ നിന്നുയര്‍ന്നു കേള്‍ക്കുന്ന രോദനമായി അറിയുന്നുണ്ട്. അത്, പക്ഷെ, മറവിയുടെ ചരിത്രവുമാണ്.

ബാല്യത്തില്‍, പുതിയങ്ങാടി ഞങ്ങളില്‍ നിറയുന്നത് കടപ്പുറം ആണ്ടു നേര്‍ച്ചയുടെ ദിവസങ്ങളിലാണ്. നേര്‍ച്ചകള്‍ പ്രധാനമായും നടക്കുക റബീഉല്‍ അവ്വല്‍ മാസത്തിലാണ്. നബിദിനാഘോഷം, മധുരത്തിന്റെയും മൗലൂദിന്റെയും ഓര്‍മ്മകളാണ്. പ്രവാചകന്‍ ഞങ്ങള്‍ക്ക് ‘മുത്തു നബി’യാണ്. കരുണയുടെ നബി. സുന്നി വീടുകളില്‍ ആ ദിവസങ്ങളില്‍ മന്‍ഖൂസ് മൗലൂദ് ആവര്‍ത്തിച്ച് പാരായണം ചെയ്തു. ഒരു തലയണയില്‍ മൗലൂദ് കിത്താബ് വെച്ച്, പൂഴി നിറച്ച ഗ്ലാസില്‍ ഊദ് തിരി കത്തിച്ചു വെച്ചാണ് ഈ നേര്‍ച്ച.

റബീഉല്‍ അവ്വല്‍ മാസത്തില്‍ നെയ്‌ച്ചോറും പോത്തിറച്ചിയും വിതരണം ചെയ്യുന്ന പളളികള്‍ക്ക് മുന്നിലെ നീണ്ട ക്യൂവില്‍ മുസ്‌ലിം വംശസ്മൃതിയുടെ ഒരു നീണ്ട കാലമുണ്ട്. ബഹുസ്വര സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്ന മുസ്‌ലിം കാലമാണ് ആ ക്യൂ. നെയ്‌ച്ചോര്‍ രുചിക്കു വേണ്ടി ഒരു ജനത നില്‍ക്കുന്ന ക്യൂ, കൊറോണയുടെ കാലത്ത് മറ്റു പല കൂട്ടായ്മകള്‍ പോലെയും റദ്ദായി.

ജമാഅത്തെ ഇസ്‌ലാമിയാണ് ഞങ്ങളുടെ നാട്ടില്‍ ആദ്യമായി നേര്‍ച്ചകള്‍ക്കെതിരെ പ്രസംഗിച്ചു തുടങ്ങിയത്. ആ കാലത്ത് ഒരു ജമാഅത്തെ ഇസ്‌ലാമി പ്രബോധകന്‍ പറഞ്ഞത് ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും ഓര്‍മയിലുണ്ട്: ‘നേര്‍ച്ചയിലെ പോത്തിറച്ചിയും നെയ്‌ച്ചോറും തിന്നുന്ന മുസ്‌ലിം സ്വന്തം വയറില്‍ അഗ്‌നിയാണ് നിറക്കുന്നത്! ജാഹിലിയ്യ കാലത്തെ കൗമാണ് (ജനത)യാണ് അവര്‍!’

‘ബീഫ്’ രാഷ്ട്രീയം മലബാര്‍ മുസ്‌ലിങ്ങള്‍ ആദ്യം അറിയുന്നത്, സംഘപരിവാറിലൂടെയല്ല, ജമാഅത്തെ ഇസ്‌ലാമിയിലൂടെയും സലഫികളിലൂടെയുമാണ്. ഒരു ജനതയുടെ പ്രാദേശിക ജീവിത ശൈലിയോടൊപ്പം രൂപപ്പെട്ട ‘നേര്‍ച്ച സംസ്‌കാര’ത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമിയും സലഫികളും (മുജാഹിദ് പ്രസ്ഥാനം) വലിയ പ്രചാരണം തന്നെ സംഘടിപ്പിച്ചു.

പ്രാദേശികമായി രൂപപ്പെട്ട നേര്‍ച്ചകള്‍ പോലെയുള്ള സാമുദായിക പ്രതീകങ്ങളെ (Symbol system) ഉന്മൂലനം ചെയ്യാന്‍ അവര്‍ മുന്നില്‍ നിന്നു. ഇ സ്‌ലാമുമായി ബന്ധപ്പെട്ട പ്രതീകങ്ങളും നേര്‍ച്ചയും ബീഫും മുസ്‌ലിം മതമൗലികവാദികള്‍ക്ക് ‘കണ്ണിലെ കരടാ’യി. 1992 ഡിസംബര്‍ 6ന് തീവ്ര ഹിന്ദുത്വ വാദികള്‍ ബാബരി മസ്ജിദ് പൊളിച്ചു. എന്നാല്‍, അതിനു മുമ്പേ, ഇസ്‌ലാമിന്റെ ‘നേര്‍ച്ചകള്‍’ പോലെയുള്ള പ്രതീകങ്ങളെ മുസ്‌ലിം മതമൗലിക വാദികള്‍ തകര്‍ത്തു തുടങ്ങിയിരുന്നു. (ആഗോളതലത്തില്‍ അതെങ്ങനെ നടന്നു എന്ന വിശദമായ വിശകലനം വേറൊരു വിഷയമാണ്).

താഹ മാടായി എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

പൗരാണിക കാലം മുതല്‍ ഇവിടെ നിലനിന്നിരുന്ന ‘മൈത്രി’യുടെ ആഘോഷങ്ങളായിരുന്നു, നേര്‍ച്ചകള്‍. മുസ്‌ലിം മതമൗലിക സംഘടനകള്‍ ‘ശുദ്ധമായ മതാത്മകത’യിലൂടെ മൈത്രിയുടെ പ്രാദേശിക അനുഭവങ്ങള്‍ക്കെതിരെ നിലയുറപ്പിച്ചു എന്നതാണ് എടുത്തു പറയേണ്ടത്. നേര്‍ച്ചകളിലെ ക്യൂവില്‍ ‘ആണ്‍/പെണ്‍നിര’കാണാം.

പാപ്പിനിശ്ശേരി കാട്ടിലെപ്പളളി മൂന്നു പെറ്റുമ്മ ഉറൂസിന് ഒഴുകി വരുന്നത് പല ‘ദേശ’ങ്ങളാണ്. കൂട്ടായ്മയുടെ സഞ്ചാര ജനാധിപത്യം അവിടെ ഒഴുകിപ്പരക്കുന്നത് കാണാം. സ്ത്രീയും പുരുഷനും അവിടെ ഇടകലര്‍ന്നു നടക്കുന്നു. നേര്‍ച്ച നടക്കുന്ന ഇടത്തെ ‘ചന്ത’കള്‍ ‘സാമൂഹ്യ ബന്ധങ്ങളുടെ (Civil relation) ഒരു ഭൂമികയാണ്.

ഈ ബഹുസ്വര ഭൂമിക മതമൗലികവാദ പ്രസ്ഥാനങ്ങളെ പ്രകോപിപ്പിക്കുന്ന ജനാധിപത്യ തുറവിയാണ്. പിന്നീട് ഈ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനങ്ങളില്‍ സ്ത്രീകള്‍ മാത്രമല്ല, കുഞ്ഞുങ്ങളെ ഉറക്കാന്‍ ‘ഊഞ്ഞാല്‍’ വരെ കെട്ടിയിരുന്നു. പക്ഷെ, ‘പര്‍ദ്ദയിട്ട’സ്ത്രീകള്‍! പ്രസ്ഥാനം സ്വയം നിര്‍മ്മിച്ച ‘നിയന്ത്രിത സംവിധാന’ത്തില്‍ അവര്‍ ഇരുന്നു. മുസ്‌ലിങ്ങള്‍ പുലര്‍ത്തിയ Civil Relation, പ്രസ്ഥാനങ്ങള്‍ വരുന്നതോടെ ‘മതത്തിനകത്ത് പരിപോഷിപ്പിക്കേണ്ട സാംസ്‌കാരിക ബന്ധങ്ങളായി ‘ഒരു വൃത്തത്തിലൊതുക്കി. വ്യാജ നിര്‍മ്മിതമായ ആത്മസംഘര്‍ഷത്തിലേക്ക് ഈ പ്രസ്ഥാനിക ചുരുക്കിക്കെട്ടല്‍ പലരേയും തള്ളി വിട്ടു.

‘സുന്നികളെ പ്രാകൃത മുസ്‌ലി’ങ്ങളായി അവതരിപ്പിച്ചും ‘സെക്കുലര്‍’ മുസ്‌ലിങ്ങളെ ‘മുസ്‌ലിം നാമധാരികളാ’യി വിശേഷിപ്പിച്ചും (മുസ്‌ലിം നാമധാരികളായ എം.എന്‍ കാരശ്ശേരി, ഹമീദ് ചേന്നമംഗല്ലൂര്‍, താഹ മാടായി – ആ ലൈന്‍) പൊതു മുസ്‌ലിം എന്നു പറയുന്നത് അടച്ചിട്ട മുറിയിലാണ്. പുറമേ, ‘മുസ്ലിം നാമധാരി’ എന്നേ പറയൂ.

താഹ മാടായി

വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏകദേശം 25 വര്‍ഷം മുമ്പ്, ഈ ലേഖകന്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് എഴുതിയ വിമര്‍ശന ലേഖനത്തിന് പ്രബോധനത്തില്‍ എ.ആര്‍ നല്‍കിയ മറുപടി തുടങ്ങുന്നത് ഇങ്ങനെയാണ്: ‘മുസ്‌ലിം നാമധാരിയായ താഹ മാടായി എഴുതിയ..) മതമൗലിക പ്രസ്ഥാനങ്ങള്‍ ‘ഇസ്‌ലാമിസ്റ്റ് സംസ്‌കാരം’ എന്ന നിലയില്‍ പ്രാദേശിക മുസ്‌ലിം പ്രതീകങ്ങള്‍ക്കെതിരെ നിലയുറപ്പിച്ചു. ‘മുസ്‌ലിം’ വേറെ, ‘ഇസ്‌ലാമിസ്റ്റ്’ വേറെ. മതമൗലികവാദത്തിന്റെ മുസ്‌ലിം വേര്‍ഷനാണ് ഇസ്ലാമിസ്റ്റ്! മതത്തിന്റെ പേരില്‍ പേറുന്ന വ്യാജ പ്രതീതികളെയും ആത്മസംഘര്‍ഷങ്ങളെയും ദൂരെയെറിഞ്ഞവരുടെ ഒരു നീണ്ട ചരിത്രം മലയാളി മാപ്പിളമാര്‍ക്കുണ്ട്.

ഓര്‍മയിലേക്ക് തന്നെ മടങ്ങാം:

പല ലോക മനുഷ്യര്‍ വന്നിറങ്ങിയ നാട് കൂടിയാണ്, മാടായി. അങ്ങനെ കടല്‍ കടന്നു വന്നവരില്‍ ചിലര്‍, മാടായിപ്പാറയില്‍ അഭയം കണ്ടെത്തി. ഞങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മകളില്‍, ആണ്ടിലൊരിക്കല്‍, ശിഹാബ് തങ്ങള്‍ വന്ന് കടലില്‍ മീനെറിയുന്ന ഒരു ചടങ്ങുണ്ട്. അന്നും തുടര്‍ന്നുള്ള ചില ദിവസങ്ങളിലും മത്സ്യ ബന്ധനത്തിന് ആരും കടലില്‍ പോകില്ല. കടല്‍ വറുതിക്ക് ശമനം കിട്ടാനും സമൃദ്ധമായ മത്സ്യ പ്രജനനത്തിനുമാണ് തങ്ങളുടെ വരവ്. ശിഹാബ് തങ്ങള്‍ക്ക് ശേഷം, മക്കളാണ് ആ ചടങ്ങ് നിര്‍വ്വഹിക്കുന്നത്. ഓരോ ഗ്രാമജനതയും ഇങ്ങനെ പ്രാദേശികമായ ചില വിശ്വാസങ്ങളിലൂടെ ‘അനന്തത, ആഴം, ഉയരം’ എന്നീ പ്രതിഭാസങ്ങളെ തൊടാന്‍ ശ്രമിക്കുന്നു. നേര്‍ച്ചകളില്‍ അഗാധമായ ഒരു മൈത്രി സ്പന്ദിക്കുന്നു.

എന്നാല്‍, ചരിത്രം, ഏറെ വേദനാജനകമായ ഒരു വംശഹത്യ ഈ കടലില്‍ തിരകളോടൊപ്പം വരികയും പിന്‍വാങ്ങുകയും ചെയ്യുന്ന ഓര്‍മകള്‍ പോലെ രേഖപ്പെടുത്തി. വില്യം ലോഗന്റെ പ്രശസ്തമായ മലബാര്‍ മാന്വലില്‍, ‘മറാബിയ’ ഉള്‍ക്കടലില്‍ വെച്ചു നടന്ന ഒരു മനുഷ്യക്കുരുതിയെക്കുറിച്ചു പറയുന്നുണ്ട്.

വാസ്‌കോഡി ഗാമയെ ‘മനുഷ്യ രൂപം ധരിച്ച പിശാച്’ എന്നാണ്, ഈ സംഭവം വിവരിക്കുമ്പോള്‍ വില്യം ലോഗന്‍ വിശേഷിപ്പിക്കുന്നത്. കോഴിക്കോട് വ്യാപാരിയായ കാജാ കാസിമിന്റെ സഹോദരന്റെ കപ്പലാണ് ഗാമ അഗ്‌നിക്കിരയാക്കിയത്. മക്കയില്‍ നിന്ന് തീര്‍ഥാടനം കഴിഞ്ഞു വരികയായിരുന്ന ആ കപ്പലിലെ മുഴുവന്‍ പേരെയും കുന്തങ്ങള്‍ കൊണ്ട് എറിഞ്ഞു വീഴ്ത്തി.

കുഞ്ഞുങ്ങളെയും സ്ത്രീകളെയും ആരെയും വെറുതെ വിട്ടില്ല. മുസ്‌ലിം വിരുദ്ധത ചോരയില്‍ കലര്‍ന്ന ഗാമ, വംശഹത്യയുടെ ലോക കപ്പിത്താന്‍ കൂടിയായിരുന്നല്ലോ. കടലില്‍ നടന്ന ഈ കുരുതി പോര്‍ച്ചുഗീസ് അധിനിവേശത്തെക്കുറിച്ചെഴുതപ്പെട്ട മിക്കവാറും ചരിത്ര കൃതികളിലുമുണ്ട്.

കപ്പല്‍ കുരുതി നടന്ന ‘മറാബിയ’ മാടായി ആണ്. കടലിലെ അത്ഭുത കഥകള്‍ കേള്‍ക്കുന്ന ഞങ്ങളുടെ നാട്ടിലെ പുതു തലമുറയ്ക്ക് ഈ കുരുതിക്കഥ അറിയുമോ എന്നറിയില്ല. അന്ന് കടലില്‍ വീണു മരിച്ചവരുടെ പിന്‍തലമുറ ഇന്നും എണ്ണമറ്റ മനുഷ്യരുമായി ഏതെല്ലാമോ കടലുകളില്‍ ആണ്.

അതിര്‍ത്തികള്‍ക്കിടയില്‍ ജീവനുമായി നിരാശ്രയരായി കിട്ടിയ തോണികളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. കൊറോണ കാലത്ത് എല്ലാവരും ഒരേ തോണിയില്‍ ആണെന്നു പറയുമ്പോഴും, അതിര്‍ത്തികള്‍ക്കിടയില്‍ പലായനം സംഭവിച്ചുകൊണ്ടിരിക്കുന്നു. ചരിത്രം, മിക്കവാറും, സെലക്ടീവായ ഓര്‍മകള്‍ക്ക് ‘മാസ്‌കി’ടുന്നു. (‘മറാബിയ’ കുരുതി നമ്മള്‍ സാമൂഹ്യപാഠ ക്ലാസുകളില്‍ പഠിച്ചിട്ടില്ലല്ലൊ). ആ കുരുതി എങ്ങനെ വേദനിപ്പിക്കുന്നുവോ, അത്ര ആഴത്തില്‍, പാരീസിലെ ചരിത്രാധ്യാപകന്റെ കുരുതിയും ആധുനിക മനുഷ്യനെ ആഴത്തില്‍ വേദനിപ്പിക്കേണ്ടതാണ്.

ആദിമ കാലത്തു തന്നെ പല ലോകങ്ങളിലെ മനുഷ്യര്‍ കുടിയേറിയ നാടാണ്, മാടായി. ‘കടലില്‍ നിന്ന് മണ്ണ് കയറി നിരപ്പായ ഇടം എന്ന അര്‍ഥം കൂടി ‘മാട്’ എന്നതിനുണ്ട്. സമാധാന പ്രിയരായ ഒരുപാട് സൂഫികളും ഔലിയാക്കളും നടന്നു പോയ സ്ഥലം. ‘Mad’ ആയി എന്ന് പറയാവുന്ന വിധം, തലയില്‍ നിലാവുദിച്ച ഉന്‍മാദികളുടെയും നാട്.

ബഹുസ്വര ജനാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന ‘മുസ്‌ലിം നാമധാരി’കളെ തെറി വിളിക്കാനും പൊങ്കാലയിടാനും ‘സാത്വികരും സൗമ്യരുമായ മനുഷ്യര്‍’ മുന്നോട്ട് വന്നതില്‍ ഏറെ സന്തോഷമുണ്ട്. മുസ്‌ലിം മതമൗലിക സൈബര്‍ ഭാഷയും സംഘികളുടെ ഭാഷയും ഒന്നിനൊന്നു മെച്ചമാണ്. ഈ അസഹിഷ്ണുതയുടെ വക്താക്കളാണ്, നമ്മെ ‘ജനാധിപത്യത്തെ’ കുറിച്ച് ഓര്‍മിപ്പിക്കാന്‍ ബാഗും തൂക്കി വരുന്നത്. എങ്കിലും, വിമര്‍ശകരെ ചേര്‍ത്തു പിടിക്കുന്നു.

സ്‌നേഹത്തെക്കുറിച്ചാണ് ഇനി നാം സംസാരിക്കേണ്ടത്.

കലയിലായാലും ജീവിതത്തിലായാലുംവ്യാജമായി നിര്‍മ്മിക്കപ്പെടുന്ന ‘ആത്മ സംഘര്‍ഷങ്ങള്‍’ മലബാര്‍ മുസ്‌ലിം സാമുദായിക ചരിത്രത്തെ ലോകത്തിന് മുന്നില്‍ വ്യാജമായ ദൃശ്യപാഠമായിട്ടാണ് അവതരിക്കപ്പെടുക. ഇറാന്‍ പോലെയോ താലിബാന്‍ പോലെയോ ചലച്ചിത്ര നിര്‍മ്മിതികള്‍ തടയപ്പെടുന്ന സാഹചര്യം ഒരിക്കലും ഇവിടെയുണ്ടായിട്ടില്ല. സാമുദായിക / മതാത്മക വിലക്കുകള്‍ പ്രായോഗികമായും, സര്‍ഗാത്മകമായും ഏറിയ കാലം മുമ്പേ മറികടന്ന പാരമ്പര്യം മലയാളി മുസ്‌ലിങ്ങള്‍ക്കുണ്ട്. മറിച്ചുള്ള അവതരണങ്ങള്‍, ഒരു കെട്ടുകഥയാണ്.

പ്രിയപ്പെട്ട സക്കരിയ്യ, എന്നെങ്കിലും നമ്മള്‍ നേരില്‍ കാണുകയാണെങ്കില്‍, ‘സുഡാനി ഫ്രം നൈജീരിയ’ എന്ന മലയാളത്തിലെ മികച്ച ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ താങ്കളുടെ കയ്യില്‍ ഉമ്മ വെക്കും. ഇതൊരു ഭംഗിവാക്കല്ല. എന്നാല്‍, അസഹിഷ്ണുതയുടെ ഭാഷ സ്വീകരിക്കുന്ന ഫാന്‍സുകാരില്‍ നിന്ന് സര്‍ഗാത്മകതയുടെ ദൈവം താങ്കളെ രക്ഷിക്കട്ടെ. പ്രസ്ഥാന ഫാന്‍സുകാരുടെ കാവലിനേക്കാള്‍, ആപല്‍ക്കരമായ ഒരു കാവല്‍ വേറെയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താഹ മാടായി
എഴുത്തുകാരന്‍