എഡിറ്റര്‍
എഡിറ്റര്‍
‘ഞാന്‍ മൈക്ക് വച്ച് ഹിന്ദുക്കളെ ഉണരൂ എന്ന് കവല പ്രസംഗം നടത്തിയോ?’; സഖാക്കളേ ഉണരൂ എന്നു പറഞ്ഞാലും യുദ്ധാഹ്വാനമല്ലേയെന്നും മേജര്‍ രവി
എഡിറ്റര്‍
Saturday 11th November 2017 7:55pm

കൊച്ചി: വിവാദ ഓഡിയോ ക്ലിപ്പില്‍ വിശദീകരണവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. താന്‍ പറഞ്ഞത് ഇത്ര പ്രശ്‌നമാക്കാന്‍ മാത്രം എന്താണുള്ളതെന്നും താന്‍ പറഞ്ഞതില്‍ എന്ത് വര്‍ഗ്ഗീയതയാണുള്ളതെന്നും മേജര്‍ രവി ചോദിക്കുന്നു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേജര്‍ രവിയുടെ വിശദീകരണം. സഖാക്കളേ ഉണരൂ എന്നു പറഞ്ഞാലും യുദ്ധാഹ്വാനമല്ലേയെന്നും മേജര്‍ രവി ചോദിക്കുന്നു.

‘സര്‍ക്കാര്‍ ചെയ്യുന്ന പല കാര്യങ്ങളെയും ഞാന്‍ പിന്തുണച്ചിട്ടുണ്ട്. എതിര്‍ത്തിട്ടുമുണ്ട്. ദേവസ്വം ബോര്‍ഡ് അതായത് സര്‍ക്കാര്‍ ഒരമ്പലം ഏറ്റെടുത്തു. അതിലെന്താണ് തെറ്റ്. സംഘാടകര്‍ തമ്മിലൊരു അടി നടന്നിട്ട് അത് കോടതിക്ക് കീഴില്‍ വരികയും കോടതി അത് ദേവസ്വം ബോര്‍ഡിന് വിട്ടു കൊടുക്കുകയും ചെയ്താല്‍ അതാണ് ശരി. അതിനെ ബലമായി പിടിച്ചെടുത്തു എന്ന രീതിയില്‍ വളച്ചൊടിക്കേണ്ട ആവശ്യമെന്താണ്.’ മേജര്‍ രവി പറയുന്നു.

‘പക്ഷെ രാഷ്ട്രീയമായി കൂട്ടിച്ചേര്‍ത്തു നടക്കുന്ന സംഘടിതമായ ആശയപ്രചാരണങ്ങള്‍ ഏതു മതസ്ഥരെ ആയാലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇന്ന് കണ്ടുവരുന്നത്. അത്തരം കാര്യങ്ങള്‍ക്കാണ് ഞാന്‍ എതിരു നില്‍ക്കുന്നത്. ഹിന്ദുക്കള്‍ ഉണരൂ എന്ന് മേജര്‍ രവി പറഞ്ഞപ്പോള്‍ വലിയ പുകിലായി. എന്നിട്ടെല്ലാവരും ഉണര്‍ന്നുവോ. എന്തിനായിരുന്നു ഈ ഭീകരമായ സാഹചര്യം സൃഷ്ടിച്ചത്.’ അദ്ദേഹം പറയുന്നു.

‘ ഞാന്‍ മൈക്ക് വച്ച് ഹിന്ദുക്കളെ ഉണരുവിന്‍ എന്ന രീതിയില്‍ കവല പ്രസംഗം നടത്തിയോ? അങ്ങനെയാണെകില്‍ സഖാക്കളേ സംഘടിക്കുവിന്‍ എന്ന പോലത്തെ പാട്ടുകള്‍ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ടല്ലോ? അതൊക്കെ യുദ്ധാഹ്വാനങ്ങള്‍ തന്നെ അല്ലെ?.’ എന്നും അദ്ദേഹം ചോദിക്കുന്നു.


Also Read: ‘ഗബ്ബര്‍ സിംഗ് ടാക്‌സിനെ ജി.എസ്.ടി ആക്കും വരെ പോരാട്ടം തുടരും’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി


ഹിന്ദുക്കളോട് ഉണരണമെന്ന് ആഹ്വാനം ചെയ്യുന്ന മേജര്‍ രവിയുടെ ഓഡിയോ ക്ലീപ്പ് വൈറലാവുകയും വിവാദമാവുകയുമായിരുന്നു. ഈ സംഭവത്തിലാണ് മേജര്‍ രവി ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

‘ഒരു വര്‍ഷം മുന്‍പ് ടി.വി ചാനല്‍ അവതാരകയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ല. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു.’ എന്നായിരുന്നു മേജര്‍ രവിയുടെ ഓഡിയോ ക്ലിപ്പിലെ വാക്കുകള്‍.

നാളെ വീട്ടിലും കയറും എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്ത് മാത്രമേ താനും പുറത്തിറങ്ങൂ ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ എന്നതല്ല നമ്മുടേതെന്ന് കണ്ട് ശക്തരാകണം. അല്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Advertisement