ഈ കുരങ്ങന്മാര്‍ക്കിടയില്‍ മമതയൊരു ഒറ്റയാള്‍ സിംഹം; മഹാപ്രഭു മോദി പ്രസംഗിക്കുമ്പോള്‍ ആരാധകര്‍ ജയ് ശ്രീറാം വിളിച്ചില്ലല്ലോയെന്നും മഹുവ മൊയ്ത്ര
national news
ഈ കുരങ്ങന്മാര്‍ക്കിടയില്‍ മമതയൊരു ഒറ്റയാള്‍ സിംഹം; മഹാപ്രഭു മോദി പ്രസംഗിക്കുമ്പോള്‍ ആരാധകര്‍ ജയ് ശ്രീറാം വിളിച്ചില്ലല്ലോയെന്നും മഹുവ മൊയ്ത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th January 2021, 12:38 pm

കൊല്‍ക്കത്ത: പൊതുചടങ്ങില്‍ ജയ് ശ്രീറാം വിളിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കാതിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അഭിനന്ദിച്ചും മോദി അനുനായികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. ട്വീറ്റുകളിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

‘രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു: മഹാപ്രഭുവും രക്ഷകനുമായ ശ്രീ മോദി നേതാജിയുടെ ചടങ്ങില്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരാരും ജയ് ശ്രീറാം വിളിക്കാത്തതെന്താ?

മുഖ്യമന്ത്രി മമതാ ദീ സംസാരിക്കുമ്പോള്‍ മാത്രം ആ മുറവിളി ഉയരാന്‍ കാരണമെന്താണ് ?’ മഹുവയുടെ ട്വീറ്റില്‍ ചോദിക്കുന്നു. ഭരണഘടനക്ക് ജയ് വിളിച്ചുകൊണ്ടാണ് ഈ ട്വീറ്റ് അവസാനിക്കുന്നത്.

ജയ് ശ്രീറാം വിളിയില്‍ പ്രതിഷേധിച്ച് പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോന്ന മമതാ ബാനര്‍ജിയുടെ നടപടിയെ അഭിനന്ദിച്ചുകൊണ്ടായിരുന്ന മഹുവയുടെ അടുത്ത ട്വീറ്റ്. മമതാ ദീയുടെ ടീമിന്റെ ഭാഗമായതില്‍ ഇത്രയും അഭിമാനം തോന്നിയ മറ്റൊരു നിമിഷമുണ്ടായിട്ടില്ലെന്ന് മഹുവ പറഞ്ഞു. ഈ കുരങ്ങന്മാര്‍ക്കിടയില്‍ മമതയൊരു ഒറ്റയാള്‍ സിംഹമാണെന്നും മഹുവ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ വെച്ച് നടന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷിക ചടങ്ങില്‍ വെച്ചായിരുന്നു ജയ് ശ്രീറാം വിളിയും മമതയുടെ പ്രതിഷേധവും നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനുണ്ടായിരുന്നു.

മമത പ്രസംഗിക്കാന്‍ ഡയസിലേക്ക് എത്തിയ സമയത്ത് സദസ്സിലെ ഒരു വിഭാഗം ആളുകള്‍ ജയ് ശ്രീറാം വിളി മുഴക്കുകയായിരുന്നു. തുടര്‍ന്ന മമത സംഭവത്തില്‍ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

‘ഇത് ഒരു സര്‍ക്കാര്‍ ചടങ്ങാണ്, അല്ലാതെ രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയല്ല. ഇതിന് ഒരു അന്തസ്സ് വേണം. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കരുത്. ഞാന്‍ ഇനിയൊന്നും സംസാരിക്കില്ല. ജയ് ബംഗ്ലാ, ജയ് ഹിന്ദ്.’ മമത ബാനര്‍ജി പറഞ്ഞു. തുടര്‍ന്ന് ചടങ്ങില്‍ നിന്നും മമത ബാനര്‍ജി ഇറങ്ങിപ്പോകുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mahua Moitra slams BJP in Jai Shree Ram Kolkata inicident, congratulates Mamata Banerjee