എഡിറ്റര്‍
എഡിറ്റര്‍
ആശുപത്രിയില്‍ ജിഷ്ണുവിന്റെ അമ്മയും അമ്മാവനും നിരാഹാരം ആരംഭിച്ചു; അമ്മ വരുന്നത് വരെ വീട്ടില്‍ നിരാഹാരമിരിക്കുമെന്ന് സഹോദരിയും
എഡിറ്റര്‍
Thursday 6th April 2017 8:36am

 

തിരുവനന്തപുരം: പൊലീസ് അതിക്രമത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും നിരാഹാരം ആരംഭിച്ചു. അമ്മ മടങ്ങി വരുന്നതുവരെ വീട്ടില്‍ നിരാഹാരമിരിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും വ്യക്തമാക്കി.


Also read ബീഫിനു പിന്നാലെ ജീന്‍സിനും വിലക്കിട്ട് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍


പൊലീസ് നടപടിയില്‍ പരുക്കേറ്റ മഹിജയും ശ്രീജിത്തും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. മകന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ഓഫീസിനു മുന്നില്‍ നിരാഹാര സമരത്തിനെത്തിയപ്പോഴായിരുന്നു പൊലീസ് ഇവരെ നീക്കം ചെയ്തത്. ആശുപത്രിയില്‍ സമരം തുടരാനാണ് തീരുമാനമെന്ന് മഹിജ പറഞ്ഞു

സര്‍ക്കാറിനെതിരെ അല്ല പൊലീസിനെതിരെയാണ് തന്റെ സമരമെന്നും ജിഷ്ണുവിന് നീതി ലഭിക്കുവരെ സമരം തുടരുമെന്നും മഹിജ മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിനെതിരെയല്ല തങ്ങളുടെ സമരമെന്ന് ജിഷ്ണുവിന്റെ അനുജത്തി അവിഷ്ണയും പറഞ്ഞു.

അമ്മ എപ്പോഴാണ് മടങ്ങിയെത്തുക എന്നറിയില്ലെന്നും അമ്മ വരുന്നതുവരെ വീട്ടില്‍ നിരാഹാരമിരിക്കാനാണ് തന്റെ തീരുമാമനെന്നും അവിഷ്ണ പ്രതികരിച്ചു.

ഇന്നലെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്റു കോളേജ് പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസിലായിരുന്നു സഞ്ജിത്തിനെ ചോദ്യം ചെയ്തത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് പി.ആര്‍.ഒ സഞ്ജിത്ത് എന്നിവരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. അതേസമയം കേസിലെ മറ്റു മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്. ജാമ്യം ലഭിക്കാത്ത ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ ഇവരെ അറസ്റ്റ് ചെയ്യുമെന്നും സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടു കെട്ടുമെന്നുമുള്ള ഉറപ്പിനെത്തുടര്‍ന്നായിരുന്നു 27ന് നിശ്ചയിച്ചിരുന്ന സമരം മാറ്റിവച്ചത്.

ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുണ്ടായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

Advertisement