എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാരിന്റെ പത്ര പരസ്യത്തില്‍ വേദനയുണ്ട്; ദൃശ്യങ്ങള്‍ സത്യം പറയും: മഹിജ
എഡിറ്റര്‍
Saturday 8th April 2017 10:13am

 

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാര്‍ നടപടികള്‍ വിശദീകരിച്ച് നല്‍കിയ പത്രപരസ്യത്തില്‍ വേദനയുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. സര്‍ക്കാര്‍ തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് പരസ്യം നല്‍കിയതെന്നും ആശുപത്രിയില്‍ നിന്ന് മഹിജ മാധ്യമങ്ങളോട് പറഞ്ഞു.


Also read വിനായകന് ദേശീയ അവാര്‍ഡ് നഷ്ടമായത് വോട്ടെടുപ്പില്‍; അവാര്‍ഡ് കൈവിട്ടത് രണ്ടു വോട്ടിന് 


‘ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പിണറായി സാര്‍ ഇങ്ങനെ പറഞ്ഞല്ലോ എന്നതില്‍ സങ്കടമുണ്ട്. എല്ലാവരും തങ്ങളുടെ സങ്കടങ്ങള്‍ കാണുന്നുണ്ട് ജനങ്ങളും മാധ്യമങ്ങളുമെല്ലാം എന്നിട്ടും ഈ ഗവണ്‍മെന്റ് എന്തേ കാണുന്നില്ല ? ഇതുവരെ ഈ അമ്മയോട് ഫോണ്‍ ചെയ്ത് വരെ അന്വേഷിക്കാതെ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല’ മഹിജ മാതൃഭൂമി ന്യൂസില്‍ അവതാരകന്റെ ചോദ്യങ്ങളോട് പ്രതികരിച്ചു.

കേസിലുള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹരസമരത്തിനെത്തിയ കുടുംബത്തിനെതിരായ പൊലീസ് നടപടി വിവാദമായ സാഹചര്യത്തിലായിരുന്നു വിശദീകരണവുമായി സര്‍ക്കാരിന്റെ പത്ര പരസ്യം നല്‍കിയത്. ജിഷ്ണു കേസ് പ്രചരണമെന്ത്, സത്യമെന്ത് എന്ന പേരില്‍ പി.ആര്‍.ഡി വകുപ്പാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്.

ജിഷ്ണു കേസില്‍ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചരണങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും ഒരു വിട്ടുവീഴ്ചയുമില്ലാതെ കൃത്യമായി നടപടികള്‍ എടുത്തു നീങ്ങുകയാണ് സര്‍ക്കാര്‍ എന്നതാണ് സത്യമെന്നും പറയുന്ന പരസ്യത്തില്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്ന വാദങ്ങളാണ് നല്‍കിയിരിക്കുന്നത്.

മഹിജയെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് നടക്കുന്നതെന്നും ഇങ്ങിനെയൊന്നും നടന്നിട്ടില്ലെന്നും അവകാശപ്പെടുന്ന പരസ്യം പൊലീസുകാര്‍ അമ്മയെ എഴുനേല്‍പിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍ കാണിക്കുന്നതെന്നും അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനോട് പ്രതികരിച്ച മഹിജ ദൃശ്യങ്ങള്‍ സത്യം പറയുമെന്നായിരുന്നു പറഞ്ഞത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മഹിജയും സഹോദരവും നടത്തുന്ന നിരാഹാരസമരം നാലം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പരസ്യത്തിലൂടെ വാദങ്ങള്‍ ഉന്നയിച്ചത്.

Advertisement