നിവിന്‍ പോളി ചിത്രം മഹാവീര്യറുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
Film News
നിവിന്‍ പോളി ചിത്രം മഹാവീര്യറുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th June 2022, 4:27 pm

നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന മഹാവീര്യറുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 21ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് നിവിന്‍ പോളി ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ചിത്രത്തിന്റെ റിലീസിന് ആശംസകളുമായി പ്രേക്ഷകരും കമന്റ് ബോക്‌സിലെത്തുന്നുണ്ട്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ്മ -വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് നിവിന്‍ പോളിയും ആസിഫ് അലിയുമെത്തുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാവീര്യര്‍.

ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, കൃഷ്ണ പ്രസാദ്, സൂരജ് എസ്. കുറുപ്പ്, സുധീര്‍ കരമന, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു, പ്രജോദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പോളി ജൂനിയര്‍ പിക്ച്ചേഴ്സും ഇന്ത്യന്‍ മൂവി മേക്കേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്ര സംയോജനം -മനോജ്, ശബ്ദ മിശ്രണം -വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം -അനീസ് നാടോടി, വസ്ത്രാലങ്കാരം -ചന്ദ്രകാന്ത്, മെല്‍വി ജെ, ചമയം -ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം -ബേബി പണിക്കര്‍.

രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങിയ തുറമുഖമാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന നിവിന്‍ പോളിയുടെ മറ്റൊരു ചിത്രം. ചിത്രം ജൂണ്‍ പത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റി. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജിസ് ജോയിയുടെ സംവിധാനത്തിലെത്തിയ ഇന്നലെ വരെയാണ് ഒടുവില്‍ റിലീസ് ചെയ്ത ആസിഫ് അലിയുടെ ചിത്രം.

Content Highlight: mahaveeryar  is set to release on July 21