നിയമസഭാ സീറ്റുകളിലേയ്ക്ക് തെരഞ്ഞെടുപ്പ് വേണം; മഹാരാഷ്ട്രയില്‍ ഗവര്‍ണറുടെ നീക്കം ഉദ്ധവ് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടതിന് പിന്നാലെ
national news
നിയമസഭാ സീറ്റുകളിലേയ്ക്ക് തെരഞ്ഞെടുപ്പ് വേണം; മഹാരാഷ്ട്രയില്‍ ഗവര്‍ണറുടെ നീക്കം ഉദ്ധവ് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടതിന് പിന്നാലെ
ന്യൂസ് ഡെസ്‌ക്
Thursday, 30th April 2020, 10:00 pm

മുംബൈ: സംസ്ഥാനത്ത് രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ പുതിയ നീക്കവുമായി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ഒഴിവുള്ള ഒമ്പത് എം.എല്‍.സി സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോഷിയാരി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ നീക്കം.

സംസ്ഥാനത്തെ നിലവിലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പാനലിന് എഴുതിയ കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാനത്തിന്റെ വിഷയത്തില്‍ ഇടപെടാന്‍ താക്കറെ പ്രധാനമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സീറ്റിനെച്ചൊല്ലിയും ആശങ്കകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു ഇത്.

നവംബര്‍ 28നാണ് മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറേ അധികാരമേറ്റത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എയാവാതെയാണ് ഉദ്ദവ് മുഖ്യമന്ത്രിയായത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പ്രകാരം ഒരു മന്ത്രിയോ മുഖ്യമന്ത്രിയോ എം.എല്‍.എയല്ലാതെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെങ്കില്‍ ആറ് മാസത്തിനകം എം.എല്‍.എയാവേണ്ടതുണ്ട്. അല്ലെങ്കില്‍ സ്ഥാനം നഷ്ടമാവും. മെയ് 28നുള്ളില്‍ ആണ് ഉദ്ദവ് താക്കറേ എം.എല്‍.എയാവേണ്ടത്.

മഹാരാഷ്ട്രയില്‍ രണ്ട് സംവിധാനങ്ങളാണുള്ളത്. നിയമസഭയും നിയമ കൗണ്‍സിലും. മാര്‍ച്ച് 26ന് രാജ്യസഭ തെരഞ്ഞെടുപ്പിനോടൊപ്പം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലൂടെ എം.എല്‍.സിയായി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാമെന്നായിരുന്നു ഉദ്ദവ് താക്കറേയും ശിവസേനയും കരുതിയിരുന്നത്.

എന്നാല്‍ രാജ്യത്ത് കൊവിഡ് 19 വ്യാപനം നടന്നതോടെ തെരഞ്ഞെടുപ്പുകളെല്ലാം നീട്ടിവെച്ചു. അതോടെ ഉദ്ദവും ശിവസേനയും കരുതിവെച്ചിരുന്ന വഴി അടയുകയായിരുന്നു.

താക്കറെയെ ഗവര്‍ണറുടെ നോമിനിയായി നിയമിക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കോഷിയാരി നാമനിര്‍ദ്ദേശം സംബന്ധിച്ച തീരുമാനം നീക്കിവെക്കുകയായിരുന്നു.

രണ്ട് എന്‍.സി.പി നിയമസഭാംഗങ്ങള്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയ ഒഴിവുകളിലേക്ക് താക്കറെയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ കഴിയും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.